11 January 2026, Sunday

Related news

September 19, 2025
September 18, 2025
September 17, 2025
September 16, 2025
September 16, 2025
September 16, 2025
September 16, 2025
August 26, 2025
August 21, 2025
August 13, 2025

ഗാസ നഗരത്തില്‍ സെെനിക നടപടി വിപുലീകരിച്ച് ഇസ്രയേല്‍

ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു 
Janayugom Webdesk
ടെല്‍ അവീവ്
August 21, 2025 10:39 pm

ഗാസ നഗരത്തില്‍ ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്). ഗാസ നഗരത്തിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആ­ക്രമണം ശക്തമാക്കുമെന്നാണ് ഐഡിഎഫിന്റെ വിശദീകരണം. ഹമാസ് ശക്തികേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനുമുള്ള നടപടി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചതായും ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ വ്യക്തമാക്കി.

ഗാസ നഗരം കീഴടക്കാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഈ ആഴ്ച ആദ്യം ഹമാസും ഗാസയിലെ മറ്റ് പലസ്തീൻ വിഭാഗങ്ങളും വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ തീരുമാനിച്ചെങ്കിലും, ഗാസ നഗരം കീഴടക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധം കടുക്കുന്നതിനിടെയാണ് പുതിയ നീക്കം. ഗാസ നഗരം കീഴടക്കാനുള്ള ഇസ്രയേലിന്റെ പദ്ധതികൾ വെടിനിർത്തല്‍ കരാറിനും അതിനു വേണ്ടി മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളോടുമുള്ള പ്രകടമായ അവഗണനയാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകളിൽ ഹമാസിനുമേൽ സമ്മർദം ചെലുത്താനാണ് ആക്രമണം വിപുലീകരിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ ഇസ്രയേൽ സൈ­ന്യം ഇതിനകം തന്നെ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും സെ­യ്തൂൺ പ്രദേശത്തെ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐ­ഡിഎഫ് വക്താവ് പറഞ്ഞു. ഗാസ നഗരത്തില്‍ ഇതുവരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലാത്ത ഭാഗങ്ങളിലും ഹമാസ് ഇപ്പോഴും സജീവമാണെന്ന് ഇസ്രയേൽ വിശ്വസിക്കുന്ന സ്ഥലങ്ങളിലുമാണ് സൈനിക നടപടിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ നഗരം ഹമാസിന്റെ സൈ­നിക‑ഭരണ ശക്തികേന്ദ്രവും വടക്കൻ ഗാസയിലെ അവസാന അഭയകേന്ദ്രങ്ങളിൽ ഒന്നുമാണ് ലക്ഷക്കണക്കിന് ആളുകൾ ഇവിടെ അഭയം തേടിയിട്ടുള്ളത്.

ഗാസയിലെ സെെനിക വിപുലീകരണ നടപടിക്ക് മുന്നോടിയായി 60,000 റിസര്‍വ് സെെ­നികരെ വിന്യസിക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ സർക്കാർ യുദ്ധം നിലനിർത്തുന്നുവെന്നും ബാക്കിയുള്ള ബന്ദികളെ തിരികെ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടുവെന്നും ആ­രോപിച്ച് റിസര്‍വ് സെെനികരും പ്രതിഷേധമാരംഭിച്ചിരുന്നു. ഗാസ നഗരത്തിലെ ഓപ്പറേഷനോട് ബന്ദികളുടെ കുടുംബങ്ങളും മുൻ സൈനിക, ഇന്റലിജൻസ് മേധാവികളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മിക്ക കുടുംബങ്ങളും ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുന്നു. ഗാസ നഗരത്തിലെ വിപുലമായ ആക്രമണം ഹമാസിന്റെ കെെവശമുള്ള 50 പേരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുമെന്നാണ് ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.