22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026
December 31, 2025

ഗാസ: സമ്മര്‍ദം കടുത്തു, വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍

Janayugom Webdesk
ജറുസലേം
November 15, 2023 11:21 pm

ഗാസയിലെ കൂട്ടക്കുരുതിയില്‍ ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിക്കുന്നു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേല്‍ തുടരുന്ന യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ രംഗത്തെത്തി. അതിനിടെ അല്‍ ഷിഫ അടക്കമുള്ള ആശുപത്രികള്‍ക്കുനേരെയും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയും ഇസ്രയേല്‍ സൈന്യം ആക്രമണം തുടര്‍ന്നു. ഇസ്രയേലി ടാങ്കുകള്‍ അല്‍ ഷിഫ ആശുപത്രിയുടെ വളപ്പില്‍ കടന്നതായി ഐഡിഎഫ് അവകാശപ്പെട്ടു.

അല്‍ഷിഫയിലെ മരുന്ന് സംഭരണ ശാലയും സൈന്യം തകര്‍ത്തു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. ലോകം ഇതെല്ലാം കാണുന്നുണ്ടെന്ന് ട്രൂഡോ പറഞ്ഞു. ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

ഇസ്രയേല്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ദക്ഷിണാഫ്രിക്ക ആരോപിച്ചു. ഇസ്രയേലിനെ ഭീകരരാഷ്ട്രമെന്ന് ആരോപിച്ച തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗന്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചതായും അറിയിച്ചു. പലസ്തീനിലെ ജനങ്ങളോടൊപ്പമാണ് ഒമാന്‍ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം അതിന്റെ കടമകള്‍ നിറവേറ്റാനും പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളെ മാനിക്കാനും ഒമാന്‍ അഭ്യര്‍ത്ഥിച്ചു.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബെലിസ് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു. നേരത്തെ ബൊളീവിയ, ചിലി, കൊളംബിയ, ഹോണ്ടുറാസ് രാജ്യങ്ങളും ഇസ്രയേലുമായി ബന്ധം വിച്ഛേദിച്ചിരുന്നു. ഏഴ് ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് അവകാശപ്പെട്ടു. ഗാസ സിറ്റിക്ക് സമീപം ഇസ്രയേല്‍ സൈനിക വാഹനവും ടാങ്കും തകര്‍ത്തു.

ബെയ്ത്ത് ഹനൂന്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ നിരവധി ഇസ്രയേലി സൈനികര്‍ക്ക് പരിക്കേറ്റതായും ഹമാസ് അവകാശപ്പെട്ടു. അല്‍ യാസീന്‍ 105 മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 22 ടാങ്കുകള്‍ നശിപ്പിച്ചതായും ഹമാസ് പറയുന്നു. ടെല്‍ അവീവിലേക്കും തീരനഗരമായ എലിയറ്റിലേക്കും ഹമാസ് കേന്ദ്രങ്ങളില്‍ നിന്നും റോക്കറ്റ് ആക്രമണമുണ്ടായി. അതിനിടെ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായി ഗാസ മുനമ്പിലേക്ക് ഇന്ധനമെത്തി. റാഫ അതിര്‍ത്തിയിലൂടെ 23,000 ലിറ്റര്‍ ഇന്ധനമാണ് എത്തിയത്. നേരത്തെ ഇന്ധനം തീര്‍ന്നതോടെ ഗാസയിലെ പകുതിയിലധികം ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു.

Eng­lish Sum­ma­ry: Israel-Hamas war

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.