21 January 2026, Wednesday

Related news

January 11, 2026
January 7, 2026
January 7, 2026
January 6, 2026
December 24, 2025
November 2, 2025
October 20, 2025
October 16, 2025
August 21, 2025
August 17, 2025

‘സ്‌പാഡെക്‌സ്’ ദൗത്യത്തിന് ഐഎസ്ആര്‍ഒ

Janayugom Webdesk
ഹൈദരാബാദ്
December 24, 2024 10:27 pm

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ‘സ്‌പാഡെക്‌സ്’ സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിന് തയ്യാറെടുത്ത് ഐഎസ്‌ആർഒ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണിത്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും സ്‌പാഡെക്‌സ് ദൗത്യം.
ഉപഗ്രഹങ്ങളെ രണ്ടായി വിക്ഷേപിച്ച് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് ദൗത്യം. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുമ്പോൾ (ഡോക്കിങ്) എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കാൻ സ്‌പാഡെക്‌സ് ദൗത്യം വഴി സാധിക്കും. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലും ഭാവി ചാന്ദ്ര ദൗത്യങ്ങളിലും ഈ പരീക്ഷണം നിർണായകമായിരിക്കും. 

സ്‌പാഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 9.59നാണ് വിക്ഷേപണം. പിഎസ്‌എൽവി റോക്കറ്റിലാണ് വിക്ഷേപിക്കുക.
24 പേലോഡുകൾ വഹിക്കുന്നതാണ് ദൗത്യം. അതിൽ 14 എണ്ണം ഐഎസ്ആർഒയുടേതും 10 എണ്ണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളതുമാണ്. ‘ചേസർ’, ‘ടാർഗെറ്റ്’ എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ വിക്ഷേപിക്കുക. രണ്ട് ഉപഗ്രഹങ്ങളും വേർപിരിഞ്ഞു കഴിഞ്ഞാൽ അവയുടെ പേലോഡുകളുടെ പ്രവർത്തനം ആരംഭിക്കും. ഓരോ ഉപഗ്രഹത്തിനും 220 കിലോ ഗ്രാം ഭാരമുണ്ട്. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വെച്ച് രണ്ട് പേടകങ്ങളും കൂട്ടിച്ചേർക്കുകയാണ് ഐഎസ്‌ആർഒയുടെ ലക്ഷ്യം.

വിക്രം സാരാഭായ് സ്‌പേസ് സെന്റർ, സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി, ഐഐഎസ്‌ടി വലിയമല തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് 24 പേലോഡുകൾ വികസിപ്പിച്ചിരിക്കുന്നത്. അമിറ്റി യൂണിവേഴ്‌സിറ്റി, ബെലാട്രിക്‌സ് എയ്‌റോസ്‌പേസ്, ബംഗളൂരുവിലെ ആർ വി കോളജ് ഓഫ് എന്‍ജിനീയറിങ്, ടേക്ക്‌മീ 2 സ്‌പേസ് എന്നീ സ്ഥാപനങ്ങളുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
റോബോട്ടിക് ആം, അവശിഷ്‌ടങ്ങൾ പിടിച്ചെടുക്കുന്ന റോബോട്ടിക് മാനിപ്പുലേറ്റർ, വിത്ത് മുളയ്ക്കുന്നതും ബഹിരാകാശത്തെ സസ്യവളർച്ചയും നിരീക്ഷിക്കുന്നതിനുള്ള ഗവേഷണ മൊഡ്യൂൾ, ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയാണ് പേലോഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.