
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തിയ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കെതിരെ മുൻ താരം ഇർഫാൻ പത്താൻ. രാജ്‌കോട്ടിലെ സ്വന്തം തട്ടകത്തിൽ പോലും താളം കണ്ടെത്താൻ ജഡേജ കഷ്ടപ്പെടുകയാണെന്ന് പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
‘മറുവശത്ത് കെ എൽ രാഹുൽ 90 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമ്പോൾ വെറും 60 സ്ട്രൈക്ക് റേറ്റിലായിരുന്നു ജഡേജയുടെ ഇന്നിങ്സ്. ഏകദിനത്തിൽ ജഡേജ ടെസ്റ്റ് കളിക്കുകയാണ്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ അദ്ദേഹം പൂർണമായും പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടായ രാജ്‌കോട്ടിൽ കുറഞ്ഞത് 80 സ്ട്രൈക്ക് റേറ്റിലെങ്കിലും ബാറ്റ് ചെയ്യാൻ ജഡേജയ്ക്ക് കഴിയണമായിരുന്നു’- പത്താൻ ചൂണ്ടിക്കാട്ടി. രണ്ടാം ഏകദിനത്തില്‍ 44 പന്തിൽ 27 റൺസെടുക്കാന്‍ മാത്രമാണ് ജഡേജയ്ക്ക് സാധിച്ചത്.
2020ൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്ക്കെതിരെ നേടിയതിന് ശേഷം ഏകദിന ക്രിക്കറ്റിൽ ഒരു അർധസെഞ്ചുറി പോലും ജഡേജയുടെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിക്കറ്റ് മാത്രമാണ് സമ്പാദ്യം. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് കളികളിലും വിക്കറ്റ് നേടാൻ അദ്ദേഹത്തിനായില്ല. ടെസ്റ്റിൽ കപിൽ ദേവിനു ശേഷമുള്ള മികച്ച ഓൾറൗണ്ടറായി ജഡേജയെ വാഴ്ത്തുമ്പോഴും ഏകദിനത്തിലെ പ്രകടനം നേരെ വിപരീതമാണ്’ പത്താൻ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.