
വെനസ്വേലയുടെ വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ കടന്നുകയറ്റമെന്ന് റിപ്പോര്‍ട്ട്. വെനസ്വേലന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളാണ് യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ തീരത്തിന് 75 കിലോമീറ്റര്‍ അകലെ എത്തിയതായി വെളിപ്പെടുത്തിയത്. ഇത് നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന അമേരിക്കയുടെ പ്രകോപനമാണെന്നും വെനസ്വേല കുറ്റപ്പെടുത്തി.
യുഎസിന്റെ അഞ്ച് യുദ്ധവിമാനങ്ങളെ തങ്ങളുടെ തീരത്തോട് ചേര്‍ന്ന് കണ്ടെത്തിയെന്നാണ് വെനസ്വേല പറയുന്നത്. യുഎസ് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് അടുക്കാന്‍ ധൈര്യപ്പെട്ടെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും വിമാനത്താവളത്തിലെ ട്രാക്കിങ് സിസ്റ്റത്തിലും ഇത് കണ്ടെത്തിയതായും വെനസ്വേലന്‍ പ്രതിരോധ മന്ത്രി വ്‌ളാദിമിര്‍ പാഡ്രിനോ പറഞ്ഞു. അമേരിക്ക അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ് നടത്തുന്നതെന്നും വെനസ്വേലയിലെ വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് തെക്കേ അമേരിക്കയ്ക്ക് സമീപം യുഎസ് കപ്പലുകള്‍ക്ക് മുകളിലൂടെ വെനസ്വേലയുടെ സൈനികവിമാനങ്ങള്‍ പറന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ യുഎസ് പ്രസിഡന്റ് വെനസ്വേലയ്‌ക്കെതിരേ ഭീഷണി മുഴക്കുകയുംചെയ്തു. ഇനിയും യുഎസിന്റെ കപ്പലുകള്‍ മീതെ വെനസ്വേലന്‍ വിമാനങ്ങള്‍ പറന്നാല്‍ അവ വെടിവെച്ചിടുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.