തെക്കൻ നഗരമായ റാഫയെ ഗാസ മുനമ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന പുതിയ മൊറാഗ് ഇടനാഴിയുടെ നിർമ്മാണം പൂര്‍ത്തിയാക്കിയതായി ഇസ്രയേല്‍. റാഫയുടെയും ഖാന്‍ യൂനിസിന്റെയും ഇടയില്‍ പണ്ട് നിലനിന്നിരുന്ന ജൂത കുടിയേറ്റ പ്രദേശമാണ് മൊറാഗ്. ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഗാസ മൂന്നായി വിഭജിക്കും. പുതിയ ഇടനാഴിയിലേക്ക് 36-ാം ഡിവിഷനിലുള്ള സെെന്യത്തെ വിന്യസിച്ചതായി പ്രതിരോധ സേന ( ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. മൊറാഗിനെ രണ്ടാം ഫിലാഡല്‍ഫി ഇടനാഴിയെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിക്കുന്നത്.
ഗാസയുടെ മൂന്നിലൊന്ന് ഭാഗത്തെ മുനമ്പില്‍ നിന്ന് വേര്‍തിരിക്കുന്ന നെറ്റ്സാരിം ഇടനാഴിയും ഇസ്രയേല്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേല്‍ വികസപ്പിച്ച മുനമ്പിലെ പ്രധാന ബഫര്‍ സോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഇടനാഴികള്‍ ഗാസയുടെ 50 ശതമാനത്തിലധികം പ്രദേശങ്ങളുടെ നിയന്ത്രണം പ്രതിരോധ സേനയ്ക്ക് നല്‍കുന്നു.
റാഫയില്‍ വ്യാപകമായ ഒഴിപ്പിക്കലിന് ഉത്തരവിട്ടതിനെത്തുടര്‍ന്ന് മുനമ്പിലെ സെെനിക നടപടി ഐഡിഎഫ് കൂടുതല്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന. ശേഷിക്കുന്ന ബന്ദികളുടെ മോചനത്തിനായി ഹമാസില്‍ സമ്മര്‍ദം ചെലുത്താന്‍ ഗാസയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മൊറാഗ് ഇടനാഴിയുടെ നിര്‍മ്മാണം സെെന്യം പൂര്‍ത്തികരിച്ചത്. 59 ബന്ദികളില്‍ 24 പേര്‍ ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.
ഗാസയിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് സെെനിക പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹമാസ് നേതാക്കൾ കുടുംബങ്ങളോടൊപ്പം തുരങ്കങ്ങളിലും വിദേശത്തുള്ള ആഡംബര ഹോട്ടലുകളിലും താമസിച്ച് പലസ്തീനികളെ മാനുഷിക കവചമായി ഉപയോഗിക്കുകയാണെന്നും കാറ്റ്സ് ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നെതന്യാഹുവും മുന്നോട്ടുവച്ച നിർദേശത്തിന്റെ ഭാഗമായി, സ്വമേധയാ മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറാൻ താല്പര്യമുള്ള പലസ്തീനികളെ അതിനനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടപ്പിലാക്കിയാൽ അത് എക്കാലത്തെയും വലിയ വംശീയ ഉന്മൂലനമാകുമെന്ന് ഹ്യൂമന്‍ റെെറ്റ്സ്‍ വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗാസയിലുടനീളമുള്ള ആക്രമണങ്ങള്‍ ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിന് കിഴക്കുള്ള പ്രദേശങ്ങളിലും ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നാണ് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയതെന്നാണ് ഐഡിഎഫിന്റെ ആരോപണം.
ഹമാസ് നിയന്ത്രണത്തിലുള്ള മുനമ്പിലെ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 50,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുകയും ഹമാസിനെ ഗാസയിൽ നിന്ന് തുടച്ചുനീക്കുകയും ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറിന്റെ ഭാഗമായി മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസ് പറയുന്നു. പുതിയ വെടിനിർത്തൽ നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിലെത്തുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.