18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 13, 2024
October 7, 2024
October 4, 2024
July 17, 2024
May 31, 2024
May 30, 2024
May 22, 2024
April 27, 2024
February 26, 2024

അധിനിവേശവും കുടിയിറക്കവും

രാജാജി മാത്യു തോമസ്
November 3, 2023 4:30 am

ഒന്നാം ലോകയുദ്ധകാലത്ത് (1914–18) ഓട്ടോമൻ തുർക്കികൾക്കെതിരായ അറബുകളുടെ കലാപത്തെ ബ്രിട്ടീഷുകാർ പിന്തുണച്ചു. പശ്ചിമേഷ്യയിൽനിന്ന് തുർക്കുകളെ തുരത്താനായാൽ അറബുകളുടെ സ്വാതന്ത്ര്യം ഉറപ്പുനൽകിയാണ് ബ്രിട്ടനും ഫ്രാൻസും യുദ്ധത്തിൽ പങ്കുചേർന്നത്. എന്നാൽ യുദ്ധം അവസാനിച്ചതോടെ തുർക്കുകളുടെ അധീനതയിലായിരുന്ന ഭൂപ്രദേശമാകെ ഇരുവരും പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെയാണ് പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷൻസിന്റെ അംഗീകാരത്തോടെ ബ്രിട്ടീഷ് മാൻഡേറ്റിന് കീഴിലാവുന്നത്. സ്വാതന്ത്ര്യം വാഗ്ദാനം നൽകി അറബ് ജനതയെ വഞ്ചിച്ച ബ്രിട്ടീഷ് ഭരണം 1920 മുതൽ 1948 വരെ നീണ്ടുനിന്നു. ഇതിനിടെ ജൂതന്മാർക്ക് സ്വന്തമായി പലസ്തീനിൽ ഒരു രാജ്യം വാഗ്ദാനം ചെയ്യുന്ന 1917ലെ ‘ബാൾഫർ പ്രഖ്യാപന’ത്തിൽ സയണിസ്റ്റുകളുമായി ബ്രിട്ടൻ ഒപ്പുവച്ചിരുന്നു. അതായിരുന്നു പിൽക്കാലത്ത് ഇസ്രയേൽ രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഒന്നാം ലോകയുദ്ധത്തെ തുടർന്ന് കുടിയേറ്റക്കാരായ ജൂതന്മാർ തങ്ങൾ കുടിയേറിയ രാജ്യങ്ങളിൽ നേരിടേണ്ടിവന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ എന്ന തങ്ങളുടെ വാഗ്ദത്തഭൂമിയിലേക്കുള്ള തിരിച്ചൊഴുക്ക് ആരംഭിച്ചു. ബ്രിട്ടന്റെയും യൂറോപ്പിലെ സമ്പന്ന ജൂത പ്രമാണിമാരുടെയും രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണയോടെയാണ് കർഷകരും കൈവേലക്കാരുമായ റഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും ഏഷ്യാമൈനറിലെയും വടക്കുകിഴക്കൻ ഏഷ്യയിലെയും ജൂതന്മാരുടെ തിരിച്ചുവരവ്. അറബുകളുടെ ഭൂമിവാങ്ങി പലസ്തീൻപ്രദേശത്ത് അവർ പുതിയ ജീവിതം ആരംഭിച്ചു. ചില്ലറ സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് മാൻഡേറ്റിനുകീഴിൽ കുടിയേറ്റം തുടർന്നു. രണ്ടാം ലോകയുദ്ധം ജൂതവംശത്തിന്റെ ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമായിരുന്നു. ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ചയിൽ 60ലക്ഷത്തില്പരം ജൂതന്മാരാണ് വിഷവാതക അറകളിലും മറ്റുമായി അരുംകൊലചെയ്യപ്പെട്ടത്. ‘ഹൊളോകാസ്റ്റ്’ അഥവാ സർവനാശം എന്ന് ചരിത്രം രേഖപ്പെടുത്തുന്ന ദുരന്ത സംഭവപരമ്പരകളെത്തുടർന്ന് യൂറോപ്യൻ ജൂതന്മാരുടെ പലസ്തീനിലേക്കുള്ള ഒഴുക്ക് ശക്തിയാർജിച്ചു. അവരുടെ ജനസംഖ്യ 1948 ആവുമ്പോഴേക്കും എട്ടുലക്ഷം കവിഞ്ഞു. ഒമ്പതരലക്ഷത്തോളം മാത്രം ജനസംഖ്യയുണ്ടായിരുന്ന പലസ്തീനികൾ അവരുടെ ജന്മനാട്ടിൽനിന്നും കൂട്ടത്തോടെ പുറന്തള്ളപ്പെട്ടു. ഇസ്രയേൽ രാഷ്ട്രത്തിന്റെ പ്രഖ്യാപനത്തോടെ പലസ്തീൻ ഭൂപ്രദേശത്തിന്റെ 78 ശതമാനവും അവരുടെ കൈകളിലായി.

ഏഴരലക്ഷത്തില്പരം പലസ്തീനികളാണ് സ്വന്തം ഭൂമിയിൽനിന്നും പുറന്തള്ളപ്പെട്ടത് ഹൊളോകാസ്റ്റ് എന്നവാക്കിന്റെ അതേ അർത്ഥം വരുന്ന ‘നക്ബ’ എന്ന അറബ് വാക്കിലൂടെയാണ് ആ മനുഷ്യദുരന്തം ചരിത്രത്തിൽ സ്ഥാനംപിടിക്കുന്നത്. പലസ്തീൻ ജനത അന്തമില്ലാതെ തുടരുന്ന ആ ദുരന്തത്തിലൂടെയാണ് കഴിഞ്ഞ ഏഴരപതിറ്റാണ്ടുകൾ പിന്നിട്ടത്. വെളിച്ചത്തിന്റെ കണികപോലും ദൃഷ്ടിഗോചരമല്ലാത്ത കൊടിയ വംശീയവിവേചനത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും സമാനതകളില്ലാത്ത അടിച്ചമർത്തലുകളുടെയും കൂട്ടക്കൊലകളുടെയും നിലകാണാക്കയത്തിലേക്കാണ് പലസ്തീൻജനത എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ ഇന്ന് അനിഷേധ്യമായ യാഥാർത്ഥ്യമാണ്. അത് ലോകം അംഗീകരിക്കുന്നു. എന്നാൽ അത് മറ്റൊരു ജനതയുടെ നിയമപരവും രാഷ്ട്രീയവുമായ അവകാശങ്ങളെ നിഷേധിച്ചുകൊണ്ടാവരുത്. ആ യാഥാർത്ഥ്യം അംഗീകരിക്കാൻ ഇസ്രയേൽ സന്നദ്ധമല്ല എന്നതാണ് പശ്ചിമേഷ്യയിൽ പുകഞ്ഞും തുടർച്ചയായ ഇടവേളകളിൽ ആളിക്കത്തിയും തുടരുന്ന അശാന്തിയുടെ കാതൽ. പലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരം ഐക്യരാഷ്ട്രസഭ ഇരുരാജ്യങ്ങളുടെയും അതിർത്തികൾ നിർണയിച്ച് 1948മുതൽ അംഗീകരിച്ചുപോന്നിട്ടുള്ള പ്രമേയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. യുഎസിന്റേയും പാശ്ചാത്യ സാമ്രാജ്യശക്തികളുടെയും സമ്മർദങ്ങൾക്കുവഴങ്ങി നിരവധിത്തവണകളായി മാറ്റിവരച്ച അതിരുകൾ അംഗീകരിച്ച് ദ്വിരാഷ്ട്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ ഇരുജനതകൾക്കും സമാധാനപൂർവം ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇസ്രയേലിലെ തീവ്ര വലതുപക്ഷ സയണിസ്റ്റ് ഭരണകൂടം സന്നദ്ധമല്ല. ആ നിലപാടിൽനിന്നും അവരെ പിന്തിരിപ്പിക്കാനും രാഷ്ട്രീയ പരിഹാരത്തിനുവേണ്ടി അവരിൽ സമ്മർദം ചെലുത്താനും യുഎസും പാശ്ചാത്യശക്തികളും വിസമ്മതിക്കുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യ നാളിതുവരെയും പിന്തുടർന്നുപോന്ന നിലപാടുകളിൽനിന്നും വ്യതിചലിച്ച് യുഎസ് സാമ്രാജ്യത്വചേരിയുമായി കൈകോർത്തിരിക്കുന്നു.


ഇതുകൂടി വായിക്കൂ: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


ഇന്ത്യൻ ഭരണവൃത്തത്തിന്റെയും യുഎസ് നേതൃത്വം നൽകുന്ന പാശ്ചാത്യ ശക്തികളുടെയും നിലപാടുകൾ അവരവരുടെ നിക്ഷിപ്ത രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളിൽ അധിഷ്ഠിതമാണ്. അതിന് ലോക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായോ ജനതകളുടെ ജീവിത യാഥാർത്ഥ്യങ്ങളുമായോ ബന്ധമേതുമില്ല. ഇസ്രയേൽ രാഷ്ട്രസ്ഥാപനം നടക്കുന്നത് രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിൽ ‘സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ’ത്തിന്റെ അസ്തമനത്തിന്റെ ആരംഭത്തോടെയാണ്. അപ്പോഴേക്കും അമേരിക്കൻ ഐക്യനാടുകൾ ലോകസാമ്രാജ്യത്തിന്റെ നേതൃസ്ഥാനത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. പുതിയ സാമ്രാജ്യത്തിന്റെ ലോകമേൽക്കോയ്മ നിലനിർത്താൻ പശ്ചിമേഷ്യയിലെ എണ്ണസമ്പത്തിന്റെയും അതിന്റെ നീക്കത്തിന്റെയും ഇന്ത്യയടക്കം ഏഷ്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളുടെയും വാണിജ്യത്തിന്റെയും നിയന്ത്രണവും തങ്ങളുടെ കൈപ്പിടിയിലൊതുക്കുക അനിവാര്യതയായി വന്നു. അതിൽ തന്ത്രപ്രധാനമായ സൂയസ് കനാലിന്റെ നിയന്ത്രണവും നിർണായകമായിരുന്നു. ചുരുക്കത്തിൽ ജൂതന്മാരുടെ ഒരു രാഷ്ട്രം എന്നതിലുപരി പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തെ നിയന്ത്രിക്കാനുള്ള ഇടനിലക്കാരനും മുഠാളരാഷ്ട്രവുമായി മാറുകയായിരുന്നു ഇസ്രയേൽ. 1948 മുതലുള്ള പശ്ചിമേഷ്യൻ ലോകരാഷ്ട്രീയ സംഭവവികാസങ്ങൾ ഈ വസ്തുതകളെ സാധൂകരിക്കുന്നുണ്ട്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രഭരണം കയ്യാളിയതോടെ ഇന്ത്യ- ഇസ്രയേൽ ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ മാറ്റം വിസ്മയകരമാണ്. ബെഞ്ചമിൻ നെതന്യാഹു നേതൃത്വംനൽകുന്ന തീവ്ര വലതുപക്ഷ സയണിസ്റ്റ് ഇസ്രയേലി ഭരണകൂടവും മോഡി നേതൃത്വം നൽകുന്ന ആർഎസ്എസ്-സംഘ്പരിവാർ തീവ്ര ഹിന്ദുത്വ ഭരണകൂടവും ആശയതലത്തിൽ ഒരേതൂവൽ പക്ഷികളാണ്. ഇരുവരും ഒരു പ്രത്യേക മതത്തോടുള്ള വിദ്വേഷരാഷ്ട്രീയത്തിലാണ് നങ്കൂരമുറപ്പിച്ചിട്ടുള്ളത്. അതിലുപരി ഇരുവരുടെയും സാമ്പത്തിക താല്പര്യങ്ങൾക്ക് ഒരു പൊതു അടിത്തറയുമുണ്ട്. ഇസ്രയേലിന്റെ മധ്യധരണ്യാഴിയിലെ ആഴക്കടൽ തുറമുഖമായ ഹൈഫയുടെ നടത്തിപ്പ് അഡാനി ഗ്രൂപ്പ് വിവാദങ്ങളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിലും 120 കോടി ഡോളർ രൊക്കമായി നൽകി സ്വന്തമാക്കിയത് ഇക്കൊല്ലം ഫെബ്രുവരി മാസത്തിലാണ്. ഇത് ഇന്ത്യൻ ചങ്ങാത്ത മുതലാളിത്തം ലോകരംഗത്ത് നടത്തുന്ന പുതിയ വെട്ടിപ്പിടിത്തങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. പ്രതിരോധ വ്യവസായരംഗത്ത് പുത്തൻകൂറ്റുകാരായ അഡാനി ഗ്രൂപ്പ് മോഡി, ഇസ്രയേലുമായി ഉണ്ടാക്കിയ ആയുധ വ്യാപാരനിർമ്മാണ കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയതും ഇസ്രയേലിനോടും പലസ്തീനോടുമുള്ള സമീപനത്തിലും ഇന്ത്യയുടെതന്നെ വിദേശനയത്തിലുള്ള മൗലിക വ്യതിയാനവും ഈ വസ്തുതകൾ വിശദീകരിക്കുന്നുണ്ട്. (അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.