
ലോകത്തെ ആദ്യത്തെ ഓപ്പറേഷണൽ ലേസർ വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ബീം’ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങി. ഇസ്രയേൽ പ്രതിരോധ മന്ത്രാലയവും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും സംയുക്തമായി വികസിപ്പിച്ച ഈ സംവിധാനം, ഇസ്രയേലിന്റെ ബഹുതല പ്രതിരോധ കവചത്തിലെ പുതിയ അംഗമാകും. നൂറ് കിലോവാട്ട് കരുത്തുള്ള ലേസർ രശ്മികൾ ഉപയോഗിച്ചാണ് അയണ്‍ ബീം ശത്രു മിസൈലുകളെയും ഡ്രോണുകളെയും തകർക്കുന്നത്. മിസൈലുകൾ ഉപയോഗിച്ച് മിസൈലുകളെ തകർക്കുന്ന പഴയ രീതിയിൽ നിന്നും ലേസർ പ്രകാശത്താൽ ശത്രുമിസൈലുകളെ നശിപ്പിക്കുന്ന രീതിയിലേക്കുള്ള മാറ്റമാണിത്. നിലവിലെ ‘അയൺ ഡോം’ സംവിധാനത്തിൽ ഒരു മിസൈലിനെ തകർക്കാൻ ഏകദേശം 30,000 മുതൽ 50,000 ഡോളർ വരെയാണ് ചെലവ്. എന്നാൽ അയൺ ബീം ഒരു തവണ ഉപയോഗിക്കുമ്പോൾ വെറും 5 മുതൽ 10 ഡോളർ വരെ (ഏകദേശം 850 രൂപ) മാത്രമേ ചെലവ് വരൂ. നിലവിൽ 10 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം, വരും വർഷങ്ങളിൽ കൂടുതൽ പരിധിയിലേക്ക് ഉയർത്താൻ ഇസ്രയേൽ ലക്ഷ്യമിടുന്നു.
ഗാസ യുദ്ധത്തിലും ഇറാനുമായുള്ള സംഘർഷത്തിലും ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോം സംവിധാനത്തെ പലപ്പോഴും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മിസൈലുകൾ മറികടന്നിരുന്നു. യെമനിലെ ഹൂത്തികൾ അയച്ച ഡ്രോണുകളും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും വലിയ നാശനഷ്ടങ്ങളാണ് ഇസ്രയേലിൽ ഉണ്ടാക്കിയത്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് കുറഞ്ഞ ചെലവിൽ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്ന അയൺ ബീം രംഗത്തെത്തുന്നത്.
അയൺ ഡോം (ഹ്രസ്വദൂര പ്രതിരോധം), ഡേവിഡ്സ് സ്ലിങ് (മധ്യദൂര പ്രതിരോധം), ആരോ (ദീർഘദൂര പ്രതിരോധം) എന്നീ സംവിധാനങ്ങൾക്കൊപ്പം ഇനി അയൺ ബീമും ചേരുന്നതോടെ ഇസ്രയേലിന്റെ ആകാശം കൂടുതൽ സുരക്ഷിതമാകുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. അമേരിക്ക നൽകിയ ‘താഡ്’ പ്രതിരോധ സംവിധാനവും നിലവിൽ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.