22 January 2026, Thursday

Related news

March 22, 2025
February 22, 2025
January 28, 2025
November 30, 2024
December 11, 2023
December 1, 2023
November 30, 2023
November 28, 2023
November 23, 2023
November 17, 2023

ജീവന്‍വച്ച് പോര്‍വിളി ; ഗാസയിലെ 11 ലക്ഷം ജനങ്ങളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍

Janayugom Webdesk
ജെറുസലേം
October 13, 2023 11:02 pm

ഗാസയിലെ ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ വച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വെല്ലുവിളി. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. കടുത്ത ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്നാണ് സൂചന. എന്നാല്‍ ജനങ്ങള്‍ ഒഴിഞ്ഞുപോകരുതെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഏഴ് ദിവസമായി തുടരുന്ന തീ മഴയ്ക്കുമുന്നില്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ് ഗാസയിലെ ജനങ്ങള്‍. സ്വന്തം സുരക്ഷയ്ക്കും കുടുംബസുരക്ഷയ്ക്കുമായി ജനങ്ങള്‍ ഹമാസില്‍ നിന്ന് അകലം പാലിക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടു. ഹമാസിന്റെ മനുഷ്യകവചമായി ഉപയോഗിക്കപ്പെട്ടേക്കാമെന്നും അവര്‍ ജനങ്ങളോട് പറ‌ഞ്ഞു.

വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഉത്തരവ് റദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. അതേസമയം നിരവധി പേര്‍ ഇതിനോടകം ഗാസയില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്. പ്രദേശത്തുനിന്ന് കുറഞ്ഞസമയത്തിലുള്ള ഒഴിപ്പിക്കല്‍ അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റവരുള്‍പ്പെടെ നിരവധിപ്പേര്‍ പ്രദേശത്തെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവരെയൊന്നും മറ്റൊരിടത്തേയ്ക്ക് മാറ്റാന്‍ കഴിയില്ലെന്നും ഡബ്ല്യുഎച്ച്ഒ പ്രസ്താവനയില്‍ പറഞ്ഞു. വ്യോമാക്രമണങ്ങളിലൂടെ ഇസ്രയേല്‍ വംശഹത്യയാണ് നടപ്പാക്കുന്നതെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതായെഹ് പറഞ്ഞു. 11 ലക്ഷം ജനങ്ങളെ 40 കിലോമീറ്റര്‍ യാത്ര ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റാഫയിലേക്കോ ഈജിപ്തിലേക്കോ കടത്തണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാനുഷിക ഇടനാഴി പ്രഖ്യാപിക്കുക മാത്രമാണ് ഗാസയിലെ ജനതക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം. എന്നാല്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഈജിപ്തും വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ഇന്ധനം, ഊര്‍ജം, മരുന്ന്, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ ഇവയ്ക്കെല്ലാം തന്നെ ഇസ്രയേലിനെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളെയും ആശ്രയിക്കേണ്ട സാഹചര്യമുണ്ട്.

ആക്രമണം തുടര്‍ന്നാല്‍ യുദ്ധം വ്യാപിക്കുമെന്ന് ഇറാന്‍ 

ടെഹ്റാന്‍: ഗാസ മുനമ്പിന് മുകളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണം മധ്യേഷ്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിരാബ്ദൊല്ലഹിന്‍ പറഞ്ഞു. പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്നറിയപ്പെടുന്ന സഖ്യത്തിന്റെ നേതൃസ്ഥാനം ഇറാനാണ്. ലെബനനിലെ ഹിസ്ബുള്ള, ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നിവരാണ് സഖ്യത്തിലെ മറ്റംഗങ്ങള്‍. അതേസമയം യുഎസിന് പിന്നാലെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടന്‍ രംഗത്തെത്തി. കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പല്‍ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നാവികസേനയ്‌ക്ക് നിര്‍ദേശം നല്‍കി.

ജനങ്ങള്‍ എവിടേക്ക് ?

41 കിലോമീറ്റര്‍ നീളവും ആറ് മുതല്‍ 12വരെ കിലോമീറ്റര്‍ വീതിയുമുള്ള ചെറിയ പ്രദേശമാണ് ഗാസ. വടക്കന്‍ ഗാസ, ഗാസ, മധ്യ പ്രദേശം, ഖാന്‍ യുനിസ്, റാഫ എന്നിങ്ങനെയാണ് അഞ്ച് പ്രധാന പ്രദേശങ്ങള്‍. രണ്ട് കരഅതിര്‍ത്തികളാണ് ഇവിടെ നിന്നുള്ളത്. വടക്കും കിഴക്കും. ഒന്ന് ഈജിപ്തിലേക്കും മറ്റൊന്ന് വടക്കന്‍ പ്രദേശത്തേയ്ക്കും. പടിഞ്ഞാറ് ഭാഗത്ത് മെഡിറ്ററേനിയന്‍ കടലാണ്. അതും അടച്ചിട്ടിരിക്കുകയാണ്. ഗാസയുടെ വ്യോമമേഖല നിലവില്‍ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. 2022 ല്‍ ഇസ്രയേലികള്‍ വിമാനത്താവളം തകര്‍ത്തിരുന്നു. ലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട ഗാസ 365 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണുള്ളത്. വടക്ക് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ഇറെസ് ക്രോസിങ്, ഈജിപ്തതിലെ റാഫാ ക്രോസിങ് എന്നിവയാണ് ഗാസയിലേക്കുള്ള പ്രവേശന കവാടങ്ങള്‍. ഇത് രണ്ടും അടച്ചിട്ടിരിക്കുകയാണ്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ളതും ചരക്ക് നീക്കത്തിന് മാത്രം ഉപയോഗിക്കുന്നതുമായ കെരെം ഷലോമാണ് മൂന്നാമത്തെ സ്ഥലം. എന്നാല്‍ തുടര്‍ച്ചയായ മിസൈല്‍ വര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ട നിലയിലാണ്.

13 ബന്ദികള്‍ കൊല്ലപ്പെട്ടു 

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 വിദേശികളടക്കം ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. തെക്കന്‍ ഇസ്രയേലില്‍ ഹമാസും ശക്തമായ റോക്കറ്റ് ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് വര്‍ഷിച്ചു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു.

Eng­lish Sum­ma­ry: Israel-Hamas war
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.