യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിനു പിന്നാലെ ഖാന്‍ യൂനിസില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഖാന്‍ യൂനിസ് ഹമാസ് നേതാക്കളുടെ ഒളിസങ്കേതമാണെന്ന് ആരോപിച്ചാണ് വ്യോമാക്രമണം. കൂടുതല്‍ സെെനിക ടാങ്കുകള്‍ ഖാന്‍ യൂനിസില്‍ വിന്യസിച്ച് കര ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേല്‍ നീക്കം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലുണ്ടായ മരണസംഖ്യ വ്യക്തമല്ലെങ്കിലും മധ്യ ഗാസയിലെ പ്രധാന ആശുപത്രിയായ ദേർ അൽ‑ബാലയിൽ ഇന്നലെ മാത്രം 71 മൃതദേഹങ്ങൾ ലഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 17,487പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 7,000 പേര്‍ കുട്ടികളാണ്. 46,000 പേര്‍ക്ക് പരിക്കേറ്റു. സാധാരണക്കാരെ കൊന്നൊടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി കഴിഞ്ഞു. ഹമാസിനെ ഉന്മൂലം ചെയ്തല്ലാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേലി ബന്ദികളെ തിരികെയെത്തിക്കുന്നതുവരെ ഗാസയില്‍ വ്യോമാക്രമണം തുടരുമെന്നുമാണ് ഇസ്രയേല്‍ നിലപാട്. ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, ആക്രമണം തുടരാന്‍ ഇസ്രയേലിന് കൂടുതല്‍ പിന്തുണ നല്‍കുന്നത് യുഎസാണ്. സുരക്ഷാ കൗണ്‍സിലിലെ കരട് പ്രമേയം വീറ്റോ ചെയ്തതു കൂടാതെ അടിയന്തര നിയമം ഉപയോഗിച്ച് കോണ്‍ഗ്രസിനെ മറികടന്ന് 10,600 കോടി ഡോളറിന്റെ യുദ്ധസാമഗ്രഹികളാണ് യുഎസ് ഇസ്രയേലിന് നല്‍കിയത്.
ഗാസയ്ക്ക് പുറമെ അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ നിരവധി അറസ്റ്റുകളും പരിശോധനകളും നടത്തുന്നുണ്ട്. ശനിയാഴ്ച നടത്തിയ വെടിവയ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കന്‍ ഗാസയിലെ ആക്രമണത്തില്‍ നിന്ന് അഭയം തേടിയെത്തിയവരാണ് നിലവില്‍ ഖാന്‍ യൂനിസുള്‍പ്പെടെയുള്ള തെക്ക് ഭാഗത്തുള്ളത്.
ഇസ്രയേലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെത്തുടര്‍ന്നായിരുന്നു തെക്കന്‍ ഗാസയിലേക്കുള്ള കൂട്ടപ്പലായനം. പ്രദേശത്ത് ആക്രമണം കടുപ്പിക്കുന്നതോടെ അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ വഷളാകും. ഗാസ ജനസംഖ്യയുടെ പകുതിയിലധികവും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ കാള്‍ സ്‍കൗ പറയുന്നതനുസരിച്ച് ഗാസ മുനമ്പിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഗാസയിലേക്കുള്ള ഭക്ഷണം, കുടിവെള്ളം മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ണമായും നിലച്ചു. റാഫ അതിര്‍ത്തി വഴി മാത്രമാണ് പരിമിതമായ അളവിലെങ്കിലും സഹായമെത്തുന്നത്.
English Summary: Israel-Hamas war updates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.