സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാന്‍ സെെന്യത്തിന്റെ പിന്തുണയുള്ള സംഘങ്ങള്‍ സിറിയയില്‍. ഇറാൻ സെെന്യത്തിന്റെ പിന്തുണയുള്ള ഇറാഖി ഹഷ്ദ് അൽ ഷാബി, കത്യാബ് ഹിസ്ബുള്ള, ഫത്തേമിയൂൺ ഉള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ അൽ ബുക്കാമൽ ക്രോസിങ്ങിന് സമീപമുള്ള സൈനിക പാതയിലൂടെ സിറിയയിലേക്ക് കടന്നതായി സെെനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനുള്ള നിരുപാധിക പിന്തുണ തുടരുമെന്ന് റഷ്യയും അറിയിച്ചു. സിറിയയിലെ നിലവിലെ സ്ഥിതികള്‍ വിലയിരുത്തി റഷ്യ എന്ത് തീരുമാനം കൈക്കൊള്ളണമെന്ന കാര്യം പരിഗണനയിലാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ‍്കോവ് പറഞ്ഞു. ഡമസ്‌കസില്‍ വിമതരുടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് മോസ്‌കോയിലേക്ക് പറന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം ഒരു ദശാബ്ദം മുമ്പ് സിറിയയില്‍ ആഭ്യന്തരയുദ്ധം ഉടലെടുത്തപ്പോഴും റഷ്യയുടെ ഇടപെടല്‍ അസദ് ഭരണകൂടത്തിന് അനുകൂലമായിരുന്നു.
അതിനിടെ, സെെന്യത്തെ പിന്തുണയ്ക്കാന്‍ ഇറാന്‍ പിന്തുണയുള്ള സെെന്യം സിറിയയിൽ പ്രവേശിച്ചു.
അതേസമയം, വടക്കുപടിഞ്ഞാറൻ സിറിയയിൽ നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബിൽ ഞായറാഴ്ച റഷ്യൻ, സിറിയൻ ജെറ്റുകൾ ആക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിമതർ കീഴടക്കിയ നിരവധി പട്ടണങ്ങൾ തിരിച്ചുപിടിച്ചതായും സൈന്യം അറിയിച്ചു. നാല് ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഇദ്‍ലിബിന്റെ മധ്യഭാഗത്തുള്ള തിരക്കേറിയ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്.
ദിവസങ്ങള്‍ക്ക് മുമ്പ് സിറിയയിലെ വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീല്‍ അല്‍ ഷാം അപ്രതീക്ഷിതമായാണ് അലപ്പോയില്‍ ആക്രമണം നടത്തിയത്. ആലപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും വിമത വിഭാഗം കൈക്കലാക്കിയിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെയാണ് വിമത സംഘടനയുടെ കലാപം. സിറിയ‑തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്ടിഎസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍ ഷാം.
സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ എല്ലാംതന്നെ എച്ച്ടിഎസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ശനിയാഴ്ച സിറിയന്‍ അധികൃതര്‍ ആലപ്പോ വിമാനത്താവളം അടച്ചുപൂട്ടുകയും എല്ലാ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.