പാര്‍ലമെന്റില്‍ പുതിയ ഹൈന്ദവ രീതികളും ആചാരങ്ങളും നടപ്പാക്കി ബിജെപി സര്‍ക്കാര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ചെങ്കോല്‍ പിടിച്ച് ആനയിക്കുകയായിരുന്നു.
രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ക്കൊപ്പം ചെങ്കോലുമായി ഒരു ഉദ്യോഗസ്ഥനും രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു. സര്‍ക്കാരിന്റെ പുതിയ സാംസ്കാരിക ചിഹ്നമെന്നോണമായിരുന്നു ആനയിക്കല്‍. പാരമ്പര്യ രീതിയില്‍ വസ്ത്രമണിഞ്ഞ്, തലപ്പാവും ഉത്തരീയവും അണിഞ്ഞ് മുതിര്‍ന്ന മാര്‍ഷല്‍ രാജീവ് ശര്‍മ്മ ചെങ്കോലുമായി മുന്നില്‍ നടക്കുകയും സ്പീക്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ രാഷ്ട്രപതിയെ അനുഗമിക്കുകയുമായിരുന്നു.
ആറു കുതിരകളെ കെട്ടിയ തേരിലാണ് രാഷ്ട്രപതി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയത്. രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ കുതിരപ്പുറത്ത് അനുഗമിച്ചു. രാഷ്ട്രപതി ലോക്‌സഭാ ചേംബറില്‍ എത്തുമ്പോള്‍ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി. രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്യുന്ന സമയത്തുടനീളം ചെങ്കോല്‍ രാഷ്ട്രപതിയുടെ മേശപ്പുറത്തുവച്ചിരുന്നു. ശേഷം പ്രസംഗം പൂര്‍ത്തിയായി പുറത്തിറങ്ങുമ്പോള്‍ രാഷ്ട്രപതിയെ അനുഗമിക്കുകയും ശേഷം സ്പീക്കറുടെ കസേരക്ക് സമീപം പ്രതിഷ്ഠിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം പാര്‍ലമെന്റ് സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാത്തലത്തില്‍ ഗാലറികളിലെ ആദ്യ നിരയിലെ കസേരകള്‍ മാറ്റിയിരുന്നു.
ഭരണപരാജയങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം: ബിനോയ് വിശ്വം
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം മോഡി സർക്കാരിന്റെ ഭരണപരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള വിഫലശ്രമമാണെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം.
രാമക്ഷേത്രം സന്ദർശിച്ച ഭക്തരുടെ എണ്ണത്തെ പ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒരു കണക്കുകളും അവതരിപ്പിക്കാനില്ലായിരുന്നു എന്നത് ഹിന്ദുത്വ ഭരണകൂടത്തിന്റെ മുൻഗണനകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയെന്ന സൗധത്തിന്റെ നാല് ശക്തമായ തൂണുകളായി യുവശക്തി, സ്ത്രീശക്തി, കര്‍ഷകര്‍, ദരിദ്രര്‍ എന്നിവരെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഈ നാല് വിഭാഗങ്ങള്‍ മോഡി സര്‍ക്കാരിന്റെ കാലത്ത് നേരിട്ട ദുരിതങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമാണ്.
കടുത്ത തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്ന യുവാക്കളോട് അപര്യാപ്തവും നിരര്‍ത്ഥകവുമായ അഗ്നിപഥ് പദ്ധതിയാണ് വാഗ്ദാനം ചെയ്യുന്നത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ പുരുഷാധിപത്യ ഘടകങ്ങള്‍ക്ക് ശക്തിപകരുന്നതിനാല്‍ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുന്നു. നിരവധി ബിജെപി നേതാക്കൾ ബലാത്സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ നേരിടുന്നു, ചിലര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
2014ലെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് നരേന്ദ്രമോഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിനുശേഷവും കർഷകരുടെ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും മോഡിയുടെ ഭരണകാലയളവ് വന്‍ തകര്‍ച്ചയാണ് രാജ്യത്തിന് നല്‍കിയത്. എന്നിട്ടും സമർത്ഥമായ വാചാടോപം നടത്തുന്നതിന് പിന്നിലെ വസ്തുത ജനങ്ങള്‍ മനസിലാക്കുമെന്നും 2024 ലെ തെരഞ്ഞെടുപ്പിൽ അവര്‍ അതിന് ഉത്തരം നൽകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ അജണ്ടകള്‍ അടിവരയിടുന്ന നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഇടക്കാല ബജറ്റ് നാളെ. കലാപവും കണ്ണീരും ഉണങ്ങാത്ത മണിപ്പൂരിനെയും രാജ്യത്തെ തൊഴിലില്ലായ്മയെയും അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. രാമക്ഷേത്രവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും ഉള്‍പ്പെടെ ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ കാര്യമായി ഇടം പിടിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട രാഷ്ട്രപതി അധികാരമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് പുതിയ മന്ദിരത്തിലെത്തി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തത്.
ചന്ദ്രയാന്‍, ആദിത്യ മിഷന്‍, മുത്തലാഖ് നിരോധനം, വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ്, ദേശീയ പതാകയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത് ഉള്‍പ്പെടെ രാജ്യം സാമൂഹിക, സാമ്പത്തിക, ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്ത് നേടിയ നേട്ടങ്ങളും സര്‍ക്കാരിന്റെ പദ്ധതികളും നിരത്തിയുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി നല്‍കിയെന്ന ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശം മാത്രമാണുണ്ടായത്. പദ്ധതികള്‍ക്കൊപ്പം പ്രതിമാ സ്ഥാപനവും ബിജെപിയുടെ അനുബന്ധ കലാപരിപാടികളും പരാമര്‍ശിച്ച നയപ്രഖ്യാപനത്തോടെ പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇടക്കാല ബജറ്റ് നാളെ സഭയില്‍ അവതരിപ്പിക്കും.
English Summary: Jaishream calls in Parliament; A new ritual with the scepter
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.