4 January 2026, Sunday

Related news

September 19, 2025
September 18, 2025
September 17, 2025
September 16, 2025
September 16, 2025
September 16, 2025
September 16, 2025
August 26, 2025
August 21, 2025
August 13, 2025

ഗാസയില്‍ വീണ്ടും കരയാക്രമണം

Janayugom Webdesk
ജെറുസലേം
October 27, 2023 11:25 pm

ഗാസയില്‍ കരയാക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം. വ്യോമാക്രമണത്തോടൊപ്പം തുടര്‍ച്ചയായ രണ്ടാം ദിനവും ടാങ്കുകള്‍ ഗാസ അതിര്‍ത്തിയില്‍ പ്രവേശിച്ച് ആക്രമണം നടത്തി. ലബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. അതിനിടെ റാഫ അതിര്‍ത്തിക്ക് സമീപം ഈജിപ്ഷ്യന്‍ കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിച്ചു. ആറുപേര്‍ക്ക് ഇതില്‍ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുന്നു. പലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലേയുടെ സ്മാരകം ഇസ്രയേല്‍ സൈന്യം തകര്‍ത്തു. ടെല്‍ അവീവില്‍ കെട്ടിടത്തിലേക്ക് റോക്കറ്റ് പതിച്ചുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു.

ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതു വരെ തടവിലാക്കിയവരെ മോചിപ്പിക്കാനാകില്ലെന്ന് ഹമാസ് പ്രതികരിച്ചു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തില്‍ സൈനികർ അടക്കമുള്ള 224 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് പലസ്തീനികളുടെ പേരുകൾ ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. മരണസംഖ്യയുടെ വിശ്വാസ്യത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചോദ്യം ചെയ്തതിനെ തുടർന്നാണിത്.

അതേസമയം യുഎസിന്റെ ആരോപണം തെറ്റാണെന്നും കണക്കുകള്‍ വസ്തുതാപരമാണെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു. 21 ദിവസത്തെ ആക്രമണത്തില്‍ 7,326 പലസ്തീനികൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 3038 പേര്‍ കുട്ടികളാണ്. 1726 സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര അറിയിച്ചു. 1700 ഓളം പേരെ കാണാതായിട്ടുമുണ്ട്. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 1400ലധികം പേരാണ് കൊല്ലപ്പെട്ടത്.

വെടിനിര്‍ത്തല്‍? ഖത്തര്‍ മധ്യസ്ഥത വഹിക്കും 

ഖത്തറിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. തടവുകാരെ കൈമാറുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. അടിയന്തര വെടിനിര്‍ത്തലിനായി ലോകരാജ്യങ്ങളും സംഘടനകളും ആവശ്യം ശക്തമാക്കിയിരുന്നു. യുഎന്‍ അടക്കമുള്ള സംഘടനകള്‍ അടുത്തിടെ ഇസ്രയേലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആക്രമണം തുടര്‍ന്നാല്‍ പിന്തുണ നഷ്ടമായേക്കുമെന്ന വിലയിരുത്തല്‍ ഇസ്രയേല്‍ നിലപാടിനെ മയപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കി.

സിറിയയിൽ യുഎസ് വ്യോമാക്രമണം 

ദമാസ്കസ്: സിറിയയിൽ യുഎസ് വ്യോമാക്രമണം. കിഴക്കൻ സിറിയയിൽ ഇറാന്റെ ഇസ്ലാമിക് റവലൂഷനറി ഗാർഡ് കോപ്സ് (ഐആർജിസി) ഉപയോഗിച്ചിരുന്ന രണ്ടു കേന്ദ്രങ്ങളിലേക്കാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇറാഖിലും സിറിയയിലും യുഎസ് സേനക്കു നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് വ്യോമാക്രമണമെന്ന് പെന്റഗണ്‍ ന്യായീകരിച്ചു. ഇറാൻ റവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ ലക്ഷ്യമിട്ട് എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇത് ഇസ്രയേലുമായി ചേർന്നുള്ള ആക്രമണമെല്ലെന്നും പെന്റഗൺ പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരമായിരുന്നു ആക്രമണം. എന്നാല്‍ സിറിയയോ ഇറാനോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ യുഎസ് സൈന്യത്തിനുനേർക്ക് ഇറാഖില്‍ 12 തവണയും സിറിയയില്‍ നാലു തവണയും ആക്രമണമുണ്ടായതായി യുഎസ് പറയുന്നു. വിവിധ ആക്രമണങ്ങളിലായി 21 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. 2,500 ഓളം സൈനികരാണ് ഇറാഖിലുള്ളത്. 900ഓളം യുഎസ് സൈനികര്‍ സിറിയയിലുണ്ട്.

Eng­lish Sum­ma­ry: israel palas­tine conflict
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.