23 January 2026, Friday

ദോഹയിലെ ഇസ്രയേല്‍ ആക്രമണം: നേതാക്കള്‍ കൊല്ലപ്പെട്ടില്ലെന്ന് ഹമാസ്

Janayugom Webdesk
ദോഹ
September 10, 2025 12:56 pm

ദോഹയിൽ‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവരിൽ നേതാക്കളില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഒരു ഖത്തർ ഉദ്യോഗസ്ഥനും ഖലീൽ അൽ ഹയ്യയുടെ മകനും കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമർശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്. 

എന്നാൽ അറബ്‌ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ ഖത്തറിൽ ആക്രമണം നടത്തിയത്‌ നിർഭാഗ്യകരമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണം നടക്കുന്നതിനു തൊട്ട്‌ മുമ്പ്‌ യു എസ്‌ സൈന്യം വിവരം വൈറ്റ്‌ ഹൗ സിൽ അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തെപ്പറ്റി ഖത്തറിനെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് പറഞ്ഞിരുന്നു. അതേസമയം ഖത്തറിനെ അറിയിച്ച ശേഷമാണ് ആക്രമണം നടന്നതെന്ന വാർത്ത തെറ്റെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി. ഒരു പരമാധികാര രാഷ്ട്രവും സഖ്യകക്ഷിയുമായ ഖത്തറിനുള്ളിൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നില്ല. 

എന്നിരുന്നാലും, ​ഗസ്സയിൽ താമസിക്കുന്നവരുടെ ദുരിതത്തിൽ നിന്ന് ലാഭം കൊയ്ത ഹമാസിനെ ഇല്ലാതാക്കുന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെയുള്ള യുഎസ് നിലപാട്. ഖത്തറിന്റെ മണ്ണിൽ ഇനി ആക്രമണമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഖത്തർ അമീറിന് ഉറപ്പ് നൽകി. ആക്രമണം ശേഷം ഡോണൾഡ് ട്രംപ് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയുമായി ഫോണിൽ സംസാരിച്ചു. ഖത്തർ അമേരക്കിയുടെ എക്കാലത്തേയും അടുത്ത സുഹൃത്തെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണം പ്രാദേശിക സുരക്ഷയ്ക്ക് തന്നെ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഖത്തർ യുഎൻ രക്ഷാസമിതിക്ക് കത്തയച്ചു. ഇസ്രയേൽ ആക്രമണത്തെ ബ്രിട്ടൻ ‚ഫ്രാൻസ്, ഇറാൻ അടക്കമുള്ള ലോക രാജ്യങ്ങൾ അപലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.