31 March 2025, Monday
KSFE Galaxy Chits Banner 2

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
March 28, 2025 4:15 am

ജനകീയാസൂത്രണകാലത്തുണ്ടായ വലിയൊരു ഗുണം പ്രാദേശിക ഭരണകൂടങ്ങൾ മുൻകയ്യെടുത്തു നടത്തിയ ചരിത്രരചനയാണ്. ഒരോ പഞ്ചായത്തും അവരുടെ ചരിത്ര രേഖകൾ തേടിയെടുത്തു. അവിടത്തെ സാംസ്കാരിക രാഷ്ട്രീയ സംഭവങ്ങൾ മുഖംമൂടിയ മണ്ണ് തുടച്ച് എഴുന്നേറ്റു. എന്നാൽ അവയെല്ലാം കൂടി ഒറ്റപ്പുസ്തകമാക്കുന്നതിന് കഴിഞ്ഞില്ല. അതിനാൽ ഏറെക്കുറെ സമഗ്രതയുള്ള ഒരു കേരളചരിത്രം കിട്ടിയില്ല. ജില്ലാ ചരിത്രരചനകൾ മറ്റൊരു കാൽവയ്പാണ്. കൊല്ലം എന്ന ഭൂപ്രദേശം സഹ്യപർവതം മുതൽ അറബിക്കടൽ വരെ പുണർന്നു കിടക്കുന്നതാണ്. ഇബ്നുബത്തൂത്ത മുതൽ പലരും ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. പി ഭാസ്കരനുണ്ണി, ഇളംകുളം കുഞ്ഞൻ പിള്ള, ഡോ. പി രാജേന്ദ്രൻ, ഡോ. കെ പി നായർ, കെ ബി അജയകുമാർ, ഹരി കട്ടേൽ തുടങ്ങിയവരും പരാമർശങ്ങളായോ പുസ്തകമായോ കൊല്ലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. തിരുനല്ലൂർ കരുണാകരന്റെ കൊല്ലം, കണ്ടച്ചിറ ബാബുവിന്റെ കുരക്കേണിക്കൊല്ലം തുടങ്ങിയ കവിതകൾ കൊല്ലത്തിന്റെ ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓടയിൽ നിന്ന്, മനു സംവിധാനം ചെയ്ത മൺട്രോ തുരുത്ത്, പൊൻമാൻ തുടങ്ങിയ സിനിമകളും ഈ പ്രദേശത്തിന്റെ വൈവിധ്യങ്ങൾ എടുത്തുകാട്ടുന്നതാണ്. ഇതിനെയൊക്കെ മറികടക്കുന്നതാണ് പുതുതായുണ്ടായ ഒരു ചരിത്രാന്വേഷണ പരിശ്രമം.
കൊല്ലം ശ്രീനാരായണ കോളജിലെ പ്രിൻസിപ്പലായിരുന്ന ഡോ. ആർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഒരു വലിയ യുവപണ്ഡിത സമൂഹമാണ് ഈ അന്വേഷണം നടത്തിയിട്ടുള്ളത്. പോയകാലവും നടപ്പുകാലവും അടയാളപ്പെടുത്തിയിട്ടുള്ള അഞ്ഞൂറോളം പഠനക്കുറിപ്പുകളാണ് ഈ സംഘം തയ്യാറാക്കിയത്. കൊല്ലം — ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്ന പേരിൽ മൂന്നു വലിയ ഗ്രന്ഥങ്ങളായി ഈ അന്വേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. 

ഒരു പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും രേഖപ്പെടുത്തുമ്പോൾ കിളികൾക്കും മീനുകൾക്കും മറ്റു ജന്തുജാലങ്ങൾക്കും എന്താണ് കാര്യം? മരങ്ങൾക്കും കല്ലുകൾക്കും എന്താണ് കാര്യം? മനുഷ്യപക്ഷപാതം തലയ്ക്കുപിടിച്ച നമ്മുടെ ഗവേഷകർ മനുഷ്യജീവിതത്തിന് പശ്ചാത്തലമൊരുക്കുന്ന ജീവിസമൂഹത്തെ പൂർണമായും ഒഴിവാക്കുകയാണ് പതിവ്. ഈ പ്രവണത പരമാവധി ദുഷിച്ചപ്പോഴാണ്, തൊഴിലാളികളില്ലാത്തതും രാജാക്കന്മാർ മാത്രം പല്ലിളിക്കുന്നതുമായ ചരിത്രരചന ഉണ്ടായത്. ഈ മഹാഗ്രന്ഥത്തിൽ ആശ്രാമത്തെ ജൈവവൈവിധ്യം, അഷ്ടമുടിയിലെ പക്ഷികൾ, തിരുമുല്ലവാരത്തെ കടൽപ്പായലുകൾ, ആയിരംതെങ്ങ് കണ്ടൽക്കാട്ടിലെ മത്സ്യസമ്പത്ത്, പോളച്ചിറയിലെ ദേശാടനപ്പക്ഷികൾ, തെന്മലയിലെ പഴുതാരകൾ, ശെന്തുരുണിയിലെ ഉറുമ്പുകളും എട്ടുകാലികളും തുടങ്ങി കുറെ അന്വേഷണവിവരങ്ങളുണ്ട്. തെങ്ങ്, നെല്ല്, കശുമാവ് തുടങ്ങിയവയുടെ കാർഷികചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കൂടി ഉൾപ്പെട്ടതായിരുന്നല്ലോ പഴയ കൊല്ലം ജില്ല. അവിടത്തെ രാഷ്ട്രീയ പ്രവർത്തന ചരിത്രവും പുസ്തകത്തിലുണ്ട്. ജില്ലയിൽ തൊഴിലാളിവർഗ രാഷ്ട്രീയ ബോധം സൃഷ്ടിച്ചവരിൽ പ്രമുഖരായ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എം എൻ ഗോവിന്ദൻ നായർ, എൻ ശ്രീകണ്ഠൻ നായർ, കോട്ടാത്തല സുരേന്ദ്രൻ, പി എ സോളമൻ, എൻ ശ്രീധരൻ തുടങ്ങിയവയുടെ അക്ഷരരേഖകളും സി കേശവൻ, കുമ്പളത്ത് ശങ്കുപ്പിള്ള, ടി എം വർഗീസ്, ബി വെല്ലിങ്ടൺ, ഡോ. ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവരുടെ പ്രവർത്തനരീതികളും ഈ അസാധാരണ ചരിത്ര പുസ്തകത്തിലുണ്ട്. കടയ്ക്കലും ശൂരനാട്ടുമുണ്ടായ ഐതിഹാസികമായ ഏറ്റുമുട്ടലുകൾ, സ്ത്രീ ശാക്തീകരണ ചരിത്രം, സാഹിത്യ കലാരംഗത്തെ സംഭാവനകൾ തുടങ്ങിയവയെല്ലാം അടയാളപ്പെട്ടിരിക്കുന്നു. എന്തുപറഞ്ഞാലും ഒന്നും പൂർണമാവില്ലല്ലോ. എങ്കിലും വലിയതോതിലുള്ള അടയാളപ്പെടുത്തലുകൾ ഈ പരിശ്രമത്തിലൂടെ ഉണ്ടായിട്ടുണ്ട്. മൂവായിരത്തിലധികം പേജുകളുള്ള ഈ ചരിത്ര മഹാസാഗരം കൊല്ലത്തെ എൻഎസ് പഠനഗവേഷണ കേന്ദ്രമാണ് പുറത്തുകൊണ്ടുവന്നത്. ഗ്രന്ഥശാലകൾ നിർബന്ധമായും വാങ്ങി സൂക്ഷിക്കുകയും വളരെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടുന്ന ഈ പുസ്തകത്തിന് 3,500 രൂപയാണ് വിലയിട്ടിരിക്കുന്നത്. 

Kerala State AIDS Control Society

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.