22 December 2024, Sunday
KSFE Galaxy Chits Banner 2

വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം ആശാൻ വിടവാങ്ങിയിട്ട് 98 വർഷം

പുളിക്കല്‍ സനില്‍രാഘവന്‍
January 16, 2022 12:01 pm

”സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”

ആധുനിക കവിത്രയത്തിലൊരാളും, മലയാള കവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കവിയുമായ കുമാരനാശാന്‍റെ 98-ാം ചരമവാർഷിക ദിനമാണിന്ന്. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല. മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു കുമാരനാശാൻ. വിശ്വപ്രേമത്തിൻെറ അത്യുദാത്തമായ സങ്കൽപത്തെയാണ്​ അദ്ദേഹം കുറിച്ചിടുന്നത്. ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം.1873 ഏപ്രിൽ 12ന്​ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ്​ കുമാരനാശാൻെറ ജനനം.പിന്നീട് ഉടയാൻ കുഴിയിൽ കൊച്ചുരാമൻ വൈദ്യരുടെ ശിക്ഷണത്തിൽ സംസ്കൃതപഠനം തുടങ്ങിയെങ്കിലും അധികകാലം തുടരാനായില്ല.

കായിക്കരയിൽ ചക്കൻവിളകം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അവിടെ രണ്ടാം ക്ലാസ്സിൽ ചേർന്ന്​ പഠനം തുടർന്നു. സ്കൂളിൻറെ പ്രധാന അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ്​ കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്​.1887ൽ തൻെറ പതിനാലാം വയസ്സിൽ നാലാം ക്ലാസ് വിജയിച്ച കുമാരന്​ അതേ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. എന്നാൽ അധികകാലം അധ്യാപനം തുടർന്നില്ല. പിന്നീടദ്ദേഹം വ്യാപാരശാലയിൽ കണക്കെഴുത്തുകാരനായും മറ്റും ജോലികൾ നോക്കി.എഴുതുന്നവ പത്രങ്ങൾക്കയച്ചു കൊടുക്കുകയും അതിൽ പലതും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്​തു. കെ.എൻ കുമാരൻ, കുമാരു, കായിക്കര കെ.എൻ കുമാരൻ തുടങ്ങി വിവിധ തൂലികാനാമങ്ങളിലായിരുന്നു രചനകൾ വന്നത്​. അങ്ങനെ പതിയെ പതിയെ കുമാരൻ എന്ന കവി മുളപൊട്ടി​ വളർന്ന്​ പന്തലിക്കാൻ തുടങ്ങി.സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി .

സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും കല്‍ക്കത്തയിലും പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. 1904 മെയില്‍ ‘വിവേകോദയം’ മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍.

വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. ഉച്ചനീചത്വങ്ങളില്ലാത്ത ബുദ്ധമതത്തോട് ആശാന് മമതയുണ്ടായിരുന്നു. പല കവിതകളിലും ബുദ്ധമതം കടന്നുവരുന്നുമുണ്ട്.
നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ ‘പ്രരോദനം’ മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.

സീതയ്ക്കു പറയാനുള്ളതെന്തെന്ന് ‘ചിന്താവിഷ്ടയായ സീത’യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ മുഖപ്രസംഗങ്ങളില്‍ പ്രതിഫലിക്കുന്നത്. ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ. 1909 മുതല്‍ പതിമൂന്നു വര്‍ഷത്തിലേറെ അദ്ദേഹം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു.1920–21 കാലത്ത് പ്രതിഭ എന്നൊരു മാസിക പതിനൊന്ന് മാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിവേകോദയം തുടക്കത്തില്‍ ദ്വൈമാസികയായിരുന്നു. എം.ഗോവിന്ദന്‍ ആയിരുന്നു പത്രാധിപര്‍. കുമാരനാശാന്‍ പത്രാധിപത്യം ഏറ്റെടുത്ത ശേഷമാണത് മാസികയാകുന്നത്. സാഹിത്യത്തിലല്ല സാമൂഹികപ്രശ്‌നങ്ങളിലായിരുന്നു മാസികയുടെ ഊന്നല്‍. എസ്.എന്‍.ഡി.പി.യോഗത്തിന്റെ മുഖപത്രമായി വിവേകോദയം പ്രചാരം പിടിച്ചുപറ്റി. വിവേകോദയത്തിലും പ്രതിഭയിലും മുഖപ്രസംഗമെഴുതിയിരുന്നത് കുമാരനാശാനാണ്.

ശ്രീനാരായണഗുരുവിനെ ചെന്നു കണ്ടതാണ് കുമാരന്റെ ജീവിതം മാറ്റിമറിക്കുന്നത്. ആധ്യാത്മികതയിലേക്കും സാമുദായിസേവനത്തിലേക്കും അദ്ദേഹം വഴിമാറി. .കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം ‘ആശാന്‍’ എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു ‘ചിന്നസ്വാമി’ എന്നായിരുന്നു വിളിച്ചിരുന്നത്.നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ തന്‍റെ 51-ാം വയസ്സില്‍. മലയാള പദ്യ സാഹിത്യത്തിന് കാല്‍പനിക വസന്തം നല്‍കി വിടവാങ്ങി. വിടപറഞ്ഞ് ഇത്രയേറെ വർഷം കഴിഞ്ഞിട്ടും ഏറ്റവുമേറെ പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുള്ളത് ആശാനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ചായിരിക്കാം. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ, നവോത്ഥാനകവി.

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍…

Eng­lish Sumamry:In mem­o­ry of sri Kumaranashan
You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.