സ്പാനിഷ് ലാലിഗയില്‍ ഒന്നാംസ്ഥാനത്തിനായി കടുത്തപോരാട്ടമാണ് നടക്കുന്നത്. ഏറ്റവും ഒടുവിലായി വീണ്ടും ബാഴ്സലോണ ഒന്നാമതെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ വിജയം.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ സോസിഡാഡിന്റെ അരിറ്റ്സ് എലുസ്റ്റോണ്ടോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് സോസിഡാഡ് കളിച്ചത്. ഇത് മുതലാക്കിയ ബാഴ്സ 25-ാം മിനിറ്റില്‍ ജെറാര്‍ഡ് മാര്‍ട്ടിനിലൂടെ ആദ്യ ഗോള്‍ കണ്ടെത്തി. നാല് മിനിറ്റിനുള്ളില്‍ മാർക്ക് കസേഡോ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ ആദ്യപകുതി 2–0ന് ബാഴ്സ ആധിപത്യം സ്ഥാപിച്ചു.
പന്തടക്കത്തില്‍ ബാഴ്സ ഏറെ മുന്നിലായിരുന്നു. ഒരാളുടെ കുറവ് സോസിഡാഡിന് വന്‍ തിരിച്ചടിയായി. 56-ാം മിനിറ്റില്‍ റൊണാൾഡോ അരാഹോയും 60-ാം മിനിറ്റില്‍ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഗോള്‍ കണ്ടെത്തിയതോടെ നാല് ഗോളിന്റെ വിജയം ബാഴ്സലോണ സ്വന്തമാക്കുകയായിരുന്നു. ലീഗില്‍ 26 മത്സരങ്ങളില്‍ നിന്നും 57 പോയിന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്നാണ് ബാഴ്സ ഒന്നാമെത്തിയത്. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. 54 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 34 പോയിന്റുള്ള റയല്‍ സോസിഡാഡ് ഒമ്പതാം സ്ഥാനക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.