28 January 2026, Wednesday

ഐഎസ് റിക്രൂട്ട്മെന്റ് കേസ്; രണ്ടു പ്രതികള്‍ക്ക് എട്ടു വര്‍ഷത്തെ കഠിന തടവ്

Janayugom Webdesk
കൊച്ചി
September 29, 2025 9:29 pm

സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവിൽ പറഞ്ഞു.

മൂന്ന് വകുപ്പുകളിലായി എട്ടു വർഷം വീതം കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2019 ലാണ് എൻഐഎ കേസ് അന്വേഷണം തുടങ്ങിയത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങൾ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളിൽ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ പറയുന്ന വീഡിയോകള്‍, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകള്‍ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക, ഐഎസിന്റെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തെളി‍ഞ്ഞതായാണ് എൻഐഎ കോടതി കണ്ടെത്തിയത്.

യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാൻ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നാണ് കണ്ടെത്തൽ. കോയമ്പത്തൂരിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവിൽ വെല്ലൂര്‍ ജയിലിൽ തുടരുകയാണ്. കേസില്‍ വിധി പറയുന്നതിന്റെ ഭാഗമായി ഇരുവരെയും കൊച്ചിയിലെത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.