23 December 2024, Monday
KSFE Galaxy Chits Banner 2

കനലടങ്ങാത്ത പശ്ചിമേഷ്യ

Janayugom Webdesk
October 29, 2023 5:00 am

ഗാസയിൽ അറായിരത്തിലേറെപ്പേർ ഇസ്രയേൽ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് പലസ്തീൻ കണക്കുകൾ. തീവ്ര നശീകരണത്തിന് ഇസ്രയേൽ തയ്യാറെടുക്കുകയാണെന്നും പലസ്തീൻ അധികാരികൾ ചൂണ്ടിക്കാട്ടുന്നു. ഹമാസ് ഭരണം അവസാനിപ്പിക്കാനുള്ള വ്യഗ്രതയിൽ കരയുദ്ധത്തിലേക്ക് ഇസ്രയേൽ കടന്നിരിക്കുന്നു. പരസ്പര സംഘർഷങ്ങളും അവിശ്വാസവും ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഇസ്രയേൽ രാഷ്ട്രത്തിന്റെ നാൾവഴികളിലെല്ലാം സംഘർഷത്തിന്റെയും അവിശ്വാസത്തിന്റെയും കള്ളിമുള്ളുകൾ കണ്ടെത്താനാകും. ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1400 ഓളം പേരായിരുന്നു. ഇസ്രയേൽ‑പലസ്തീൻ സംഘര്‍ഷത്തിലെ രക്തരൂഷിത തന്ത്രങ്ങള്‍ ഹമാസിന്റെ ചെയ്തികളിലും ഇസ്രയേലിന്റെ മറുചെയ്തികളിലും കലർന്നിരിക്കുന്നത് കാണാം. ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലുള്ള ഭൂമികയിൽ ഇരുവരും അവകാശവാദമുന്നയിച്ചുകൊണ്ടേയിരിക്കുന്നു. ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലിങ്ങളും ഈ മണ്ണ് പവിത്രമായിക്കരുതുന്നു. ഈ കര അവർ പങ്കിടുകയും ചെയ്യുന്നു. അശാന്തിയുടെ നാളുകൾക്ക് ഏഴു പതിറ്റാണ്ടുകളിലേറെ ദൈർഘ്യമുണ്ട്. പരിഹാരം സമാധാനത്തിനായുള്ള വിട്ടുവീഴ്ചകളായിരുന്നു. ചിലകാലത്ത് ചിലതെല്ലാം നടന്നു. അവയുടെയെല്ലാം ആയുസ് പക്ഷെ ഹ്രസ്വമായിരുന്നു. 1948 മുതൽ കലാപമൊടുങ്ങിയ കാലങ്ങളധികമില്ല. ഗാസയിലെ അക്രമം പുതിയ പോർമുഖം തുറന്നിരിക്കുന്നു. ഹമാസിന്റെ അക്രമണങ്ങളെ തുടർന്ന് ഇസ്രയേലിന് ഉപാധികളില്ലാത്ത പിന്തുണയുമായി അമേരിക്ക മുന്നിട്ടിറങ്ങി. ഇസ്രയേലിന്റെ യുദ്ധക്കൊതിക്ക് ഇത് ആക്കംകൂട്ടുമെന്ന മുന്നറിയിപ്പുകളെ പരിഗണിച്ചില്ല. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുമെന്ന യാഥാർത്ഥ്യവും കണ്ടില്ല. പലസ്തീൻ ജനതയുടെ വംശഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന സൂചനകളും അമേരിക്കൻ ഭരണകൂടം അവഗണിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ നിയമ പണ്ഡിതരുടെ സംഘം ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർക്ക് ഒക്ടോബർ 18ന് 44 പേജുള്ള കത്ത് കൈമാറി. എന്നാൽ ഇസ്രയേലിലെത്തിയ പ്രഡിഡന്റ് ജോ ബൈഡൻ അമേരിക്കൻ ഭരണകൂടത്തിന്റെ കലവറയില്ലാത്ത പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു. ‘കൂട്ട ബോംബാക്രമണങ്ങളിലൂടെയും ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങി അവശ്യവസ്തുക്കള്‍ നിഷേധിച്ചും പലസ്തീൻ ജനതയെ വംശീയമായി ഇല്ലാതാക്കുകയാണ് ഇസ്രയേൽ’- അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ കാതറിൻ ഗല്ലഗെർ ചൂണ്ടിക്കാട്ടുന്നു. ‘ഇസ്രയേലിന്റെ വംശഹത്യ തടയുന്നതിൽ അമേരിക്ക പരാജയപ്പെട്ടു. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനുമാകില്ല’ എന്നും അവര്‍ പറഞ്ഞു. 1916ൽ സൈക്സ്-പിക്കോട്ട് കരാറിലൂടെ പശ്ചിമേഷ്യൻ പ്രദേശങ്ങൾ കീറിമുറിക്കാനുദ്ദേശിച്ച് ബ്രിട്ടനും ഫ്രാൻസും രഹസ്യ ധാരണയൊരുക്കി. ഗാസ മുനമ്പ് ഇതിൽ നിർണായകമായിരുന്നു. 1915 മുതൽ 1916 വരെ മക്കയുടെ അമീറും ഈജിപ്തിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറും തമ്മിൽ നടത്തിയിരുന്ന കത്തിടപാടുകൾ ഇപ്പോൾ വീണ്ടും ഉയർത്തിക്കാട്ടുന്നു. മക്‌മോഹൻ- ഹുസൈൻ കത്തിടപാടുകൾ എന്ന പേരിലറിയപ്പെടുന്ന ഇ‌ൗരേഖകൾ ഒരു സ്വതന്ത്ര അറബ് രാജ്യം എന്ന വാഗ്ദാനം ഉയർത്തിക്കാട്ടുന്നു. 1917ല്‍ ബ്രിട്ടന്റെ വിദേശ സെക്രട്ടറി ആർതർ ബാൽഫോർ തന്റെ സർക്കാരിന്റെ പിന്തുണ ‘പലസ്തീനിൽ ജൂത ജനതയ്ക്കൊരു വീട്’ എന്ന തലത്തിലേക്ക് മാറ്റി. ജൂത ബാങ്കിങ് കുടുംബം ബാരൺ വാൾട്ടർ റോത്ചൈൽഡിനുള്ള കത്തിലാണ് പലസ്തീനിൽ ഇസ്രയേൽ ഭരണകൂടത്തിനുള്ള അവകാശം ബാൽഫോർ ഉറപ്പിക്കുന്നത്. പലസ്തീനിലേക്കുള്ള കയ്യേറ്റത്തിന്റെ ആദ്യകാല അടയാളമായി ഇത് മാറി. 1947ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 181-ാം പ്രമേയം പാസാക്കി. അറബ്, ജൂത രാജ്യങ്ങൾക്ക് വ്യവസ്ഥയുണ്ടായി. ജെറുസലേം അന്താരാഷ്ട്ര ഭരണത്തിൽ കീഴിലായി. 1987 ഡിസംബറിൽ ആദ്യത്തെ ഇൻതിഫാദ (പലസ്തീൻ പ്രക്ഷോഭം) നടന്നു. ഇത് വലിയതോതിലുള്ള ഏറ്റുമുട്ടലുകൾക്ക് വഴിയായി. 1993ൽ, ഒന്നാം ഓസ്ലോ കരാറിൽ ഇസ്രയേലും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പിഎൽഒ) ഒപ്പിട്ടു. 1995ൽ പ്രധാനമന്ത്രി യിത്സാക് റാബിൻ കൊല്ലപ്പെട്ടു. 2000ൽ രണ്ടാം ഇൻതിഫാദ ആരംഭിച്ചു. 2006ൽ ഗാസയിൽ ഹമാസ് അധികാരത്തിലേറി. 2008 ഡിസംബറിൽ ഇസ്രയേൽ ഗാസ ആക്രമിച്ചു. 2012 നവംബറിലാണ് ഹമാസ് സൈനിക മേധാവിയെ ഇസ്രയേൽ കൊലപ്പെടുത്തിയത്. 2017 ഡിസംബറിൽ, ജെറുസലേം ഇസ്രയേൽ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു.


ഇതുകൂടി വായിക്കൂ: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


ഇസ്രയേൽ പലസ്തീനികളെ വ്യാപകമായി കൊന്നൊടുക്കി. 146 പേർ കൊല്ലപ്പെട്ടതായി യുഎൻ വ്യക്തമാക്കി. 2022 ഡിസംബറിൽ ഇസ്രയേൽ പ്രധാനമന്ത്രിയായി ആറാം തവണയും ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ തീവ്ര വലതുപക്ഷശക്തികളെ ചേർത്ത് സർക്കാർ രൂപീകരിച്ചു. അതോടെ ഇരു സ്വതന്ത്രരാഷ്ട്രങ്ങൾ എന്ന പ്രതീക്ഷ തകർന്നുതുടങ്ങി. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഗാസാ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. മൂന്ന് തീവ്രവാദികള്‍ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും വ്യോമാക്രമണത്തിന് ഇരകളായി. ഏറ്റുമുട്ടല്‍ അഞ്ച് ദിവസം നീണ്ടു. അക്രമത്തിൽ 33 പേരെങ്കിലും കൊല്ലപ്പെട്ടു. ജൂൺ 19ന് ഇസ്രയേലി സൈന്യം ജെനിൻ ആക്രമിച്ചു. പടിഞ്ഞാറൻ ഭാഗത്ത് ഹെലികോപ്‌റ്ററുകൾ, യുദ്ധക്കപ്പലുകൾ എന്നിവ സജ്ജമാക്കി. രണ്ടാം ഇൻതിഫാദയ്ക്കു ശേഷം ഇത്തരം നീക്കം ആദ്യമായിരുന്നു. ജൂലൈയിൽ, ഡ്രോൺ സഹായത്തോടെ 1000 ഇസ്രയേൽ സൈന്യം ജെനിൻ പ്രദേശത്തെ അഭയാർത്ഥി ക്യാമ്പിനെതിരെ അക്രമണം നടത്തി. 12 പേർ കൊല്ലപ്പെട്ടു. ‘വിപുലമായ തീവ്രവാദ വിരുദ്ധ ശ്രമം’ എന്നായിരുന്നു ഇസ്രയേൽ അവകാശപ്പെട്ടത്. ഇത് തുടരുമെന്നും വ്യക്തമാക്കി. ഒക്ടോബർ എട്ടിന് ഇസ്രയേൽ ആക്രമണം ആവർത്തിച്ചു. ഹമാസ് ആക്രമണത്തിന് മറുപടി ‘യുദ്ധം’ എന്ന് നെതന്യാഹു പ്രഖ്യാപിച്ചു. 1973ലെ യോം കിപ്പൂർ യുദ്ധത്തിന്റെ 50-ാം വാർഷികമായിരുന്നു ഒക്ടോബർ എട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.