13 October 2024, Sunday
KSFE Galaxy Chits Banner 2

പശ്ചിമേഷ്യയെ അസ്ഥിരമാക്കി ഇസ്രയേല്‍

ലെബനനില്‍ ആക്രമണം ശക്തമാക്കുന്നു 
കൂടുതല്‍ പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം
Janayugom Webdesk
ബെയ്റൂട്ട്
October 13, 2024 10:08 pm

പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കി ലെബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നു. തെക്കൻ പ്രദേശങ്ങളില്‍ കൂടുതൽ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതോടെ യുദ്ധം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പടിഞ്ഞാറൻ ബെക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തുള്ള 23 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലാണ് ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്. തെക്കന്‍ ലെബനനിലെ ഭൂരിഭാഗം ഗ്രാമങ്ങളില്‍ നിന്നും താമസക്കാര്‍ ഇതിനകം പലായനം ചെയ്തു. ആംബുലന്‍സുകള്‍ക്കു പോലും സംരക്ഷണമുണ്ടാകില്ലെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ കടത്താന്‍ ഹിസ്ബുള്ള ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇസ്രയേല്‍ സെെന്യം ആരോപിച്ചു. ഹിസ്ബുള്ള പ്രവർത്തകരുമായി ഇടപെടുന്നത് ഒഴിവാക്കാനും അവരുമായി സഹകരിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുണ്ട്.

കിഴക്കൻ നഗരമായ ബാൽബെക്കിലും ബെക്കാ താഴ്‍വരയിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുമായോ അനുബന്ധ സംഘടനകളുമായോ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഇസ്രയേല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുമായി സഹകരിക്കുന്നുവെന്ന കാരണത്താല്‍ അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അവരുടെ സംരക്ഷിത പദവിയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആരോഗ്യ സന്നദ്ധ സംഘടനയായ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സിന്റെ (എംഎസ്എഫ്)ക്ലിനിക്ക് അടച്ചുപൂട്ടാൻ ഇസ്രയേല്‍ സെെ­ന്യം ഉത്തരവിട്ടിരുിന്നു. അതിനിടെ, ലെബനനിലെ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വടക്കൻ ലെബനനിലെ ദേർ ബില്ല, തെക്കന്‍ നഗരമായ നബാത്തിയിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ബെയ്‌റൂട്ടിന് വടക്കുള്ള പർവതപ്രദേശമായ മെയ്‌സ്ര ഗ്രാമത്തിൽ ഒമ്പത് പേരും ഷൂഫ് ജില്ലയിലെ ബർജയിൽ നാല് പേരും കൊല്ലപ്പെട്ടു. തെക്കൻ ലെബനനിൽ നിന്നുള്ള കുടുംബങ്ങൾ അഭയം പ്രാപിച്ച ഒരു വീടിനെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ലെബനനിൽ നിന്ന് 320 ഓളം പ്രൊജക്‌ടൈലുകൾ ഹിസ്ബുള്ള പ്രയോഗിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ടെൽ അവീവിന്റെ പ്രാന്തപ്രദേശത്ത് ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തി. ലെബനനിൽ നിന്നുള്ള രണ്ട് ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രയേല്‍ സെെന്യം സ്ഥിരീകരിച്ചു. പീരങ്കികളും വ്യോമാക്രമണങ്ങളും ഉപയോഗിച്ച് ലെബനനിലെ 200 ലധികം ലക്ഷ്യങ്ങൾ ആക്രമിക്കുകയും 50 ഓളം ഹിസ്ബുള്ള അംഗങ്ങളെ കൊല്ലുകയും ഡസൻ കണക്കിന് ആയുധ സംഭരണ ​​കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തതായി സൈന്യം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.