22 November 2024, Friday
KSFE Galaxy Chits Banner 2

ഇസ്രയേല്‍ യുദ്ധക്കൊല; ആഗോള രോഷം

Janayugom Webdesk
ന്യൂഡല്‍ഹി
October 18, 2023 11:43 pm

ഗാസയില്‍ ആശുപത്രിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ആഗോള പ്രതിഷേധം. അൽ-അഹ്‌ലി ആശുപത്രിയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 500 ലധികംപേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് പശ്ചിമേഷ്യയില്‍ പലയിടങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നു. അറബ് രാജ്യങ്ങളിലും ഉത്തരാഫ്രിക്കയിലും ജനങ്ങള്‍ തെരുവിലിറങ്ങി. ജോര്‍ദാൻ, തുര്‍ക്കി, ലെബനൻ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലും റമല്ല ഉള്‍പ്പെടെയുള്ള വെസ്റ്റ്ബാങ്ക് നഗരങ്ങളിലും ശക്തമായ പ്രക്ഷോഭം ഉണ്ടായി. 

യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ആശുപത്രിക്കുനേരെ ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം. ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ടെല്‍ അവീവിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു.
ആക്രമണം യുദ്ധക്കുറ്റമെന്ന് ജോര്‍ദാന്‍ ആരോപിച്ചു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തര്‍ വിശേഷിപ്പിച്ചു. ജിസിസി രാജ്യങ്ങള്‍ പലസ്തീന് 100 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് രാജ്യങ്ങള്‍ ഇസ്രയേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ആക്രമണത്തെ അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ യുദ്ധനിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിന്റെ പ്രവൃത്തി യുദ്ധ കുറ്റകൃത്യമാണെന്ന് ആഫ്രിക്കൻ യൂണിയൻ തലവൻ മൗസ ഫക്കി മഹമ്മദ് പറഞ്ഞു. അന്താരാഷ്ട്രസമൂഹം പ്രതികരിക്കണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍ സിസി പ്രതികരിച്ചു. പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പറഞ്ഞു.
ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് ജര്‍മ്മൻ ചാൻസലര്‍ ഒലാഫ് ഷോൾസ് അഭിപ്രായപ്പെട്ടു. ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഫിൻലാൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തിനെതിരെ രംഗത്തെത്തി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു. ഡോക്ടേഴ്സ് വിത്തൗട്ട് ബോ‍ര്‍‍ഡേഴ്സ്, റെഡ്ക്രോസ്, ലോകാരോഗ്യ സംഘടന തുടങ്ങിയവരും ഇസ്രയേലിനെതിരെ രംഗത്തെത്തി. 

ബൈഡനുമായുള്ള ചര്‍ച്ച റദ്ദാക്കി

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കി പലസ്തീന്‍, ജോര്‍ദാന്‍ രാജ്യങ്ങള്‍. അമ്മാനില്‍ വെച്ച് ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ. 

ഞെട്ടിയെന്ന് മോഡി

ന്യൂഡല്‍ഹി: അല്‍ അഹ്‌ലി ആശുപത്രിയിലെ ബോംബാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാല്‍, ഇസ്രയേലിനെ പേരെടുത്ത് വിമര്‍ശിക്കാതെയായിരുന്നു മോഡിയുടെ പ്രസ്താവന. ചൊവ്വാഴ്ച രാത്രിയിലുണ്ടായ കൂട്ടക്കൊലയില്‍ ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിഷേധവുമായെത്തിയെങ്കിലും ഏറെ വൈകി ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് മോഡിയുടെ പ്രതികരണം പുറത്തുവന്നതെന്നതും ശ്രദ്ധേയം. 

മരണം 3500

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 3500 പിന്നിട്ടു. ഇതില്‍ 1000ത്തിലേറെയും കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

സിപിഐ അപലപിച്ചു

ന്യൂഡൽഹി: ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തി, സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേരെ അരുംകൊല നടത്തിയ ഇസ്രയേൽ സൈന്യത്തിന്റെ നടപടിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു.
സയണിസ്റ്റ് ഇസ്രയേൽ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും തുടർച്ചയായി ലംഘിക്കുകയാണ്. അതിന്റെ ഭാഗമാണ് ഏറ്റവും മനുഷ്യത്വരഹിതവും ക്രൂരവുമായ ആശുപത്രി ആക്രമണവും കൂട്ടക്കൊലയും.
ഈ നിർണായകഘട്ടത്തിൽ അന്താരാഷ്ട്ര സമൂഹം പലസ്തീനികൾക്കൊപ്പം നിൽക്കണമെന്നും നിരപരാധികളായ മനുഷ്യര്‍ക്കെതിരായ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്നും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
വിഷയത്തിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച നിലപാട് ഇന്ത്യ കർശനമായി പാലിക്കണമെന്നും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ നിന്ന് വ്യതിചലിക്കരുതെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനോടും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Israeli War Killings; Glob­al outrage

You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.