ലോകത്തെ നടുക്കുന്ന കൂട്ടക്കുരുതികളുടെ 26-ാം ദിവസം ഇസ്രയേലി സൈന്യം ഗാസ സിറ്റിയിലേക്കടുത്തു. 162-ാം ഡിവിഷന്‍ ഗാസ സിറ്റിയുടെ കവാടത്തിനരികിലെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.അതേസമയം കടുത്ത ആക്രമണം തുടരുന്നതിനിടെ ഗാസയില്‍ പരിമിതമായ ഒഴിപ്പിക്കല്‍ മാത്രമാണ് നടക്കുന്നത്. വിദേശ പാസ്‌പോര്‍ട്ടുള്ളവരേയും ഗുരുതരമായി പരിക്കേറ്റ ചിലരെയും റാഫ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ചു. ഇസ്രയേല്‍, ഹമാസ്, ഈജിപ്ത് എന്നിവയ്ക്കിടയിലുള്ള കരാറിന് അമേരിക്കയുടെ സഹായത്തോടെ ഖത്തര്‍ മധ്യസ്ഥത വഹിച്ചതായാണ് സൂചന.
ബന്ദികളില്‍ വിദേശികളായ ഏതാനുംപേരെ ഉടന്‍ മോചിപ്പിക്കുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഇക്കാര്യം ടെലിഗ്രാം ആപ്പിലെ വീഡിയോയില്‍ സ്ഥിരീകരിച്ചു. ബന്ദികളാക്കിയവരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ രാജ്യങ്ങളെക്കുറിച്ചോ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ രണ്ടാമതും നടത്തിയ ആക്രമണത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം നടന്ന മിസൈല്‍ ആക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര്‍ മരിച്ചുവെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഹമാസുമായുളള വടക്കൻ ഗാസയിലെ ഏറ്റുമുട്ടലിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞമാസം ഏഴുമുതൽ ഇതുവരെ ഇസ്രയേലിന് 320 സൈനികരുടെ ജീവന്‍ നഷ്ടമായതായാണ് കണക്കുകള്‍.
English Summary: Israeli forces in Gaza City
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.