November 28, 2023 Tuesday

രാഷ്ട്രീയ പ്രബുദ്ധനായ കൃഷിശാസ്ത്രജ്ഞന്‍

Janayugom Webdesk
September 29, 2023 5:00 am

കോടാനുകോടി മനുഷ്യർ വിശപ്പകറ്റാൻ ഇറക്കുമതി ചെയ്യപ്പെടുന്ന ധാന്യങ്ങൾക്കുവേണ്ടി കണ്ണുനട്ടിരുന്ന ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും പ്രമുഖ ഭക്ഷ്യധാന്യ കയറ്റുമതി രാഷ്ട്രമായും മാറ്റുന്നതില്‍ നിർണായക നേതൃത്വംനൽകിയ ഡോ. എം എസ് സ്വാമിനാഥന്റെ വിയോഗം രാജ്യത്തിന്റെ കാർഷികമേഖലയ്ക്കും കാർഷിക‑ഗ്രാമീണ സമ്പദ്ഘടനയ്ക്കും കനത്ത നഷ്ടമാണ്. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ കുടുംബവേരുകളുള്ള, ഇന്ത്യയുടെ ‘ഹരിത വിപ്ലവത്തിന്റെ പിതാവ്’ എന്ന് വിഖ്യാതനായ, ഡോ. സ്വാമിനാഥൻ രാജ്യത്തിനും ലോകത്തിനും മലയാളമണ്ണ് നൽകിയ അമൂല്യ സംഭാവനകളിൽ ഒന്നായി എക്കാലത്തും വിലയിരുത്തപ്പെടും. വിളസമൃദ്ധ ഗോതമ്പ്, നെൽ വിത്തിനങ്ങൾ അവതരിപ്പിച്ചും ജലസേചനം വ്യാപിപ്പിച്ചും രാസവള പ്രയോഗത്തിലൂടെയും കാർഷിക യന്ത്രവൽക്കരണത്തിലൂടെയും സ്വാമിനാഥന്റെ നേതൃത്വത്തിൽ കൃഷിശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കർഷകസമൂഹവും നടത്തിയ വിപ്ലവം കാർഷികോല്പാദനരംഗത്ത് ഇന്ത്യയെ ലോകത്തിന് മുന്നിൽ അസൂയാവഹമായ ഔന്നത്യത്തിലേക്കാണ് ഉയർത്തിയത്. 1960കളിലെ സ്വാമിനാഥന്റെ നിരന്തര പ്രയത്നം ആ ദശകത്തിന്റെ അവസാനപാദത്തോടെ പ്രകടമായ പുരോഗതി കൈവരിച്ചു. ലാൽബഹദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും നേതൃത്വം നൽകിയ സർക്കാരുകളുടെ പിന്തുണകൂടാതെ ആ വിജയം സുഗമമാകുമായിരുന്നില്ല. രാഷ്ട്രീയനേതൃത്വവും ശാസ്ത്രസമൂഹവും സാങ്കേതിക വൈദഗ്ധ്യവും കർഷകജനതയും കൈകോർത്തു നേടിയ വിജയമായിരുന്നു ഇന്ത്യയുടെ ഹരിത വിപ്ലവം. അതിനു നൽകിയ പ്രബുദ്ധ നേതൃത്വത്തിന് സ്വാമിനാഥൻ രാജ്യത്തിന്റെയും ലോകത്തിന്റെയും വിഖ്യാത പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടു.

എല്ലാ വിജയങ്ങൾക്കും ഒരു മറുവശം സ്വാഭാവികം മാത്രം. ഹരിത വിപ്ലവത്തിന്റെ ഉപോല്പന്നങ്ങളായ മണ്ണിന്റെയും ജലസ്രോതസുകളുടെയും പരിസ്ഥിതിയുടെയും ശോഷണവും അതിന്റെ പ്രത്യാഘാതങ്ങളും അവയിൽ ചിലതുമാത്രം. എന്നാൽ, വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും നീരാളിപ്പിടുത്തത്തിൽനിന്ന് രാജ്യത്തെയും വലിയൊരു ജനസഞ്ചത്തെയും വിമോചിപ്പിക്കുന്നതിൽ സ്വാമിനാഥൻ എന്ന മഹാപ്രതിഭയുടെ നേതൃത്വപരമായ പങ്ക് ചരിത്രമുള്ള കാലത്തോളം ശോഭയോടെ നിലനിൽക്കും. അന്തരിച്ച ആ മഹാപ്രതിഭയുടെ അപദാനങ്ങൾ പ്രകീർത്തിക്കുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച്, ഒരു കൃഷിശാസ്ത്രജ്ഞന്റെ സഹജീവികളോടുള്ള സഹാനുഭൂതിയും മാനവികതയിൽ ഊന്നിയുള്ള നീതിബോധവും കർഷക ജനതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും ഒരിക്കൽക്കൂടി അനുസ്മരിക്കാനുള്ള എളിയശ്രമം മാത്രമാണിത്. ഇന്ത്യയുടെ കാർഷിക രംഗത്തെ കൊടിയ പ്രതിസന്ധിയുടെയും കർഷക ആത്മഹത്യാ പരമ്പരകളുടെയും പശ്ചാത്തലത്തിലാണ് 2004 നവംബറിൽ കേന്ദ്രസർക്കാർ സ്വാമിനാഥൻ കമ്മിഷൻ എന്നറിയപ്പെടുന്ന ദേശിയ കർഷക കമ്മിഷനെ നിയമിച്ചത്. അന്നുമുതൽ 2006 ഒക്ടോബർ വരെയുള്ള കാലയളവിൽ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടുകളും അതിലെ ശുപാർശകളും രാജ്യത്തെ കാർഷിക മേഖലയും കർഷക ജനതയും നേരിടുന്ന ഗൗരവതരമായ സാമ്പത്തിക പ്രശ്നങ്ങളും അവയ്ക്കുള്ള മൂർത്തമായ പരിഹാര മാർഗങ്ങളുമാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം, ഉല്പന്നങ്ങൾക്ക് കർഷകന് ലഭിക്കേണ്ട ന്യായവും ആദായകരവുമായ വില, കർഷകനും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട സാമൂഹിക സുരക്ഷ, കാർഷികവൃത്തിയിൽ കർഷകരെ ഉറപ്പിച്ചുനിർത്താൻ അവർക്ക് സർക്കാർ ലഭ്യമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും ബൗദ്ധിക പിന്തുണയും, ശതകോടി കവിഞ്ഞുവളരുന്ന ഒരു ജനതതിയുടെ ഭക്ഷ്യസുരക്ഷ തുടങ്ങിയവ അക്കമിട്ടുനിരത്തുന്ന ആ റിപ്പോർട്ട് തുടർന്ന് പിന്നിട്ട 17 വർഷക്കാലമായും നടപ്പാക്കാൻ വിസമ്മതിക്കുകയായിരുന്നു മാറിമാറി വന്ന സർക്കാരുകൾ.


ഇതുകൂടി വായിക്കൂ: സ്വപ്നാടനത്തിന് യവനിക


ഒരർത്ഥത്തിൽ ഇന്ത്യൻ കാർഷിക സമ്പദ്ഘടനയെപ്പറ്റിയും അതിനെ ആശ്രയിച്ച് നിലനിൽക്കുന്ന കർഷകരും തൊഴിലാളികളും ഇടത്തരക്കാരും ഉൾപ്പെട്ട മഹാഭൂരിപക്ഷം വരുന്ന ജനതയെ സംബന്ധിച്ചും ഒരു ജനപക്ഷ രാഷ്ട്രീയ പരിപ്രേക്ഷ്യമാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. അത് ഇതിനോടകം രാജ്യത്തിന്റെ രാഷ്ട്രീയ മാറ്റത്തിനുള്ള അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ മൂന്ന് സുപ്രധാന നെല്ലുല്പാദന കേന്ദ്രങ്ങളിൽ ഒന്നായ കുട്ടനാടിനെ അതിന്റെ എല്ലാ ജൈവവൈവിധ്യത്തോടും സംരക്ഷിക്കുന്നതിനു വേണ്ടി അദ്ദേഹം സ്ഥാപിച്ച സ്വാമിനാഥൻ ഫൗണ്ടേഷൻ തയ്യാറാക്കിയ കുട്ടനാട് പാക്കേജും വയനാട്ടിൽ തുടക്കംകുറിച്ച ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയും തന്റെ പിതൃഭൂമിക്കായി അദ്ദേഹം നൽകിയ സംഭാവനകളിൽ ശ്രദ്ധേയമാണ്. കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് കുട്ടനാടിന്റെ മുഖച്ഛായതന്നെ മാറ്റുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കനത്ത പ്രഹരത്തിൽ ആ പ്രദേശത്തെ കർഷകർക്ക് പരിചയും ആശ്വാസവും ആകുമായിരുന്നു. കേരളത്തിൽ നെൽക്കൃഷി ആവശ്യമില്ലെന്നും അതിനായുള്ള വിഭവവിനിയോഗം ധൂർത്താണെന്നുമുള്ള അന്നത്തെ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ മൊണ്ടേക്‌ സിങ് ആലുവാലിയയുടെ കുപ്രസിദ്ധ തടസവാദമാണ് പാക്കേജിന് വിനയായത്. അന്ന് ‘മറ്റൊന്നിനും നെല്ലിന് പകരംവയ്ക്കാനാവില്ല’ എന്ന സ്വാമിനാഥന്റെ പ്രതികരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ സാക്ഷ്യപ്പെടുത്തുന്നു. അനന്യമായ ഉൾക്കാഴ്ചയോടെ ഒരു ജനതയുടെ നിലനില്പിനുവേണ്ടി സ്വജീവിതം സമർപ്പിച്ച ആ മഹാപ്രതിഭയുടെ സ്മരണ തലമുറകൾക്ക് പ്രചോദനമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.