
‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമ്മമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ‘ജാനകി വി’ എന്നാക്കി മാറ്റാമെന്നാണ് അറിയിച്ചത്. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തില്‍ ക്രോസ് വിസ്താരത്തിനിടെ ‘ജാനകി’ എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിർമ്മാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് മാറ്റി.
കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളിലൊന്നില്‍ കഥാപാത്രത്തിന്റെ പേര് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് രാവിലെ അറിയിച്ചിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് ചേർന്നപ്പോൾ പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്നും സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പേര് മാറ്റുക ബുദ്ധിമുട്ടാണെന്നും നിർമ്മാതാക്കൾ അറിയിച്ചു. എന്നാൽ സെൻസർ ബോർഡ് തീരുമാനത്തിൽ ഉറച്ചുനിന്നതോടെ പേരു മാറ്റാമെന്ന് നിർമ്മാതാക്കൾ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.