13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 4, 2024
July 17, 2024
May 31, 2024
May 30, 2024
May 22, 2024
April 27, 2024
February 26, 2024
December 11, 2023
December 1, 2023

കൊല്ലിക്കയല്ലേ നിനക്ക് രസം!

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
November 17, 2023 4:30 am

കുരുക്ഷേത്ര യുദ്ധഭൂമിയില്‍ സ്വന്തം മക്കളുടെയും പ്രിയരുടെയും ശവക്കൂമ്പാരങ്ങള്‍ക്കു നടുവിലൂടെ നടക്കുമ്പോള്‍ ഗാന്ധാരി വിലപിച്ചു. വിഹ്വലമായ മനസോടെ ശ്രീകൃഷ്ണനോട് മുഖമടച്ച്, ഗാന്ധാരി ചോദിച്ചു; “കൊല്ലിക്കയല്ലേ നിനക്ക് രസമെടോ”. ഇന്ന് കൊലകളുടെ വിനോദം സാമ്രാജ്യത്വശക്തികള്‍ ഏറ്റെടുത്തിരിക്കുകയാണ്. “ഓരോ ശിശുരോദനത്തിലും കേള്‍പ്പുഞാന്‍ ഒരു കോടി ഈശ്വരവിലാപം‍” ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിലും യുദ്ധാതിക്രമത്തിലും അയ്യായിരത്തോളം പിഞ്ചുപൈതങ്ങള്‍ ബോംബാക്രമണവും ഷെല്ലാക്രമണവും മൂലം കൊല ചെയ്യപ്പെട്ടു. ഇന്നും പലസ്തീന്റെ മണ്ണില്‍ ശിശുരോദനങ്ങള്‍ ഉയരുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ സ്വന്തം കൈത്തണ്ടയില്‍ സഹപാഠിയെക്കൊണ്ട് പേരെഴുതിവയ്ക്കുന്നു. ബോംബ് സ്ഫോടനത്താല്‍ തലയും മുഖവും ചിതറിപ്പോയാല്‍ തിരിച്ചറിയാന്‍ വേണ്ടി പേര് കൈത്തണ്ടയില്‍ കുത്തുകയാണവര്‍. പലസ്തീന്‍ എന്നും ഇസ്രായേലിന്റെ ആക്രമണവിധേയ കേന്ദ്രമാണ്. പലസ്തീന്റെ മഹാഭൂരിപക്ഷം പ്രദേശങ്ങളും അധിനിവേശത്തിലൂടെ സ്വായത്തമാക്കിയ ഇസ്രയേല്‍ ജൂതവംശ രാഷ്ട്രീയത്തിന്റെ പതാകയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയും മാതാപിതാക്കളെയും കൊന്നുതള്ളുന്നതില്‍ അഭിരമിക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഗാസയുടെ വടക്കുഭാഗത്തേക്ക് കടന്നുകയറിയ ഇസ്രയേല്‍ സൈന്യം ഗാസയുടെ തെക്കുഭാഗത്തെയും വെസ്റ്റ് ബാങ്കിനെയും കീഴ്പ്പെടുത്തുകയാണ്.

നരഹത്യയും വംശഹത്യയുമാണ് അവര്‍ ലക്ഷ്യമിടുന്നത്. 1948 മുതല്‍ ഇസ്രയേല്‍ പലസ്തീനെയും അവിടുത്തെ ജനതയെയും നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ അനവരതം യത്നിച്ചുകൊണ്ടേയിരുന്നു. യേശുവിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ‘ജറുസലേം’ ഉള്‍പ്പെടെ ഇസ്രയേല്‍ അധീനതയിലാക്കി. യുദ്ധത്തിനും നീതിബോധമുണ്ട്. ആ നീതിവ്യവസ്ഥകളാകെ ലംഘിക്കുകയാണ് ഇസ്രയേല്‍. ആശുപത്രികളെപ്പോലും ബോംബിട്ട് തകര്‍ക്കുക, നവജാതശിശുക്കളെ കൊന്നുതള്ളുക, വൈദ്യുതിയും ഭക്ഷണവും നിഷേധിക്കുക, ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളെയാകെ പുച്ഛത്തോടെ തള്ളിക്കളയുക ഇതാണ് ഇസ്രയേല്‍ സാമ്രാജ്യത്വത്തിന്റെ സമീപനം. ശവക്കൂമ്പാരമാകുന്ന പലസ്തീനില്‍ പിഞ്ചുകുഞ്ഞുങ്ങളെയും മതാപിതാക്കളെയും കൂട്ടത്തോടെ സംസ്കരിക്കുയാണ്. വൈദ്യുതിയില്ലാതെ, ഇന്‍കുബേറ്റര്‍ സംവിധാനമില്ലാതെ, തകര്‍ത്തെറിയപ്പെട്ട ആശുപത്രികളില്‍ ലക്ഷോപലക്ഷം പേര്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. ബങ്കറുകളില്‍ കഴിഞ്ഞുകൂടുന്നവരെ പോലും ഇസ്രയേലിയന്‍ സൈന്യം കടന്നാക്രമിച്ച് കൂട്ടക്കൊല ചെയ്യുന്നു. അരനൂറ്റാണ്ടിലേറെയായി പലസ്തീനില്‍ അധിനിവേശവും വംശഹത്യയും നടത്തുകയാണ് ഇസ്രയേല്‍. വംശഹത്യാ പരീക്ഷണസിദ്ധാന്തം ആവിഷ്കരിച്ചത് ബെനറ്റോ മുസോളിനിയും അഡോള്‍‍ഫ് ഹിറ്റ്ലറുമാണ്. ആ രക്തവിശുദ്ധി മാഹാത്മ്യം സംഘ്പരിവാറിന്റെ രണ്ടാമത്തെ സര്‍ സംഘചാലകായ മാധവ് സദാശിവ് ഗോള്‍‍വാള്‍ക്കര്‍ ‘വിചാരധാര’യിലൂടെ ഉയര്‍ത്തിപ്പിടിച്ചു.


ഇതുകൂടി വായിക്കൂ: ഹമാസ്-ഇസ്രയേല്‍ യുദ്ധം മോഡിയുടെ പ്രതികരണം ഏകപക്ഷീയം


ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിപ്പിടിക്കുന്നതും രക്തവിശുദ്ധി രാഷ്ട്രീയം തന്നെ. സാമ്രാജ്യത്വം എന്നും യുദ്ധങ്ങള്‍ക്ക് പിന്നാലെയാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എല്ലായ്പ്പോഴും ആയുധവിപണിയില്‍ കണ്ണുനട്ടിരിക്കുന്നവരാണ്. അഫ്ഗാനിസ്ഥാനില്‍, ഇറാഖില്‍, പാകിസ്ഥാനില്‍ ആയുധ വിപണനം നടത്തി അഭിരമിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇന്ത്യ എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പമായിരുന്നു. 1948ല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമകളായിരുന്ന ബ്രിട്ടണ്‍, പലസ്തീനെയും ഇസ്രയേലിനെയും വിഭജിച്ചു. പലസ്തീന്‍ അന്നു നടത്തിയ പോരാട്ടക്കാലത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഈ വിധം പറഞ്ഞു: ‘പലസ്തീന്‍ അടിസ്ഥാനപരമായി ഒരു ആഗോളപ്രശ്നമാണ്. സാമ്രാജ്യത്വ ചൂഷണത്തിനും നിയന്ത്രണത്തിനുമെതിരെ ഒരു ജനതയുടെ പോരാട്ടമാണത്.’ ഗാന്ധിജി 1947ല്‍ തന്നെ പറഞ്ഞു: ‘ഫ്രഞ്ചുകാര്‍ക്ക് അവകാശപ്പെട്ട ഫ്രാന്‍സുപോലെ ഇംഗ്ലീഷുകാര്‍ക്ക് അവകാശപ്പെട്ട ഇംഗ്ലണ്ടുപോലെ പലസ്തീന്‍ അറബ് വംശജരുടേതാണ്.’ ഇതായിരുന്നു നെഹ്രുവിന്റെയും കോണ്‍ഗ്രസിന്റെയും നയം.

1991ലെ നരസിംഹറാവു സര്‍ക്കാരിന്റെ കാലം മുതല്‍ നെഹ്രുവിന്റെയും ഗാന്ധിജിയുടെയും ചേരിചേരാ നയവും സോഷ്യലിസ്റ്റ് അജണ്ടയും സാമ്രാജ്യത്വ ശക്തികളുടെ കാല്‍ക്കീഴില്‍ അടിയറവച്ചു. കൂട്ടക്കുഴിമാടങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, തല തെറിച്ചുപോയാല്‍ തിരിച്ചറിയുവാന്‍ കുഞ്ഞുങ്ങള്‍ കൈത്തണ്ടയില്‍ പേരുകള്‍ എഴുതുമ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ അഭിരമിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുമ്പോള്‍, ആശുപത്രികളെ നിലംപരിശാക്കുകയും രോഗികളെ നിര്‍ദയം കൊല്ലുകയും ചെയ്യുമ്പോള്‍ നരേന്ദ്ര മോഡി ഭരണകൂടം ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ രാജ്യാന്തര ചേരിചേരാ നയത്തെയും മതനിരപേക്ഷ ബോധത്തെയും അട്ടിമറിക്കുന്നതാണ്. കോണ്‍ഗ്രസും ഇസ്രയേല്‍ പക്ഷത്ത് ചേര്‍ന്നിരിക്കുന്നു. ശശിതരൂര്‍ എംപിയുടെ പ്രസംഗവും ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മൗനവും അതിന്റെ തെളിവാണ്. ഇവിടെ ശിശുരോദനങ്ങള്‍ ഉയരുകയും ശിശുക്കളുടെ കൂട്ടക്കൊല അരങ്ങേറുകയും ആശുപത്രികളിലെ കടന്നാക്രമണവും നടക്കുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും എന്ത് ദേശീയത? മതനിരപേക്ഷത? സാര്‍വലൗകികത്വം? മോഡി ഭരണത്തില്‍ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന്റെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നു; മൃദുഹിന്ദുത്വ നയങ്ങളുമായി കോണ്‍ഗ്രസും.

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.