16 December 2025, Tuesday

പുഷ്പവതി സിനിമാ മേഖലയിലുള്ള ആളാണോ?സിനിമ എന്നാല്‍ പ്രഭാഷണമല്ലെന്ന് ശ്രീകുമാരന്‍ തമ്പി

Janayugom Webdesk
തിരുവനന്തപുരം
August 5, 2025 11:52 am

അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ചും ഗായിക പുഷ്പവതിയെ രൂക്ഷമായി വിമര്‍ശിച്ചും സംവിധായകനും, ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്ത് വളരെ വലിയ ആളാണെന്നുളള കാര്യം ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ുട, ദാദാ സാഹിബ് ഫാൽക്കേ അവാർഡ് കിട്ടിയയാളാണ് അദ്ദേഹം. ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിൽ നിൽക്കുന്നയാളാണ് അടൂർ. അദ്ദേഹം പ്രസം​ഗിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ, അവർ ആരായാലും ആ പ്രസം​ഗം തടസപ്പെടുത്തി സംസാരിച്ചത് തെറ്റാണ്. മര്യാദകേടാണത്. സിനിമ പഠിപ്പിക്കണമെന്ന് പറയുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു. 

മാധ്യമങ്ങൾ ഏകപക്ഷീയമായി സംസാരിക്കുകയാണെന്നും സിനിമയെന്തെന്ന് മാധ്യമങ്ങൾക്കറിയില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമ എന്നാൽ പ്രഭാഷണമല്ല. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്, എ.കെ. ബാലൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുന്നത്. ഈ തീരുമാനം മന്ത്രി ആദ്യം ചർച്ച ചെയ്ത വ്യക്തികളിലൊരാളാണ് അടൂർ. അടൂർ ​ഗോപാലകൃഷ്ണനുമായി ചേർന്നാണ് ഈ ആശയം കൊണ്ടുവന്നത്. അടൂർ ​ഗോപാലകൃഷ്ണൻ പറയുന്നതിൽ ന്യായമുണ്ടെന്ന് തോന്നുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. 

സർക്കാർ സഹായത്തോടെ നിർമിച്ച നാലുപടങ്ങൾ കണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനും ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല ഉദ്ദേശിക്കുന്നത്. 26 ഫീച്ചർ പിലിമുകളും 47 ഡോക്യുമെന്ററികളും നിർമിച്ച നിർമാതാവാണ് ഞാൻ എന്ന അനുഭവത്തിലാണിത് പറയുന്നത്. ഒരു സിനിമ കണ്ടാൽ എത്ര മുടക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. 60 വർഷമായി ഞാൻ സിനിമയിൽ. ഒന്നരക്കോടി മുടക്കി എന്ന് തോന്നാത്തത് അവരുടെ പരിചയക്കുറവുകൊണ്ടാണ്. പുഷ്പവതി ലോകോത്തര ഭാവനാശാലി ആയിരിക്കാം. അടൂരിനെപ്പോലൊരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിച്ചത് അവരുടെ അറിവില്ലായ്മയാണ്. അടൂരിന്റെ പ്രസം​ഗം കഴിഞ്ഞിട്ട് അവർക്ക് സംസാരിക്കാമായിരുന്നു. ആളാകാൻ വേണ്ടി ചെയ്ത വേലയാണത്. അവരാരാണെന്ന് എനിക്കറിയില്ലായിരുന്നു. 

റെയിൽവേ സ്റ്റേഷനിൽവെച്ച് ഫോട്ടോയെടുക്കാനായി അവർ വന്നിരുന്നു. ആ പരിചയം മാത്രമാണ് തനിക്ക് പുഷ്പവതിയുമായുള്ളത്. ഇവരുടെ പാട്ടൊന്നും ഞാൻ കേട്ടിട്ടില്ല. ഇവർ സിനിമയിലുള്ളയാളാണോ? സം​ഗീത നാടക അക്കാഡമിയുടെയും സാഹിത്യ അക്കാഡമിയുടെ ഒക്കെ തലപ്പത്ത് ആര് വരുമെന്ന് ചോദിച്ചാൽ രസകരമാണ് കാര്യം. ഭരിക്കുന്ന കക്ഷി ഏതാണ് അതിന്റെയാളാണ് നിയമിക്കപ്പെടുക. ഇനി കൂട്ടുകക്ഷി ഭരണമാണെങ്കിൽ ഭരണം വീതിച്ചുകൊടുക്കും. സിനിമയിൽ പാട്ടുകൾ നിർബന്ധമല്ല. ലോകസിനിമകളിലൊന്നും പാട്ടില്ലല്ലോ. സെക്സ് സീനുകൾ കാണാൻ ഒരുപാടുപേർ ചലച്ചിത്ര മേളകളിൽ വരുന്നുണ്ടെന്നത് സത്യമാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.