
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന യുഎസിന്റെ പ്രഖ്യാപനത്തിനിടെയും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തുടർച്ചയായ 97 -ാം ദിവസവും ഇസ്രയേൽ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ പേർ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത വിധത്തിൽ അവശിഷ്ടങ്ങൾക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബർ ഏഴിന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം 71,441 പലസ്തീനികളാണ് മരിച്ചത്. 1,71,329 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 11 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, കുറഞ്ഞത് 451 പേർ കൊല്ലപ്പെടുകയും 1,251 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നിരായുധീകരണത്തിൽ പുരോഗതി കൈവരിക്കുന്നതുവരെ യെല്ലോ ലെെന്‍ എന്ന് വിളിക്കപ്പെടുന്ന അതിര്‍ത്തി പ്രദേശത്തുനിന്ന് പിന്മാറില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലയിൽ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഏഴ് പേരിൽ ഹമാസിന്റെ സായുധ വിഭാഗം മേധാവിയും ഉള്‍പ്പെടുന്നു. കമാൻഡര്‍ മുഹമ്മദ് അൽ ഹോളി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. അൽ ഹോളി കുടുംബത്തിനു നേരെയുണ്ടായ ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. മുഹമ്മദിനെയോ സംഘത്തിലെ അദ്ദേഹത്തിന്റെ പങ്കിനെയോ പരാമർശിക്കാതെയാണ് പ്രസ്താവന നടത്തിയത്.
ഒക്ടോബർ മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചുവെന്നും സംഘർഷം വീണ്ടും ആളിക്കത്തിക്കാൻ ശ്രമിച്ചതായും ഹമാസ് ആരോപിച്ചു. സംഭവത്തിൽ മരിച്ച മറ്റ് ആറ് പേരിൽ 16 വയസുള്ള ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. തുഫ, ജബൽ അൽ‑റൈസ്, ബുറൈജ്, ജബാലിയ എന്നിവിടങ്ങളിലും ആക്രമണങ്ങളുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.