24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 5, 2025
February 20, 2025
January 19, 2025
January 14, 2025
December 27, 2024
December 10, 2024
November 2, 2024
November 1, 2024
October 29, 2024
October 26, 2024

ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം: രണ്ട് മരണം

മറുപടി വൈകില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
Janayugom Webdesk
ടെഹ്റാന്‍
October 26, 2024 10:35 pm

ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ഇറാനിലെ സെെനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ഇലാം, ഖുസെസ്ഥാൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് രണ്ട് ഘട്ടങ്ങളായാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ടെഹ്‌റാനിലും സമീപത്തെ കരാജിലും കിഴക്കൻ നഗരമായ മഷാദിലുമായിരുന്നു ആദ്യ ഘട്ടം. പ്രാദേശിക സമയം രാവിലെ രണ്ടരയോടെ ടെ‌ഹ്റാനില്‍ ഏഴ് തവണ സ്ഫോടനശബ്ദമുണ്ടായി. മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം ഘട്ട ആക്രമണങ്ങള്‍ ആരംഭിച്ചത്. സംഘർഷം രൂക്ഷമാകാതിരിക്കുന്നതിനായി ആണവ കേന്ദ്രങ്ങളെയും എണ്ണ സംഭരണികളെയും ഒഴിവാക്കി. കുറ്റബോധത്തിന്റെ ദിനങ്ങള്‍( ഓപ്പറേഷന്‍ ഡേയ്ഡ് ഓഫ് റെപ്പന്‍റ്റന്‍സ്) എന്നായിരുന്നു സെെനിക നടപടിക്ക് ഇസ്രയേല്‍ നല്‍കിയ പേര്. 

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. പ്രതികരിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. അഞ്ചാം തലമുറ എഫ്-35 അദിർ യുദ്ധവിമാനങ്ങളും എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, എഫ്-16ഐ സുഫ വ്യോമപ്രതിരോധ ജെറ്റുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രായേലിൽ തിരിച്ചെത്തിയെന്നും ഹഗാരി അവകാശപ്പെട്ടു.

അതേസമയം ടെഹ്‌റാൻ പരിസരത്ത് കേട്ട സ്‌ഫോടനങ്ങൾ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയത് കാരണമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേല്‍ ആക്രമണങ്ങളെ ചെറുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഇസ്രയേലിനുള്ള മറുപടി വൈകില്ലെന്നും ഉടന്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നതിന് മുന്നോടിയായി വിവരം യുഎസിനെ അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയായിട്ടില്ല. ഇസ്രയേല്‍ ലക്ഷ്യം വെച്ച ഇറാനിലെ സ്ഥാനങ്ങളില്‍ ആണവകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നും യുഎസ് ദേശീയ സുരക്ഷാ വക്താവ് സീന്‍ സാവെറ്റ് പറഞ്ഞു.
പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും സമാധാനം പാലിക്കണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു. അതിനിടെ ഇസ്രയേലിന്റെ ടെല്‍നോഫ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.