ഭൂമധ്യരേഖയോട് ചേര്‍ന്ന് ചൂടുകൂടിയ രാജ്യങ്ങളില്‍ വളരുന്ന പഴവര്‍ഗങ്ങള്‍ കേരളത്തിനു നല്‍കുന്നത് കാര്‍ഷിക രംഗത്തൊട്ടേറെ അവസരങ്ങളാണ്. ഒറ്റത്തവണ കൃഷിയിറക്കിയാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ വിള ലഭിക്കുമെന്നതാണ് വിദേശ പഴവര്‍ഗങ്ങളെ കേരളത്തിലേക്കെത്തിക്കാന്‍ കര്‍ഷകര്‍ക്ക് പ്രചോദനമാകുന്നത്. ഇത്തരത്തില്‍ മികച്ച ആദായം നല്‍കുന്ന ഫലവൃക്ഷങ്ങളിലൊന്നാണ് ജബോത്തിക്കാബ. തെക്കന്‍ ബ്രസീലില്‍ വളരുന്ന മിര്‍ട്ടേസേ വര്‍ഗത്തില്‍ പെട്ട ഫലവൃക്ഷമാണ് ജബോത്തിക്കാബ (മിര്‍സിയേരിയ കൗളിഫ്ലോറ). സമാനജാതി വൃക്ഷങ്ങള്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിലും വളരുന്നു, ബ്രസീലിലെ മുന്തിരിമരം എന്നൊരു പേരും ജബോത്തിക്കാബക്കുണ്ട്.
മുന്തിരിപ്പഴത്തിനോട് സാമ്യമുള്ള കറുപ്പു നിറത്തോടുകൂടിയ ജബോത്തിക്കാബ പഴത്തിന്റെ ഉള്‍ഭാഗം വെളുത്തതാണ്. പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികള്‍, പാനീയങ്ങള്‍, വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പോര്‍ച്ചുഗീസ് ഭാഷയില്‍ ജബൂത്തികാബീര എന്നു പേരുള്ള ഈ വൃക്ഷത്തിന്റെ ഇലകള്‍ക്ക് തൈയ്യായിരിക്കുമ്പോള്‍ ചെമ്പുനിറവും മൂപ്പെത്തിയാല്‍ പച്ചനിറവുമാണ്. വളരെ സാവധാനം വളരുന്ന ഇവ ഈര്‍പ്പവും നേരിയ പുളിപ്പും ഉള്ള മണ്ണില്‍ വേഗത്തില്‍ വളര്‍ച്ചയെത്തുന്നു. ഏതു സാഹചര്യവുമായും ഇണങ്ങാന്‍ കഴിയുന്ന ജബോത്തിക്കാബയെ മണല്‍ തിങ്ങി ക്ഷാരാംശം കലര്‍ന്ന തീരപ്രദേശങ്ങളില്‍ പോലും വളര്‍ത്താന്‍ കഴിയും. സ്വാഭാവികാവസ്ഥയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം പൂവിടുന്ന ഇവയുടെ വെളുത്ത നിറമുള്ള പൂക്കള്‍ മരത്തടിയോടു ചേര്‍ന്നാണ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി ജലസേചനം ലഭിച്ചാല്‍ ഇവ ഇത് പലവട്ടം പുഷ്പിച്ച് ആണ്ടു മുഴുവനും ഫലം നല്‍കുകയും ചെയ്യും.
മൂന്നോ നാലോ സെന്റീമീറ്റര്‍ വ്യാസമുള്ള പഴങ്ങള്‍ക്കുള്ളില്‍ ഒന്നു മുതല്‍ നാലു വരെ വിത്തുകള്‍ ഉണ്ടാകാം. പഴങ്ങള്‍ മരത്തൊലിയോടു പറ്റിച്ചേര്‍ന്ന് തിങ്ങി കാണപ്പെടുന്നതിനാല്‍, കായ്ച്ചു നില്‍ക്കുന്ന മരം വിശേഷപ്പെട്ടൊരു കാഴ്ചയാണ്. പഴത്തിന് കട്ടികൂടി പരുഷരുചിയുള്ള തൊലിയും ഉള്ളില്‍ വഴുവഴുപ്പും മധുരരുചിയുമാണ്, വെളുപ്പോ റോസ് നിറമോ ഉള്ള മാംസളഭാഗവും ഉണ്ട്. മറ്റു പല നാടുകളിലും മുന്തിരിപ്പഴത്തിനുള്ള പ്രചാരം ജബോത്തിക്കാബക്ക് ബ്രസീലില്‍ ഉണ്ട്. പറിച്ചെടുത്ത പഴം മൂന്നു നാലു ദിവസത്തിനുള്ളില്‍ നുരക്കാന്‍ തുടങ്ങുന്നതിനാല്‍ മിച്ചം വരുന്ന പഴങ്ങള്‍ ജാം, അച്ചാറുകള്‍, വീഞ്ഞ്, മറ്റു പാനീയങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പഴം ഏറെക്കാലം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍, അത് കൃഷിപ്രദേശങ്ങള്‍ക്കു പുറത്തുള്ള ചന്തകളില്‍ വിരളമായേ പറിച്ചെടുത്ത രൂപത്തില്‍ കാണാറുള്ളു.
പഴത്തിന്റെ ഉണക്കിയ തൊലികൊണ്ടുണ്ടാക്കുന്ന കഷായം ശ്വാസകോശരോഗങ്ങള്‍, വലിവ്, അതിസാരം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്. തൊണ്ടവേദന മാറാന്‍ അത് കവിള്‍ക്കൊള്ളുന്നതും പതിവാണ്. പഴത്തില്‍ നീര്‍വീക്കത്തിന്റേയും അര്‍ബുദത്തിന്റേയും ചികിത്സകളില്‍ പ്രയോജനപ്പെട്ടേക്കാവുന്ന സംയുക്തങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ ഈ ചെടിയുടെ വിവിധ ജാതികള്‍ ഒരേ പേരിലാണ് അറിയപ്പെടുന്നത്. എല്ലാ ജബോത്തിക്കാബ ഇനങ്ങളും മിതോഷ്ണമേഖലയില്‍ വളരുന്നവയാണെങ്കിലും ഹ്രസ്വമായ മഞ്ഞുവീഴ്ചയെ മിക്കയിനങ്ങള്‍ക്കും അതിജീവിക്കാനാവും. ഉത്തരാര്‍ധഗോളത്തില്‍ ഇതിന്റെ വന്‍തോതിലുള്ള കൃഷിക്കു താപനിലയേക്കാള്‍ തടസമായിരിക്കുന്നത് വളര്‍ച്ചയുടെ വേഗക്കുറവും പഴം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമാണ്. ഒട്ടുമരങ്ങള്‍ കായ്ക്കാന്‍ അഞ്ചുവര്‍ഷത്തോളം മതി, എന്നാല്‍ വിത്തുനട്ടുണ്ടാക്കുന്ന മരങ്ങള്‍ കായ്ക്കാന്‍ ഇരുപത് വര്‍ഷത്തോളം വേണ്ടി വരുന്നു. മൂപ്പെത്താത്ത മരങ്ങളുടെ വലിപ്പക്കുറവ് കാരണം കൃഷിമേഖലയ്ക്കു പുറത്ത് തായ്വാനിലും കരീബിയന്‍ നാടുകളിലും ബോണ്‍സായ് ചെടിയായും അലങ്കാരച്ചെടിയായും അവയ്ക്ക് പ്രചാരണം ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.