
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ജയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പൂരിലെ മര്‍ക്കസ് സുബ്ഹാന്‍ അള്ളാ കാമ്പസ്. മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്ന് ചുറ്റും അവശിഷ്ടങ്ങള്‍ കുന്നു കൂടികിടക്കുന്ന ക്യാമ്പസിന്റെ ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തു വിട്ടു .ജയ്ഷെ മുഹമ്മദിന്റെ റിക്രൂട്ട് മെന്റ് , ധനസമാഹരണം ആശയ പ്രചരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദത്താവളമാണ് സുബ്ഹാൻ അള്ളാ ക്യാമ്പസ്. പാക് സൈന്യത്തിന്റെ 31 കോർപ്‌സിൻ്റെ ആസ്ഥാനമായ പാകിസ്ഥാന്‍ ആർമി കൻ്റോൺമെൻ്റിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
പാകിസ്ഥാന്‍ ഔദ്യോഗിക നിരോധനമേർപ്പെടുത്തിയിട്ടും ജെഇഎമ്മിന് അതിന്റെ ക്യാമ്പ് നടത്താൻ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിന്റെ സൂചനകളാണിതെന്നാണ് വിമർശനം. 2001‑ലെ പാർലമെന്റ് ആക്രമണം, 2016‑ലെ പത്താൻകോട്ട് ആക്രമണം, 2019‑ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യൻ മണ്ണിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജയ്‌ഷെ മുഹമ്മദിന് കനത്ത തിരിച്ചടിയാണ് പ്രത്യാക്രമണത്തിൽ ഇന്ത്യ നൽകിയത്.
ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹാവല്‍പുർ, പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ്. ഇവിടെ 18 ഏക്കറിൽ പരന്നുകിടക്കുന്ന സുബ്ഹാൻ അള്ളാ കാമ്പസ്, ഉസ്മാൻ‑ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നു. 2011 വരെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലതെ പ്രവർത്തിച്ചിരുന്ന ക്യാമ്പസ് 2012 ഓടെ പരിശീലനത്തിനുൾപ്പെടെ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ ഒരു വലിയ സമുച്ചയമാക്കി മാറ്റുകയായിരുന്നു. ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ സ്ഥിരീകരിച്ചിരുന്നു. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് മേധാവിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന നടത്തിയ ആക്രമണം ലഷ്കർ-ഇ‑തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ മൂന്ന് ഭീകര സംഘടനകളെ ലക്ഷ്യമിട്ടിരുന്നു. ആക്രമണങ്ങളിൽ 80‑ൽ അധികം ഭീകരർ കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ സേന അറിയിച്ചു.
ഇതിനിടെ ജമ്മു കാശ്മീർ അതിർത്തിയിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 10 ഗ്രാമീണർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൂഞ്ചിലെ യു എന്നിന്റെ ഫീൽഡ് സ്റ്റേഷനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെങ്കിലും അത് ലക്ഷ്യം കണ്ടില്ല. ശ്രീനഗറിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള സ്ഥലമാണിത്.പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്താൻ , പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.