25 December 2024, Wednesday
KSFE Galaxy Chits Banner 2

ഹരിത വിപ്ലവത്തിന്റെ നായകൻ ഓർമ്മയായിട്ട് ഒരു വർഷം

Janayugom Webdesk
September 28, 2024 12:40 pm

ഹരിത വിപ്ലവത്തിന്റെ നായകൻ എം എസ് സ്വാമിനാഥൻ ഓർമ്മയായിട്ട് ഒരു വർഷം. മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്ന എം എസ് സ്വാമിനാഥൻ 1925 ആഗസ്റ്റ് 7‑ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ആണ് ജനിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ് ജോലി ചെയ്തിരുന്നത് കുംഭകോണത്തായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. 1940‑ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉത്തത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽഉപരിപഠനം നടത്താൻ തീരുമാനിക്കുകയും കോയമ്പത്തൂർ കാർഷിക കോളേജിൽ പഠനത്തിനു ചേരുകയും ചെയ്തു.

1947‑ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം അംഗമായിരുന്നു. 2004ൽ രൂപീകരിക്കപ്പെട്ട ദേശീയ കർഷക കമ്മിഷന്റെ അധ്യക്ഷനാക്കപ്പെട്ടു. ആ കമ്മിഷൻ ഇന്ത്യൻ കാർഷികരംഗത്ത്‌ നിർണായകമായ പരിഷ്‌കാരങ്ങൾ നിർദേശിക്കുകയുണ്ടായി. 2005ൽ ഐക്യരാഷ്‌ട്ര സഭയുടെ സഹസ്രാബ്ദ പദ്ധതിയുടെ ദാരിദ്ര്യവും പട്ടിണിയും അകറ്റാനുള്ള ടാസ്‌ക്‌ ഫോഴ്‌സിന്റെ ഭാഗമായി പ്രവർത്തിച്ചു. 2007ൽ അദ്ദേഹം രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉരുള കിഴങ്ങ് കർഷകർക്ക് താങ്ങായി

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. ഉരുളക്കിഴങ്ങ് ഉൾപ്പടെയുള്ള ഭക്ഷ്യസാധനങ്ങളുടെ ഉപയോഗം വർധിച്ചതോടെ പരമ്പരാഗതമായ കൃഷി രീതികളിൽ മാറ്റങ്ങൾ പ്രകടമായി. ഇത് ചില പ്രദേശങ്ങളിൽ പ്രത്യേക കീടങ്ങളുടെ കള ആക്രമണത്തിന് കാരണമായി. അത്തരം പരാന്നഭോജികൾക്കെതിരെ പ്രതിരോധശേഷി നൽകുന്നതിനും തണുത്ത കാലാവസ്ഥയ്ക്കു പറ്റിയ വിത്തുകൾ രൂപപ്പെടുത്തുന്നതിലും സ്വാമിനാഥൻ മുന്നിട്ടിറങ്ങി. ഈ സമയത്ത് അദ്ദേഹം യുദ്ധത്തിൽ തകർന്ന ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിംഗ് റിസർച്ചും സന്ദർശിച്ചു. ഇത് പിന്നീട് അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു,

ലക്ഷ്യമിട്ടത് ഇന്ത്യയിലെ കാർഷിക രംഗത്തെ മാറ്റം

1950ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായി വിമാനം കയറുമ്പോൾ സ്വാമിനാഥന്റെ മനസിലുണ്ടായിരുന്നത് ഇന്ത്യയിലെ കാർഷിക രംഗത്തെ മാറ്റം മാത്രം. പലവിധ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയും മാറ്റങ്ങളും അത്രയേറെ പ്രതികൂലമായിരുന്നു. ഇന്ത്യയിൽ എഴുപത് ശതമാനം പേരും കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുവാൻ ധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നത് അദ്ദേഹത്തെ അലട്ടിയിരുന്നു. 1952ൽ പിഎച്ച്ഡി ബിരുദം നേടി. പിന്നീട് 15 മാസം അമേരിക്കയിൽ ചിലവഴിച്ചു. വിസ്കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ ഒരു പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് അദ്ദേഹം അന്ന് സ്വീകരിച്ചു. അക്കാലത്ത് അവിടുത്തെ ലബോറട്ടറിയിൽ നോബൽ സമ്മാന ജേതാവായ ജോഷ്വ ലെഡർബർഗ് ഫാക്കൽറ്റിയിൽ ഉണ്ടായിരുന്നു. അവിടെ അദ്ദേഹത്തിന് ഫാക്കൽറ്റി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു, അത് നിരസിച്ചുകൊണ്ട് അദ്ദേഹം അവരോട് പറഞ്ഞു. ”എന്റെ രാജ്യത്തെ കാർഷിക മേഖലക്ക് എന്നെ ആവശ്യമുണ്ട് , തിരികെ മടങ്ങണം”. 1954ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.

ഐപിഎസ്‌ വേണ്ടെന്ന് വെച്ചു; പ്രണയം പരീക്ഷണ ശാലകളോട്

പരീക്ഷണ ശാലകളെ പ്രണയിച്ച സ്വാമിനാഥൻ കാർഷിക രംഗത്തിനായി ഐപിഎസ്‌ വേണ്ടെന്ന് വെച്ച പ്രതിഭയാണ്. ഐപിഎസും ഉരുളക്കിഴങ്ങിന്റെ ജനിതക ശാസ്ത്രത്തിൽ ഗവേഷണം നടത്താൻ യുനെസ്കോ ഫെലോഷിപ്പും ഒരുമിച്ച് ലഭിച്ചപ്പോൾ അദ്ദേഹം സ്വീകരിച്ചത് ഗവേഷണത്തിനുള്ള അവസരമായിരുന്നു. ആസൂത്രണ കമ്മിഷൻ അംഗമായിരിക്കെയാണ്, 1981ൽ ഫിലിപ്പീൻസിലെ രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറലാകാൻ ഡോ. എം എസ് സ്വാമിനാഥനു ക്ഷണം ലഭിച്ചത് .

ഹരിത വിപ്ലവത്തിൽ നിർണായകമായി ഗവേഷണങ്ങൾ

കാലം 1960. രാജ്യത്ത് ഹരിതവിപ്ലവം നടക്കുമ്പോൾ അതിന്റെ നായകനായി നിന്നത് ഡോ. എം എസ് സ്വാമിനാഥനായിരുന്നു. 1961 മുതല്‍ 72 വരെ ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അത്യുത്പാദന ശേഷിയുള്ള ഗോതമ്പ്, നെല്ല് വിത്തിനങ്ങളുടെ ഗവേഷണത്തിന് നേതൃത്വം സ്വാമിനാഥൻ നേതൃത്വം നല്‍കി. നൊബേല്‍ സമ്മാന ജേതാവ് ഡോ. നോര്‍മന്‍ ബോര്‍ലോഗ് മെക്‌സിക്കോയില്‍ അത്യുത്പാദന ശേഷിയുള്ള കുള്ളന്‍ ഗോതമ്പ് ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. മെക്‌സിക്കോയില്‍ നിന്നു സോണോറ‑64 എന്ന കുള്ളന്‍ ഗോതമ്പ് ഇനങ്ങള്‍ ഡോ. സ്വാമിനാഥന്‍ ന്യൂഡല്‍ഹിയില്‍ എത്തിച്ചു. ഉള്‍പരിവര്‍ത്തനത്തിലൂടെ ഈ ഇനത്തില്‍ നിന്നു ഷര്‍ബതി സോണോറ എന്ന പുതിയ വിത്തിനം വികസിപ്പിച്ചെടുത്തു. പഞ്ചാബിലാണ് ആദ്യം ഗോതമ്പിലെ ഹരിത വിപ്ലവം തുടങ്ങിയത്. പിന്നീടത് ഹരിയാനയിലേക്കും യുപിയിലേക്കും വ്യാപിച്ചു. 1947 ല്‍ രാജ്യത്തെ ഗോതമ്പ് ഉത്പാദനം ഏഴു ദശലക്ഷം ടണ്‍ മാത്രമായിരുന്നുവെങ്കില്‍ 1968‑ല്‍ അത് 17 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 1971ൽ ഭക്ഷ്യോത്പാദപെറ്റമ്മക്കുള്ള ആത്മ സമർപ്പണമായി കുട്ടനാട് പാക്കേജ്നത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ നേട്ടങ്ങളുടെ പ്രധാന ശിൽപി എം എസ് സ്വാമിനാഥനായിരുന്നു.

പുരസ്‌കാരങ്ങളും നിരവധി

ഒട്ടേറെ പുരസ്‌കാരങ്ങളാണ് എം എസ് സ്വാമിനാഥനെ തേടിയെത്തിയത്. 1961ൽ ഭട് നഗർ അവാർഡ്, 1971ൽ മാഗ്സാസെ അവാർഡ്, 1987ൽ വേൾഡ് ഫുഡ് പ്രൈസ് പുരസ്‌ക്കാരം, 2000 ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം, 2021ൽ കേരള ശാസ്ത്ര പുരസ്കാരം തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നി ബഹുമതികളും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു .

പെറ്റമ്മക്കുള്ള ആത്മ സമർപ്പണമായി കുട്ടനാട് പാക്കേജ്

കുട്ടനാട് മങ്കൊമ്പിലെ കുട്ടികാലം സ്വാമിനാഥന്റെ ജീവിതത്തിൽ വഴിത്തിരിവായത് ചരിത്രം . കായലും കാറ്റും വയലേലകളും പുഞ്ചപാടത്തിന്റെ ചേറ് മണവുമെല്ലാം കണ്ടും ആസ്വദിച്ചുമാണ് അദ്ദേഹം വളർന്നത്. അതുകൊണ്ട് തന്നെ കുട്ടനാടിന്റെ ശാശ്വത രക്ഷക്കായി അദ്ദേഹം അഹോരാത്രം പണിയെടുത്ത് ഉണ്ടാക്കിയതായിരുന്നു കുട്ടനാട് പാക്കേജ്. പെറ്റമ്മയ്ക്കുള്ള ആത്മസമർപ്പണം തന്നെയായിരുന്നു അത്. സമഗ്രമായ പാക്കേജിനായി കുട്ടനാടിന്റെ മുക്കിലും മൂലയിലും അദ്ദേഹം സഞ്ചരിച്ചു. ”ഭൂമിയിലെ സ്വർഗമാണ് കുട്ടനാട്, മൽസ്യബന്ധനവും കൃഷിയും ജലടൂറിസവും കോർത്തിണക്കിയാൽ ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി അത് മാറും”- ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് ബിരുദം ഏറ്റുവാങ്ങവേ അദ്ദേഹം പങ്ക് വച്ച സ്വപനമാണിത്. എന്നാൽ ലോകം മുഴുവൻ അദ്ദേഹത്തിന്റെ ആശയങ്ങൾ കടം കൊണ്ടപ്പോൾ കേരളം അത് അവഗണിച്ചു.

എം എസ് സ്വാമിനാഥൻ അധ്യക്ഷനായ കമ്മിറ്റി കുട്ടനാടു പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകുന്നത് 2008ലാണ്. അടുത്തവർഷം ഇത് അംഗീകരിച്ചു. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ കുട്ടനാട്ടിൽ പാക്കേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തു . പാക്കേജിലെ 15 ഇന പരിപാടികളിൽ ജലവിസ്തൃതി കുറയുന്നത് നിയന്ത്രിക്കണമെന്നായിരുന്നു ആദ്യത്തെ നിർദേശം. രണ്ടാമത് വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണവും. 12 വകുപ്പുകളെയാണ് ഇതിന്റെ നടത്തിപ്പിനു ചുമതലപ്പെടുത്തിയത്. കനാലുകളുെട ആഴം കൂട്ടി എക്കൽ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു പാക്കേജിൽ സ്വാമിനാഥൻ നിർദേശിച്ചത്. ഒരു ഹെക്ടർ ജലാശയത്തിൽ ഒരു വർഷം ഒരു ടൺ മുതൽ 25 ടൺ വരെ എക്കൽ അടിയുന്നുവെന്നാണ് കണക്ക്. എക്കൽ നീക്കിയെങ്കിൽ മാത്രമേ ജലാശയങ്ങളുടെ ജലവാഹകശേഷി വർധിക്കൂ എന്നതുകൂടി കണക്കിലെടുത്തായിരുന്നു ഈ നിർദേശം. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന എക്കൽ നല്ല ജൈവവളം അടങ്ങുന്നതു കൂടിയാണെന്നത് മറ്റൊരു കാരണം. എന്നാൽ ഇവയൊന്നും പൂർണമായും നടപ്പിലായില്ല. കേരളം പ്രളയത്തെ അഭിമൂഖികരിച്ചപ്പോൾ ഈ പാക്കേജ് നടപ്പാക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.