23 December 2024, Monday
KSFE Galaxy Chits Banner 2

ഒരു ജന്മത്തിനുള്ളിലെ പല ജന്മങ്ങള്‍

മാറ്റൊലി
Janayugom Webdesk
July 1, 2022 6:00 am

വ്യാസ വിരചിതമായ മഹാഭാരതത്തിലെ ശിഖണ്ഡിയെന്ന കഥാപാത്രമാണ് ഇതിഹാസങ്ങളിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അടയാളപ്പെടുത്തല്‍. കാശി മഹാരാജാവിന്റെ പുത്രിയായിരുന്ന അംബയാണ് തപസു ചെയ്ത് വരസിദ്ധി നേടി പിന്നീട് ശിഖണ്ഡിയായി ജനിച്ചത്. ഭീഷ്മ നിഗ്രഹമായിരുന്നു ലക്ഷ്യം. യുദ്ധത്തില്‍ അശ്വത്ഥാമാവ് ശിഖണ്ഡിയെ വധിക്കുകയും ചെയ്തു. യുദ്ധക്കളത്തില്‍ ഒടുങ്ങാതെ ശിഖണ്ഡിയുടെ സ്വത്വം പല രൂപത്തില്‍ പല ഭാവത്തില്‍ ഇന്ന് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത മാതൃകയില്‍ നിന്നോ, ജന്മനാല്‍ ഉണ്ടായിരുന്ന ലിംഗത്തില്‍ നിന്നോ വ്യതിയാനം പ്രദര്‍ശിപ്പിക്കുന്ന അഥവാ അതിനനുയോജ്യമല്ലാത്ത ലിംഗവ്യക്തിത്വം, സ്വഭാവം, ലിംഗപ്രകാശനം എന്നിവ കാണിക്കുന്നവരെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് ട്രാന്‍സ്ജെന്‍ഡര്‍. ലെെംഗിക ന്യൂനപക്ഷം എന്നറിയപ്പെടുന്ന എല്‍ജിബിടിക്യുഐഎ സമുദായത്തിലെ വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡേഴ്സും. കൊളംബിയ യൂണിവേഴ്സിറ്റിയിലെ സെെക്യാട്രിസ്റ്റ് ജോണ്‍ എഫ് ഒലിവര്‍ 1965ല്‍ രചിച്ച ‘ഹെെജീന്‍ ആന്റ് പത്തോളജി’ എന്ന പുസ്തകത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദം ഉപയോഗിക്കുന്നത്.

സ്ത്രീയെന്നും പുരുഷനെന്നുമുള്ള ദ്വന്ദ്വങ്ങളില്‍ മാത്രം ഉള്‍പ്പെടാത്ത കോടിക്കണക്കിന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ലോകത്തെമ്പാടുമുണ്ട്. ഇവിടെ മലയാളികള്‍ക്കിടയില്‍ മാത്രം 25,000ത്തോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊരു യാഥാര്‍ത്ഥ്യമാണെന്നതിനാല്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും അവര്‍ക്ക് തുല്യ അവകാശങ്ങളും അംഗീകാരങ്ങളും നൽകാന്‍ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. സ്ത്രീകളായി ജനിച്ച ശേഷം ലിംഗമാറ്റം സംഭവിച്ചവരും പുരുഷന്മാരായി ജനിച്ച ശേഷം ലിംഗമാറ്റം സംഭവിച്ചവരും സ്ത്രീയും പുരുഷനുമല്ലാത്ത വ്യക്തിത്വം സൂക്ഷിക്കുന്നവരുടെയും പ്രശ്നങ്ങള്‍ ഇനിയും സജീവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് സമകാലിക സംഭവങ്ങള്‍ ആവശ്യപ്പെടുന്നത്. ഭയം, ലജ്ജ, സാമൂഹിക വിവേചനം, വിഷാദം, ആത്മഹത്യ പ്രവണതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ വിഭാഗം അനുഭവിക്കുന്നുവെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സമൂഹത്തിന്റെ മനോഭാവമാണ്. 2021ല്‍ കൊച്ചിയില്‍ മാത്രം അഞ്ച് ട്രാന്‍സ്ജെന്‍ഡറുകളാണ് ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദവും അനാരോഗ്യവും തിരസ്കരണവുമൊക്കെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതം പ്രതിസന്ധിയിലാക്കുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് 2021 ജൂലെെയില്‍ ആത്മഹത്യ ചെയ്ത അനന്യകുമാരി അനുഭവിച്ച പീഡനങ്ങള്‍ വാര്‍ത്തയായിരുന്നു. 2014–15 വര്‍ഷത്തില്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ മുഴുവന്‍ പേരും ജീവിതത്തില്‍ ഒരുവട്ടമെങ്കിലും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം സമൂഹത്തിന്റെ ഭാഗമാണെന്നും തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുന്നില്ലെന്നും അവര്‍ക്ക് ബോധ്യം വരുന്നതരത്തില്‍ പൊതുബോധം സൃഷ്ടിക്കാന്‍ സമൂഹത്തിന് കഴിയാത്തതുകാരണമാണ് ജന്മത്തെ ശപിച്ച് സ്വയം ഒടുങ്ങാനുള്ള പ്രവണത ഇവര്‍ കാട്ടുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡും ട്രാന്‍സ്ജെന്‍ഡര്‍ സെല്ലും രൂപീകരിച്ച ആദ്യ സംസ്ഥാനമായ കേരളം ഇവരുടെ ക്ഷേമത്തില്‍ മാതൃകാപരമായ നടപടികളാണ് കെെക്കൊണ്ടിട്ടുള്ളത്. എല്‍ജിബിടി കമ്മ്യൂണിറ്റിക്കെതിരായ മുന്‍വിധികള്‍ നീക്കം ചെയ്യാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കാനും പൊലീസും ജുഡീഷ്യറിയും ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ സംവേദനക്ഷമമാക്കുന്നതിനും മദ്രാസ് ഹെെക്കോടതി സമഗ്രമായ നടപടികളാണ് നിര്‍ദേശിച്ചിട്ടുള്ളത്. മാത്രമല്ല ലെെംഗിക ആഭിമുഖ്യം പരിഹരിക്കാനും മാറ്റാനുമുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടിരുന്നു.

പരീക്ഷയ്ക്കും തൊഴിലിനും അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ ഇഷ്ടത്തിന് ലിംഗത്തിന്റെ കോളം പൂരിപ്പിക്കാമെന്ന് കോടതിവിധി ആദ്യം നടപ്പാക്കിയ സംസ്ഥാനവും തമിഴ്‌നാടാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ എണ്ണം അത്രയില്ലാത്ത തമിഴ്‌നാടും കേരളവും ഇവര്‍ക്കായി ഒട്ടേറെ സംര‍ക്ഷണ നിയമങ്ങള്‍ രൂപീകരിച്ച് നടപ്പിലാക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങള്‍ ഇപ്പോഴും ശിഖണ്ഡി മനോഭാവത്തിലാണെന്നതാണ് പരിതാപകരം. വിവിധ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഉന്നത പദവികളില്‍ എത്തപ്പെടുന്നുണ്ടെങ്കിലും അവരെ ഉള്‍ക്കൊള്ളാനും മുഖ്യധാരയുടെ ഭാഗമാക്കാനും സമൂഹത്തിൽ ഇനിയും ഒട്ടേറെ പരിവര്‍ത്തനം വേണ്ടിവരും. ഇതിന് മാനസികാരോഗ്യ സാക്ഷരതയാണ് കെെവരിക്കേണ്ടതെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. സാഹിത്യത്തിലും സിനിമകളിലുമൊക്കെ വെറും ‘ടിപ്പിക്കല്‍’ കഥാപാത്രങ്ങളായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ഇന്ന് കേന്ദ്ര കഥാപാത്രം തന്നെയായി മാറുന്നുണ്ട്.

വി സി അഭിലാഷ് സംവിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘ആളൊരുക്കം’ ട്രാന്‍സ്ജെന്‍ഡര്‍ കേന്ദ്ര കഥാപാത്രമായ ആവിഷ്കാരമായിരുന്നു. പി അഭിജിത് സംവിധാനം ചെയ്ത ‘അന്തരം’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് എസ് നേഹ എന്ന ട്രാന്‍സ്ജെന്‍ഡര്‍ വനിതയായിരുന്നു. അഭിനയ മികവിന് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. തന്റെ പരിവര്‍ത്തിത ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നേഹ പറയുന്നു, “ട്രാന്‍സ്ജെന്‍ഡറായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. അവര്‍ക്ക് സമാധാന ജീവിതം എന്നത് മരീചികയാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ആത്മഹത്യകളൊന്നും ശരിക്ക് ആത്മഹത്യകളല്ല, സ്ഥാപനവല്‍ക്കരിക്കപ്പെട്ട കൊലകളാണ്…” ഈ വിഭാഗത്തിലെ ഒരു സെലിബ്രിറ്റി ഇങ്ങനെ പറയുമ്പോള്‍ ഇതൊന്നുമല്ലാത്തവരുടെ ജീവിതം എത്ര ദുഷ്കരമായിരിക്കും എന്ന് അനുമാനിക്കാവുന്നതേയുള്ളു. പ്രകൃതിക്ക് അഥവാ നിയതിക്ക് മുന്നില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ്, ആണ്‍, പെണ്‍ ഭേദങ്ങളൊന്നുമില്ല. പരിണാമ പ്രക്രിയകള്‍ക്കിടയിലെ ജീനുകളുടെ കളി മാത്രമാണ് ഈ മൂന്നാം ലിംഗം. ലിംഗവ്യക്തിത്വം എന്നത് ഒരു പുരുഷനോ സ്ത്രീയോ ആണെന്നുള്ള ഒരാളുടെ വ്യക്തിപരമായ ബോധം മാത്രമാണ്. അത് അംഗീകരിച്ചുകൊടുക്കാത്തത് സമൂഹത്തിന്റെ വികലമനസിന്റെ സൂചകവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.