ഇസ്രയേൽ‑ഹമാസ് സംഘര്‍ഷത്തിന്റെ പ്രത്യേകത, യുദ്ധത്തിന്റെ നേരിട്ടുള്ള ആഘാതം ഇന്ത്യയിലെത്തുന്നില്ല എന്നതാണ്. പക്ഷേ അതിര്‍ത്തികള്‍ താണ്ടിയെത്താനിടയുള്ള ആഘാതം ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേൽ, ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയോ പ്രധാന വിദേശനിക്ഷേപക രാജ്യമോ അല്ല. പലസ്തീനും അങ്ങനെതന്നെ. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഇസ്രയേലിന്റെ വിഹിതം. പലസ്തീനുമായി നേരിട്ട് വ്യാപാരബന്ധമില്ല; അത് ഇസ്രയേൽ വഴിയാണ്. അതിനാൽ, പലസ്തീനുമായുള്ള വ്യാപാരത്തിന്റെ കൃത്യമായ കണക്കുകളും ലഭ്യമല്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2020ൽ ഇന്ത്യ‑പലസ്തീൻ ഉഭയകക്ഷി വ്യാപാരം 67.7 ദശലക്ഷം യുഎസ് ഡോളറായിരുന്നു. അതേസമയം നിലവിലെ യുദ്ധത്തിൽ അറബ് ലോകം ചേരുകയാണെങ്കിൽ സ്ഥിതി ഗുരുതരമായി മാറും. അറേബ്യന്‍ രാജ്യങ്ങൾ ഇന്ത്യയുടെ പ്രധാന സാമ്പത്തിക സഖ്യകക്ഷികളാണ്. ഇന്ത്യയെ അറേബ്യയുമായി അടുപ്പിക്കുന്നത് എണ്ണയാണ്. അറബ് ലോകം യുദ്ധത്തിൽ ചേരുമ്പോഴുണ്ടാകാവുന്ന എണ്ണ പ്രതിസന്ധി നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. നിലവിൽ, രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 55 ശതമാനത്തിലധികം അറബ് രാജ്യങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ആഭ്യന്തര ആവശ്യത്തിനുള്ള അസംസ്കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ആഘാതം മുസ്ലിം, സുന്നി, ഷിയ എന്നിവര്‍ക്കിടയിലുണ്ടാകാവുന്ന മതപരമായ ഭിന്നതയാണ്. അറബ് ലോകം യുദ്ധത്തിൽ പങ്കാളികളാകുമെങ്കിൽ എണ്ണ പ്രതിസന്ധിയുണ്ടാക്കുന്നതിൽ അവർക്ക് പ്രധാന പങ്ക് വഹിക്കാനാകും. അസംസ്കൃത എണ്ണയുടെ ഇറക്കുമതിയില്‍ വലിയൊരു പങ്ക് സുന്നി ആധിപത്യ രാജ്യങ്ങളിൽ നിന്നാണ്. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നിവയാണ് ക്രൂഡ് ഓയിലിന്റെ പ്രധാന വിതരണക്കാർ. ഇവയെല്ലാം സുന്നി ആധിപത്യ രാജ്യങ്ങളാണ്. പലസ്തീന്‍ സുന്നി ഭൂരിപക്ഷ (98 ശതമാനം) മേഖലയായതിനാല്‍ അറബ് ലോകം യുദ്ധത്തിൽ ചേരാനുള്ള വലിയസാധ്യത നിലനില്‍ക്കുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലാണ്. അതുകൊണ്ട് ഇറക്കുമതിയിലെ തടസം ബാലൻസ് ഓഫ് പേയ്മെന്റില്‍ സ്വാധീനമുണ്ടാക്കും. ഒരു രാജ്യത്തെ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനം, വ്യക്തികൾ എന്നിവയുടെ നിശ്ചിത കാലയളവിലേക്ക് മറ്റൊരു രാജ്യത്തേക്കുള്ള ഇടപാടുകളുടെ സ്ഥിതിവിവരക്കണക്കാണ് ബാലൻസ് ഓഫ് പേയ്‌മെന്റ്. എണ്ണവില ഉയരുന്നത് വ്യാപാരക്കമ്മി വർധിക്കുന്നതിലേക്കും നയിക്കും. വ്യാപാരക്കമ്മി വർധിക്കുമ്പോഴെല്ലാം കറന്റ് അക്കൗണ്ടില്‍ അസന്തുലിതാവസ്ഥ വർധിക്കും. ഇത് വിദേശനാണ്യ കരുതൽ ശേഖരത്തിൽ സമ്മർദം ചെലുത്തും. ഹമാസ്-ഇസ്രയേൽ സംഘര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന ഭീഷണിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു റഷ്യ‑ഉക്രെയ്ൻ യുദ്ധം. ഉക്രെയ്‌നിലെ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടമുണ്ടായി. 2023ൽ ഇത് 72 ശതമാനം വർധിച്ചു. രാജ്യത്തെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 16 ശതമാനമാണിത്. മുൻവർഷത്തെ രണ്ട് ശതമാനത്തില്‍ നിന്നായിരുന്നു ഈ വര്‍ധന. കുറഞ്ഞവിലയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി നടന്നത് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. 2022–23 ലെ ആദ്യ ഒമ്പത് മാസങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്തത്. ബാരലിന് ശരാശരി 87.7 ഡോളറായാണ് റഷ്യ എണ്ണ നല്‍കിയത്. സൗദി അറേബ്യയിൽ ബാരലിന് 101.5 യുഎസ് ഡോളര്‍, കുവൈറ്റിൽ 95.4, ഇറാഖിൽ നിന്ന് 92.6 ഡോളര്‍ നിരക്കുള്ളപ്പോഴായിരുന്നു റഷ്യയുടെ എണ്ണ 15 ശതമാനത്തിലേറെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായത്. 360 കോടി ഡോളറിന്റെ വിദേശനാണ്യ ലാഭമാണ് ഇക്കാലയളവില്‍ മാത്രം ഇന്ത്യ നേടിയത്. രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയാകട്ടെ ഉയര്‍ന്നനിലയില്‍ തന്നെയായിരുന്നുതാനും. നിലവിലെ യുദ്ധത്തിൽ ഇറാന്‍ പങ്കെടുക്കാനിടയുണ്ടെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. പക്ഷേ നാല് വർഷം മുമ്പ് അമേരിക്കന്‍ ഉപരോധത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതുകൊണ്ട് ഇന്ത്യയെ വലിയതോതില്‍ ബാധിക്കില്ല.
അതേസമയം ഈജിപ്ത് യുദ്ധത്തിൽ ചേര്‍ന്നാല്‍ ഭീഷണി വലുതായിരിക്കും. അങ്ങനെവന്നാല്‍ സൂയസ് കനാൽ തടസപ്പെടുമെന്ന ആശങ്കയുണ്ട്. ഇത് ഇന്ത്യയുടെ ചരക്ക് വ്യാപാരത്തെ ബാധിച്ചേക്കും. യുഎസ്എ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിന് സൂയസ് കനാൽ സുപ്രധാനമാണ്. ഏഷ്യയെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കേപ് റൂട്ടിനെക്കാൾ 7,000 കിലോമീറ്റർ കുറവാണ് ഈ മാര്‍ഗം. പ്രതിവർഷം, ഏകദേശം 20,000 കോടി യുഎസ് ഡോളറിന്റെ ചരക്ക് വ്യാപാരം അഥവാ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 20 ശതമാനം സൂയസ് കനാൽ വഴിയാണ് നടക്കുന്നത്. അതുകൊണ്ട് ഈജിപ്ത് യുദ്ധത്തിൽ ചേര്‍ന്നാല്‍ ഇന്ത്യയുടെ വിതരണ ശൃംഖലയ്ക്കും കയറ്റുമതിക്കും വലിയ വിള്ളലുണ്ടാകും. യുദ്ധം വ്യാപകമായാൽ മധ്യപൂര്‍വേഷ്യയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സ്ഥിതിയും ആശങ്കാജനകമാണ്. ഇന്ത്യന്‍ പ്രവാസികളിൽ 66 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പെട്രോളിയം, പെട്രോകെമിക്കൽ വ്യവസായങ്ങൾ എന്നിവയിലാണ് ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. അതുകൊണ്ട് ഇന്ത്യയെ ഉത്കണ്ഠപ്പെടുത്തുന്ന പ്രധാന പ്രശ്നം അറബ് ലോകം യുദ്ധത്തിൽ ചേരുമോ എന്നതാണ്. സംഘര്‍ഷം തുടങ്ങി 20 ദിവസത്തിലേറെയായിട്ടും ഒരു അറേബ്യന്‍ രാജ്യവും ഇസ്രയേലിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചില്ല. മുൻനിരയിലുള്ള ഇറാൻ പോലും ഔദ്യോഗികമായി യുദ്ധപ്രഖ്യാപനത്തിന് മടിച്ചുനില്‍ക്കുകയാണ്. (അവലംബം: ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.