2 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025
January 1, 2025
December 31, 2024
December 21, 2024

പുതുതലമുറ അസന്തുഷ്ടരോ?

Janayugom Webdesk
June 28, 2022 9:26 pm

മ്മുടെ കാലഘട്ടത്തില്‍, ഇന്ന് യുവാക്കള്‍ വളരെ അസന്തുഷ്ടരായാണ് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതായി കാണുന്നത്. രണ്ട് പ്രധാന കാഴ്ചപ്പാടുകളാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. ജീവിതത്തെ അസംതൃപ്തിയോടെയും ഭയത്തോടെയുമാണ് അവര്‍ കാണുന്നത്. നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വളരെ നിലവാരമുള്ള ഒരു ജീവിതരീതിയാണ് പാലിക്കുന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസവും സാങ്കേതിക മികവും ആളോഹരി വരുമാനവും ആരോഗ്യപരിപാലന രംഗത്തെ മികവും മറ്റു സൗകര്യങ്ങളും എല്ലാം തന്നെ മുന്‍ തലമുറയെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പോലും ജീവിതത്തെ അത്യന്തികമായി അസന്തുഷ്ടതയോടെയും ഭയത്തോടെയും ആണ് ഇന്നത്തെ തലമുറ നോക്കിക്കാണുന്നത്.

അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്

1. പലതരത്തിലുള്ള ആസക്തികള്‍

വര്‍ച്വല്‍/ഡിജിറ്റല്‍ ആയിട്ടുള്ളവയും അതുപോലെ ഭൗതികമായിട്ടുള്ള ആസക്തിയുമാണുള്ളത്. സാമൂഹിക മാധ്യമങ്ങളോടുള്ളവയും മറ്റു വസ്തുക്കളോടുള്ള ആസക്തിയും പുതുതലമുറയെ അസംതൃപ്തരാക്കുന്നു.

2. മറ്റുള്ളവരുമായി ഇടപെടല്‍ കുറയുന്നത്

ഈ കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ നമ്മുടെ യുവതലമുറയുടെ നേരിട്ടുള്ള ഇടപെടലും മറ്റും കുറഞ്ഞു വരുന്ന ഒരു പ്രവണത ആയിരുന്നു. എന്നാല്‍ ഈ കോവിഡ് മഹാമാരിയുടെ സമയത്ത് ലോക്ഡൗണും ഒറ്റപ്പെടലും ഒക്കെ വന്നത് കാരണം ഈ ഒരു അവസ്ഥ പലമടങ്ങ് വര്‍ദ്ധിച്ചതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

3. ഭാവിയെക്കുറിച്ചുള്ള ഭയം

ഭാവിയെക്കുറിച്ച് ഈ തലമുറ വളരെ ആശങ്കാകുലരാണ്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ലോക മഹായുദ്ധകാലത്തും സ്വാതന്ത്ര്യ സമരകാലത്തുമൊക്കെ അന്നത്തെ തലമുറയ്ക്ക് അവരുടെ ഭാവിയെ പറ്റി ഒരുപാട് അനിശ്ചിതത്വം ഉണ്ടായിരുന്നു. അന്നത്തെ തലമുറയ്ക്ക് ഉണ്ടായിരുന്ന ഒരു ധൈര്യമോ ആത്മവിശ്വാസമോ ഒന്നും തന്നെ ഇന്നത്തെ തലമുറയില്‍ കാണാന്‍ സാധിക്കുന്നില്ല. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് മുമ്പത്തെ തലമുറ നേരിട്ട സാഹചര്യമൊന്നുമല്ല ഇന്നുള്ളത്. അപ്പോള്‍ പിന്നെ അമിതമായി ചിന്തിച്ച് കൂട്ടുന്ന ഭാവിയെപ്പറ്റിയുള്ള ആവലാതികളും ആശങ്കകളും ഒഴിവാക്കാന്‍ സ്വയം തീരുമാനിക്കുകയാണ് വേണ്ടത്.

ഇവയൊക്കെ എങ്ങനെ പരിഹരിക്കാം?

ഈ ഒരു സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന യുവാക്കള്‍ക്ക് അവരുടെ ജീവിതത്തെ എത്തരത്തില്‍ ഒരു സമീപന മാറ്റം കൊണ്ടുവരണം എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്നത്തെ തലമുറയുടെ പ്രശ്‌നം എന്തെന്നാല്‍ അവര്‍ ജീവിതത്തിന്റെ അടിസ്ഥാനമായി കാണുന്നത് സന്തോഷമാണ്. നൈമിഷികമായ സംതൃപ്തിയും സന്തോഷവുമാണ് എല്ലാവരും തന്നെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവരുടെ ചുറ്റുപാടില്‍ നിന്നു കൊണ്ട് അവര്‍ ജീവിതത്തിലെ അടിസ്ഥാനപരമായ പ്രേരണ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അത്യന്തികമായി അത് ലഭിക്കുന്നില്ല എന്ന കാരണത്താലാണ് അവര്‍ക്ക് അസന്തുഷ്ടത അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നത്.

ലോക പ്രശസ്ത സൈക്കാട്രിസ്റ്റായ Vik­tor Fran­kl ഇതിനെക്കുറിച്ച് വളരെ വിശദമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒക്കെ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് “ജീവിതത്തിന്റെ അടിസ്ഥാന പ്രേരണ വേണ്ടത്, ജീവിത അര്‍ത്ഥത്തിലാണ്”. നമ്മുടെ ജീവിതം അര്‍ത്ഥവത്തായി നയിക്കുന്നതിലാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ അടിസ്ഥാന പ്രേരണ നല്‍കേണ്ടത്.

മറ്റുള്ളവരല്ല നമ്മുടെ സന്തോഷം തീരുമാനിക്കുന്നത്. നമ്മുടെ ഉള്ളില്‍ നിന്നുമാണ് ആ ഒരു സംതൃപ്തി വരേണ്ടതെന്നുള്ള തിരിച്ചറിവ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നു. നമ്മുടെ കടമകളും ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയോടു കൂടി ചെയ്യുമ്പോഴാണ് ഈ സംതൃപ്തി നമ്മളിലൂടെ ലഭിക്കുന്നത്.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസം എന്നത് അത്യന്താപേക്ഷിതമാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകള്‍ സത്യസന്ധനും ആത്മാര്‍ത്ഥവും ആകുന്നതു വഴി വിശ്വാസം നിലനിര്‍ത്താനും വികസിപ്പിക്കാനും സാധിക്കുന്നു. നമ്മുടെ പ്രവര്‍ത്തികളും വാക്കുകളും എല്ലാം തന്നെ അര്‍ത്ഥവത്തായ പാതയിലൂടെ കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ആര്‍ക്കും തന്നെ അവരുടെ ചുമതലയെ പറ്റിയും ഉത്തരവാദിത്വത്തെ പറ്റിയും സംസാരിക്കാന്‍ താല്പര്യമില്ലാതെ തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാന്‍ താല്പര്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എന്നാല്‍ നമ്മുടെ ജോലിസ്ഥലത്തും അതുപോലെതന്നെ കുടുംബത്തിലുമുള്ള ചുമതലകള്‍ ഉത്തരവാദിത്വത്തോടു കൂടി ചെയ്യുകയാണെങ്കില്‍ ജീവിതം വളരെ അര്‍ത്ഥവത്തുള്ളതാക്കാന്‍ സാധിക്കും. ഇതുവഴി ഇന്ന് നേരിടുന്ന അസന്തുഷ്ടതയും ഭയവും അപ്പാടെ മാറ്റാന്‍ സാധിക്കും എന്ന കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. സ്‌ക്രീന്‍ ടൈം കുറച്ച്, മറ്റു പ്രവര്‍ത്തികളില്‍ പങ്കെടുക്കുകയും കുടുംബവുമായി സമയം ചിലവഴിക്കുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മസംതൃപ്തി കൂടുന്നു. ഇത്തരത്തില്‍ ജീവിതം ക്രമീകരിക്കുകയാണെങ്കില്‍ അര്‍ഥപൂര്‍ണ്ണമായ സന്തുഷ്ടമായ ഒരു ജീവിതം നയിക്കാന്‍ ഈ തലമുറയ്ക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്.

TOP NEWS

March 2, 2025
March 2, 2025
March 2, 2025
March 2, 2025
March 2, 2025
March 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.