13 December 2025, Saturday

Related news

November 2, 2025
October 20, 2025
October 16, 2025
August 21, 2025
August 17, 2025
August 5, 2025
July 31, 2025
July 30, 2025
July 30, 2025
July 28, 2025

ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയകരം ; ക്രൂ മൊഡ്യൂൾ സുരക്ഷിതമായി കടലിൽ പതിച്ചു

Janayugom Webdesk
ശ്രീഹരിക്കോട്ട
October 21, 2023 10:35 am

മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉൾപ്പെടുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ‑1 (ടിവി ഡി-1)പരീക്ഷണം വിജയം. റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച് കടലിൽ വീഴ്ത്തിയ ക്രൂ മൊഡ്യൂൾ മാതൃക നാവികസേനയുടെ സഹായത്തോടെ ഐഎസ്ആർഒ വീണ്ടെടുത്തു.

ടിവി ഡി-1 ഇന്ന് രാവിലെ 8.45 ന് വിക്ഷേപിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം രാവിലെ 10 മണിയോടെയാണ് നടത്തിയത്. 9.51 മിനിറ്റില്‍ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയമാണെന്ന് ഐഎസ്ആര്‍ഒ ചെയർമാന്‍ എസ് സോമനാഥ് പറഞ്ഞു.

വിക്ഷേപണത്തിനുശേഷം ദൗത്യത്തിന് തടസം നേരിട്ടാല്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. വിക്ഷേപിച്ച് 61-ാം സെക്കൻഡിൽ റോക്കറ്റിൽനിന്ന് ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെട്ടു. 91-ാം സെക്കൻഡിൽ 16 .9 കിലോമീറ്റർ ഉയരത്തിൽവച്ച്, ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിൽനിന്ന് യാത്രികർ ഇരിക്കേണ്ട ക്രൂ മൊഡ്യൂൾ വേർപെട്ടു. തുടർന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗതകുറച്ച് ക്രൂ മൊഡ്യൂളിനെ ബംഗാൾ ഉൾക്കടലിൽ വീഴ്ത്തുകയായിരുന്നു.

അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ

ഗഗൻയാൻ ദൗത്യം വിജയിക്കുന്നതോടെ സഞ്ചാരികളെ സ്വന്തമായി ബഹിരാകാശത്തെത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുമെന്ന പ്രതീക്ഷയില്‍ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം. അടുത്ത ദൗത്യമായ ഗഗന്‍യാനിന്റെ ക്രൂ എസ്കേപ്പ് സംവിധാനം ഐഎസ്ആര്‍ഒ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിട്ടുള്ളത്. ഇതില്‍ യുഎസും റഷ്യയും ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാകാൻ ഇന്ത്യക്ക് അവസരം നല്‍കിയിരുന്നു.

1961 ഏപ്രില്‍ 12നാണ് റഷ്യ (സോവിയറ്റ് യൂണിയൻ )ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ശേഷം 1961 മേയില്‍ യുഎസും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി. 1984 ഏപ്രില്‍ മൂന്നിന് റഷ്യ വിക്ഷേപിച്ച സോയുസ് ടി-11 എന്ന പേടകത്തിലൂടെ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിക്ക് രാകേഷ് ശര്‍മ്മ അര്‍ഹനായി. ഗഗൻയാൻ വിക്ഷേപണം വിജയിച്ചാല്‍ സ്വന്തം പേടകത്തില്‍ യാത്രികരെ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യക്കാകും.

17 കിലോമീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് പരാജയപ്പെട്ടാല്‍ എങ്ങനെ തിരികെ എത്താം എന്ന് മനസിലാക്കാനായിരുന്നു ഇന്നലത്തെ പരീക്ഷണം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 20–30 കിലോമീറ്റര്‍ ഉയരത്തിലും 40ഉം 50ഉം കിലോമീറ്റര്‍ ഉയരത്തിലും റോക്കറ്റ് പരാജയപ്പെട്ടാല്‍ എങ്ങനെ രക്ഷപ്പെടാം എന്നും പരീക്ഷിക്കും. ശേഷം ക്രൂ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. മൂന്ന് ബഹിരാകാശ സഞ്ചാരികളെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്റെ ഉദ്ദേശം. 10,000 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

പരീക്ഷണ വിജയം ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യപടിയെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. 2025ൽ യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിന് മുന്നോടിയായാണ് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ട്, സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സംവിധാനം, സർവിസ് മൊഡ്യൂളുകളെ നിയന്ത്രിക്കുന്ന എൻജിനുകളുടെ പരീക്ഷണം എന്നിവ നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Eng­lish Sum­ma­ry: ISRO suc­cess­ful­ly launch­es Gaganyaan test vehi­cle TV-D1
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.