3 May 2024, Friday

മഞ്ഞണിപ്പൂനിലാവ് നല്‍കി രാഘവന്‍മാസ്റ്റര്‍ വിടവാങ്ങിയിട്ട് എട്ട് വര്‍ഷങ്ങള്‍

പുളിക്കല്‍ സനില്‍രാഘവന്‍
October 19, 2021 3:01 pm

ശാസ്ത്രീയസംഗീതത്തിന്റെ ഗാംഭീര്യവും, ലളിതസംഗീതത്തിന്റെ സൗന്ദര്യവും ഇഴചേര്‍ത്ത ഈണങ്ങള്‍ സമ്മാനിച്ച താളഭാവത്തിന്റെ പ്രതിഭാധനന്‍ സംഗീതസംവിധായകന്‍ കെ.രാഘവന്‍ എന്ന രാഘവന്‍ മാസ്റ്റര്‍ കൈരളിക്ക് നിത്യഹരിതമായ ഗാനങ്ങള്‍ നല്‍കി വിടവാങ്ങിയിട്ട് ഒക്ടോബര്‍ 19ന് എട്ടു വര്‍ഷം കഴിയുന്നു. സാമൂഹ്യ ജീവിത പശ്ചാത്തലത്തില്‍ ശ്രവണമധുരമായ ഗാനങ്ങള്‍ ഈ സംഗീത മാന്ത്രികന്‍ സൃഷ്ടിച്ചെടുത്തു . സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും ഇന്നും മലയാള മനസ്സുകളില്‍ കുളിര്‍മഴയായും തേന്‍മഴയായും പെയ്യിച്ചാണ് കടന്നു പോയത്. അവയെല്ലാം ജീവിതഗന്ധിയുമാണ്. മലയാള സിനിമാ-നാടകഗാന‑കാവ്യങ്ങള്‍ക്ക് തലോടലിന്റെ , താളഭാവത്തിന്റെ പ്രതിഭാവിലാസമാണ് കെ. രാഘവന്‍ മാസ്റ്റര്‍. മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാര്‍ക്കും അറിവും ആനന്ദവും പകരുന്ന ചലച്ചിത്ര ഗാനശാഖയിലെ അതികായനാണ്. രാഘവന്‍ മാസ്റ്റര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.തലശ്ശേരിയിലെ താലായില്‍ കൃഷ്ണന്‍ — നാരായണി ദമ്പതിമാരുടെ മകനായി 1914 ഡിസംബര്‍ 2നു ജനിച്ചു. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്രായത്തിൽത്തന്നെ ഔപചാരിക വിദ്യാഭ്യാസത്തോടു വിട പറയുന്നതിനു കാരണമായി. തലശ്ശേരി തിരുവങ്ങാട് പി എസ് നാരായണ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച് സംഗീത പഠനം ആരംഭിച്ചു. മികച്ച ഒരു ഫുട്ബാള്‍ കളിക്കാരൻ കൂടെ ആയിരുന്ന രാഘവൻ മാഷിന് പ്രൊഫഷണല്‍ കളിക്കാരനാകാന്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും സംഗീതത്തോടുള്ള ഭ്രമം കാരണം മികച്ച ശമ്പളം കിട്ടുമായിരുന്ന ആ ജോലി അദ്ദേഹം രണ്ടാമൊതൊന്നാലോചിക്കാതെ തന്നെ നിരസിക്കുകയായിരുന്നു.സോപാനസംഗീതം മുതല്‍ നാടന്‍പാട്ട് പള്ളിപ്പാട്ട് തുടങ്ങി എല്ലാ സംസ്‌ക്കാരത്തേയും മലയാളത്തിലേക്ക് ആവാഹിച്ച വ്യക്തിയായിരുന്നു . 1954‑ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന സിനിമയിലൂടെ ഗാനാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. കായലരികത്ത് വലയെറിഞ്ഞപ്പോള്‍, എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും തുടങ്ങിയ ഇതിലെ ഒമ്പത് ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചേറ്റി ലാളിക്കുന്നവയാണ്. ‘പാമ്പുകള്‍ക്ക് മാളമുണ്ട്’ ‘തലയ്ക്കുമീതെ ശൂന്യാകാശം’ തുടങ്ങി ഏറെ പ്രശസ്തങ്ങളായ നാടകഗാനങ്ങളും ആകാശവാണിക്കുവേണ്ടി ചിട്ടപ്പെടുത്തിയ നിരവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആകാശവാണിയുടെ മദ്രാസ്, ഡല്‍ഹി, കോഴിക്കോട് നിലയങ്ങളില്‍ ജോലിയിലിരുന്നു. 1976‑ല്‍ കോഴിക്കോട് നിലയത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു.

കോഴിക്കോട് ആകാശവാണിയില്‍ ഗാനരചയിതാവ് പി.ഭാസ്‌കരനെ പരിചയപ്പെട്ടതാണ് കെ.രാഘവന്റെ ജീവിതത്തില്‍ സിനിമാസംഗീതരംഗം വഴിതുറക്കാന്‍ ഇടയാക്കിയത്. നീലക്കുയിലിനുമുമ്പ് പി.ഭാസ്‌കരന്റെ രചനയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, എസ്.കെ.പൊറ്റെക്കാട്ടിന്റെ പുള്ളിമാന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരുന്നു. കെ.രഘുനാഥ്, മോളി എന്നീ പേരുകളിലും ചില ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നാഴിയുരി പാലുകൊണ്ട്.. നാടാകെ കല്ല്യാണം… (രാരിച്ചന്‍ എന്ന പൗരന്‍); കാത്തുസൂക്ഷിച്ചൊരു… കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും… (നായരു പിടിച്ച പുലിവാല്‍); നയാ പൈസയില്ല… കയ്യിലൊരു നയാപൈസയില്ല (നീലീ…സാലി); ദെവത്തിന്‍ പുത്രന്‍ ജനിച്ചു… ഒരു പാവന നക്ഷത്രം വാനിലുദിച്ചു… (നീലീ…സാലി)); അന്നു നിന്നെ കണ്ടതില്‍… പിന്നെ അനുരാഗ മെന്തെന്ന് ഞാനറിഞ്ഞു… (ഉണ്ണിയാര്‍ച്ച); ഇക്കിളി പെണ്ണേ… ഉരുളിപെണ്ണേ… (ഉണ്ണിയാര്‍ച്ച); ഉണരുണരൂ ഉണ്ണിപൂവേ…കരിക്കൊടി തണലത്ത് കാട്ടിലെ കിളിപെണ്ണിന്‍… (അമ്മയെ കാണാന്‍); മധുര പതിനേഴുകാരി… മധുരപതിനേഴുകാരി (അമ്മയെ കാണാന്‍); താലീ പീലീ കാടുകളില്‍… താളം തുള്ളിനടന്നപ്പോള്‍… (റബേക്ക); യരുശലേമിന്‍… നായകനെ എന്നുകാണും… (റബേക്ക); കിളിവാതിലില്‍ മുട്ടിവിളിച്ചത്… കിളിയോ കാറ്റോ… (റബേക്ക);ഭാരതമെന്നാല്‍… പാരിന്‍ നടുവില്‍…(ആദ്യകിരണങ്ങള്‍); നാളീകേരത്തിന്റെ …നാട്ടിലെനിക്കൊരു… നാഴിയിടങ്ങളിൽ മണ്ണുണ്ട്. (തുറക്കാത്ത വാതില്‍),തുമ്പീ..തുമ്പീ…വാ…വാ.… ഒരു തുമ്പത്തണലില്‍ വാ.. വാ…എന്ന ഗാനത്തിനു മാസ്റ്ററാണ് ഈണം കൊടുത്തത്. നിര്‍മ്മാല്യത്തിനും, പൂജക്കെടുക്കാത്ത പൂക്കള്‍ക്കുമാണ് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയത്. സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിനും അര്‍ഹനായി.കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ’.…എന്ന ഗാനം രാഘവന്‍ മാസ്ററര്‍ ചിട്ടപ്പെടുത്തിയതാണ്. അമ്മയെക്കാണാന്‍.. ഉണരുണരൂ.. മഞ്ഞണിപ്പുനിലാവ്. തുടങ്ങിയ ഗാനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ അവാര്‍ഡ് 1998 ല്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. 1973ല്‍ നിര്‍മാല്യത്തിനും 1977ല്‍ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെക്കുറിച്ചൊരുക്കുന്ന സിനിമയിലെ ഗാനത്തിനാണ് ഒടുവിലായി ഈണമിട്ടത്. നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് എഴുതിയ ഈ ഗാനം യേശുദാസാണ് ആലപിച്ചത്. വയലാര്‍, പി.ഭാസ്‌കരന്‍. ഒ.എന്‍.വി. കുറുപ്പ്, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി തുടങ്ങി പ്രശസ്തരായ ഗാനരചയിതാക്കളുടെ വരികള്‍ക്ക് ഈണമിട്ടു.ടി.കെ. പരീക്കുട്ടിയുടെ നീലക്കുയിലിന്റെ ഗാനരസം ഉറങ്ങിക്കിടന്ന നിരാശാബോധത്തെ അകറ്റി. കായലരികത്തു വലയെറിഞ്ഞപ്പം…വളകിലുക്കിയ സുന്ദരീ പെണ്ണുകെട്ടിനു.… കുറിയെടുക്കുമ്പം ഒരു നറുക്കിനു ചേര്‍ക്കണെ.…. മാസ്റ്റര്‍ ഗാനം ചിട്ടപ്പെടുത്തി പാടി. എല്ലാ വിധത്തിലും ഈ ഗാനം അദ്ദേഹത്തിന്‍റെ ഭാഗ്യമുദ്രയായിരുന്നു. മലയാള സിനിമയില്‍ സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു മാസറ്റര്‍. നാട്ടില്‍ നിന്ന് ശേഖരിച്ച ശീലുകള്‍ ശാസ്ത്രീയ സംഗീതവുമായി കൂട്ടിച്ചേര്‍ത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രത്യേകതയും.

 

Eng­lish Sum­ma­ry: It has been eight years since Ragha­van Mas­ter left 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.