15 November 2024, Friday
KSFE Galaxy Chits Banner 2

ചാട്ടുളികണക്കെ തുളച്ചുകയറുന്ന വാഗ്ധോരണി നിലച്ചിട്ട് പത്ത് വര്‍ഷം

പുളിക്കല്‍ സനില്‍രാഘവന്‍
January 24, 2022 11:48 am

സാഹിത്യ‑സാംസ്ക്കാരിക മേഖലയിലെ അസ്തമിക്കാത്ത പൊന്‍ പ്രഭ സുകുമാര്‍ അഴീക്കോട് സാഗര ഗര്‍ജ്ജനം നല്‍കി വിടവാങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുുന്നു. 2012 ജനുവരി 24 തൃശ്ശൂരില്‍ വെച്ച് നിര്യാതനായി. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്നു തെളിയിച്ചു.
വളരെ പതിയെ ശാന്തമായി തുടങ്ങീ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന ഒന്നായിരുന്നു അഴീക്കോടിന്റെ പ്രഭാഷണം.1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ജനനം. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. പ്രൈമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലബിരുദതലം വരെ അദ്ധ്യാപകനായി. 1986‑ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായിട്ടുണ്ട്. ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. സാഹിത്യ വിമർശകനും തത്വചിന്തകനും എഴുത്തുകാരനും മികച്ച പ്രഭാഷകനും അങ്ങനെ എത്ര താരപരിവേഷങ്ങളാണ് അഴീക്കോടിന് സ്വന്തമായുള്ളത്.

ശ്രോതാക്കളെ വലിയൊരു മനനത്തിനു സാധിപ്പിക്കുന്ന അഭൗമമായ പ്രഭാഷണ പാടവമുള്ള ഒരു വ്യക്തി എന്ന നിലയിൽ തന്നെ സുകുമാർ അഴീക്കോടിന് ആരാധകർ ഏറെയുള്ളത്. ചെറുപ്പം തിളയ്ക്കുന്ന പ്രായത്തിൽ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയെ കാണുക, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആകൃഷ്ടനായി മുന്നോട്ടു പോവുക. അത്തരം ഒരു അനുഭവം അഴീക്കോട് തന്റെ ആത്മ കഥയിൽ പങ്കു വയ്ക്കുന്നുണ്ട്.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കണ്ടെത്തിയ അനുഭവമായിരുന്നു അത്. പ്രസംഗകലയുടെ തുടക്കം ഒരുപക്ഷേ അഴീക്കോടിന് ലഭിച്ചത് ആ കണ്ടു മുട്ടലിലൂടെ തന്നെയാകും.. സാഹിത്യം,തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നീ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും എവിടെയും ഈ വിഷയങ്ങളിൽ തന്റെ പ്രസംഗം അദ്ദേഹം വളരെ വിദഗ്ദ്ധമായി മികവുറ്റതാക്കുകയും ചെയ്തിട്ടുണ്ട്.

വളരെ വിദൂരങ്ങളിൽ നിന്ന് പോലും ആളുകൾ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ താൽപ്പര്യപ്പെട്ടു എതുമായിരുന്നുവത്രേ. വളരെ മെല്ലെ പറഞ്ഞു തുടങ്ങി മധ്യത്തിലെത്തുമ്പോമ്പോഴേക്കും ഉച്ചസ്ഥായിയുടെ ഉയരങ്ങളിലെത്തി കേൾവിക്കാരെ കോരിത്തരിപ്പിയ്ക്കുവാനുള്ള അഴീക്കോടിന്റെ കഴിവാണ് ബഷീറിനെ പോലെ ഉള്ള ഒരു എഴുത്തുകാരനെ കൊണ്ട് അഴീക്കോടൻ പ്രഭാഷണത്തെ “സാഗരഗർജ്ജനം” എന്ന പേരിൽ വിളിപ്പിച്ചത്. അഴീക്കോടിന്റെ തത്വമസി എന്ന കൃതി ഇതിഹാസ തുല്യമായി തന്നെ കണക്കു കൂട്ടുന്ന ഒന്നാണ്.

ഭാരതത്തിലെ പ്രധാന ആശയ സംഹിതകളായ ഉപനിഷത്തുകളെ അടിസ്ഥാനപ്പെടുത്തി രചിച്ച കൃതിയാണിത്. കേന്ദ്ര‑കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം തുടങ്ങി പന്ത്രണ്ടോളം പുരസ്കാരങ്ങൾ ഈ പുസ്തകത്തിന്‌ മാത്രം ലഭിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് തത്വമസിയുടെ മഹത്വം ഊഹിക്കാൻ ആവുക. ഇരുപതിലധികം പതിപ്പുകൾ പുറത്തിറങ്ങിയിട്ടുള്ള കൃതിയാണിത്. സുകുമാർ അഴീക്കോട് എന്ന പ്രതിഭയെ അതിന്റെ ഓന്നത്യത്തിലെത്തിച്ച കൃതിയുമാണിത്. ഇതുകൂടാതെ മുപ്പത്തഞ്ചിലേറെ കൃതികൾ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

Eng­lish Sumam­ry: It has been ten years since the bar­rage of rhetoric stopped

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.