
ഭീകരസംഘടനയായ തെഹ്‌രികെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ബംഗ്ലാദേശില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതായും പ്രവര്‍ത്തനശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോര്‍ട്ട്. പാകിസ്താനില്‍ വര്‍ഷങ്ങളൊളമായി ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് പാക് താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപി. പാകിസ്താനിലെ ഖൈബര്‍ പഖ്തുംഖ്വ പ്രവിശ്യയിലെ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിപ്രദേശത്താണ് ടിടിപിയുടെ പ്രധാനപ്രവര്‍ത്തനമേഖല.
ബംഗ്ലാദേശുമായി 4,000 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയ്ക്ക് ഈ ഭീകരസംഘടനയുടെ സാന്നിധ്യം തലവേദനയായി തീര്‍ന്നേക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ സുരക്ഷാ-രഹസ്യവിഭാഗങ്ങള്‍ ഈ വിഷയം അവഗണിച്ചിരിക്കുന്നു എന്നതും ഏറെ ആശങ്ക വര്‍ധിപ്പിക്കുന്നു. ബംഗ്ലാദേശില്‍ നിന്ന് രണ്ടുപേരെ പാക് താലിബാന്‍ റിക്രൂട്ടു ചെയ്തിരുന്നുവെന്നതിന്റെയും അവർ പാകിസ്താന്‍ വഴി അഫ്ഗാനിസ്താനിലേക്ക് സഞ്ചരിച്ചതിന്റെയും വ്യക്തമായ തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇതിലൊരാള്‍ പാകിസ്താന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശില്‍ 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ ഭരണകൂടം താഴെവീണതോടെയാണ് ടിടിപിയുടെ പ്രവര്‍ത്തനം വര്‍ധിച്ചത്.ഒപ്പം മറ്റ് ജിഹാദി സംഘടനകളുടെ പ്രവര്‍ത്തനം ബംഗ്ലാദേശില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ടിടിപിയുമായി ബന്ധമുള്ള രണ്ടുപേരെ ജൂലായില്‍ ബംഗ്ലാദേശ് ഭീകര വിരുദ്ധ യൂണിറ്റ് (എടിയു)അറസ്റ്റ് ചെയ്തതായി ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേയില്‍ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2017 ലാണ് ബംഗ്ലാദേശ് പോലിസ് സേനയുടെ വിഭാഗമായി എടിയു പ്രവര്‍ത്തനമാരംഭിച്ചത്.
ജൂലായ് 14 ന് ടിടിപിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഷാമിന്‍ മഹ്ഫസ് എന്നയാളെ എടിയു അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ജമാത്തുള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംയു)വിന്റെ മുന്‍നേതാവും മറ്റൊരു ഭീകരസംഘടനയായ ജമാത്തുള്‍ അന്‍സാര്‍ ഫില്‍ ബിന്‍ഡാല്‍ ഷര്‍ഖിയയുടെ സ്ഥാപകനുമാണ് ഷാമിന്‍ മഹ്ഫസ്. ഇയാളെ 2014 ലും 2023 ലും അറസ്റ്റ് ചെയ്തിരുന്നു.
ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റും സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിനുമായിരുന്നു അറസ്റ്റ്. ബംഗ്ലാദേശില്‍ പ്രവർത്തിക്കുന്ന നടത്തുന്ന കുകി-ചിന്‍ നാഷണല്‍ ഫ്രണ്ടുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജൂലായ് രണ്ടിന് മുഹമ്മദ് ഫൈസല്‍ എന്നയാളെയും ടിടിപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിരുന്നു. മറ്റു ചിലരേയും ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരസംഘടനകളുടെ പ്രവര്‍ത്തനശൃംഖല വ്യാപിക്കുന്നതിന്റെ സൂചനകളാണ് ഇവയെല്ലാം വ്യക്തമാക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.