20 November 2024, Wednesday
KSFE Galaxy Chits Banner 2

തകർന്നുവീണ വിശ്വഗുരു പ്രതിച്ഛായ

അബ്ദുൾ ഗഫൂർ
May 10, 2024 4:45 am

പ്രമുഖ മാധ്യമ പ്രവർത്തകൻ പി രാമൻ ദ വയറിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘ലോകം തന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നില്ലെന്ന് വിശ്വഗുരു മനസിലാക്കുന്നു’ എന്നായിരുന്നു. വിശ്വഗുരു എന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയാണ്. 10 വർഷത്തെ തന്റെ ഭരണത്തിനിടയിൽ ഇന്ത്യയെ ലോകം ഇതുവരെയില്ലാത്ത വിധം ശ്രദ്ധിക്കുന്ന രാജ്യമാക്കി മാറ്റിയെന്ന് മോഡിയും ബിജെപിയും നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ ലേഖനം വളരെയധികം പ്രസക്തമാകുന്നു. ആഗോള ഭൗമരാഷ്ട്രീയ തന്ത്രങ്ങൾ നിർണയിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ഇതിന് മുമ്പില്ലാത്ത വിധം വർധിച്ചുവെന്ന് സ്ഥാപിക്കുവാനായിരുന്നു മോഡിയും കൂട്ടരും ആവർത്തിച്ച് ശ്രമിച്ചത്.
അതിനിടയിൽ വീണുകിട്ടിയ ജി20 അധ്യക്ഷ പദവിയെയും യുഎസ് പ്രസിഡന്റായിരിക്കെ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ നടത്തിയ സന്ദർശനങ്ങളെയും തങ്ങളുടെ സ്വതസിദ്ധമായ പ്രചരണ സംവിധാനങ്ങളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുമുപയോഗിച്ച് വിശ്വഗുരു പദവി ഉറപ്പിക്കുന്നതിനുള്ള ഉപായമാക്കി അവർ മാറ്റുകയും ചെയ്തു. ജി20 അധ്യക്ഷസ്ഥാനം ഊഴമനുസരിച്ച് ഓരോ രാജ്യത്തിനും ലഭിക്കുന്നതാണ്. അതുപ്രകാരം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു 2023ലെ ഇന്ത്യയുടെ നേതൃപദവിയും ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരവും. എന്നാൽ അത് മറച്ചുവച്ച് മോഡിയുടെ മഹത്വമാണ് അധ്യക്ഷ പദവിക്ക് കാരണമെന്നുവരെ പ്രചരണങ്ങളുണ്ടായി. പി രാമൻ തന്റെ ലേഖനത്തിൽ പറയുന്നതുപോലെ ജനാധിപത്യത്തിന്റെ മാതാവ്, വിശ്വഗുരു തുടങ്ങിയ ആകർഷകമായ സംജ്ഞകളിലൂടെ മോഡിയുടെ വരവോടെ ഇന്ത്യ ലോകരാഷ്ട്രീയത്തിൽ നിർണായകമായെന്ന് വരുത്തുന്നതിനുള്ള ബോധപൂർവ ശ്രമങ്ങളാണുണ്ടായത്.

 


ഇതുകൂടി വായിക്കൂ; മോഡി ഗ്യാരന്റിയിലെ സ്ത്രീസുരക്ഷ


2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോഡി നടത്തിയ വിദേശ യാത്രകൾ പോലും വിശ്വഗുരു പദവിക്കുള്ള അംഗീകാരമായി കൊട്ടിഘോഷിക്കപ്പെട്ടു. 2019 സെപ്റ്റംബറിൽ മോഡി യുഎസിലേക്കും 2020 ഫെബ്രുവരിയിൽ ട്രംപ് ഇന്ത്യയിലേക്കും നടത്തിയ യാത്രയുമൊക്കെ തന്റെ ലോകാംഗീകാരത്തിന്റെ തെളിവായി ഉയർത്തിക്കാട്ടി. ഇരുസന്ദർശനങ്ങളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ ഫലപ്രദമായ വിനിയോഗം മൂലം മറ്റെല്ലാ പോരായ്മകൾക്കും മീതെ മഹത്വവല്‍ ക്കരിക്കപ്പെട്ടു. ട്രംപിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കുവാൻ ചേരികൾ മതിലുകൾ പണിത് മറച്ചതും സിഎഎ വിരുദ്ധ സമരത്തിന്റെ അലയൊലികളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിന് നടത്തിയ ശ്രമങ്ങളുമെല്ലാം അക്കാലത്ത് വിവാദമായതാണ്.
2023ൽ യുഎസ് ഔദ്യോഗിക അതിഥിയായി മോഡിയെ സ്വീകരിച്ചത് വലിയ പ്രാധാന്യം നൽകിയാണ് ബിജെപി പ്രചരിപ്പിക്കുവാൻ ശ്രമിച്ചത്. 10 വർഷത്തിനിടെ എട്ടുതവണ യുഎസിലെത്തിയ മോഡി 2023ൽ ഔദ്യോഗിക അതിഥിയായി എത്തിയതിനെയാണ് അവർ പൊലിപ്പിച്ചത്. മോഡിക്ക് മുമ്പ് രണ്ട് ഇന്ത്യൻ രാഷ്ട്രത്തലവൻമാരെ മാത്രമേ യുഎസ് ഔദ്യോഗിക അതിഥികളായി സ്വീകരിച്ചിട്ടുള്ളൂ. 1963 ജൂണിൽ രാഷ്ട്രപതി എസ് രാധാകൃഷ്ണനെയും 2009 നവംബറിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും. അതുകൊണ്ടുതന്നെ ഈ അംഗീകാരം ചെറുതല്ലെങ്കിലും ഇത്തരം സംഗതികളെ ഉയർത്തിക്കാട്ടിയാണ് വിശ്വഗുരു എന്ന സ്വയം പ്രതിഷ്ഠിത പദവിയിൽ അദ്ദേഹം അഭിരമിക്കുവാൻ ശ്രമിച്ചത്.

എന്നാൽ ഭരണത്തില്‍ 10 വർഷം പൂർത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇപ്പറഞ്ഞതെല്ലാം കെട്ടുകഥകളും പൊയ്‌വാക്കുകളുമായിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങൾ വന്നുവീഴുകയാണ്. 2023ൽ, മുമ്പ് ഔദ്യോഗിക അതിഥിയായി സ്വീകരിച്ച നരേന്ദ്ര മോഡിയുടെ ഭരണ നയങ്ങളെ നിശിതമായി വിമർശിക്കുന്ന രാജ്യമായി യുഎസ് മാറി.
ഇന്ത്യയിൽ ഇതരമത വിദ്വേഷവും അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങളും വ്യാപകമാണെന്ന കുറ്റപ്പെടുത്തൽ യുഎസ് പ്രസിഡന്റ് ജോ ബെെ‍ഡന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിരിക്കുന്നു. സമ്പദ്‍വ്യവസ്ഥ വളരാത്തതിനുള്ള പ്രധാന കാരണം ഇത്തരം പിന്തിരിപ്പൻ നിലപാടുകളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ടായിരുന്നു. കുടിയേറ്റക്കാരോടുള്ള വിദ്വേഷ സമീപനത്തെയും ബൈഡൻ വിമർശിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യയുടെ പ്രതികരണമുണ്ടായെങ്കിലും ദുർബലമായിരുന്നു. കൂടാതെ വർഗീയ സംഘർഷം, മതസ്വാതന്ത്ര്യം, രാഷ്ട്രീയ പ്രവർത്തകരുടെ അറസ്റ്റുകൾ എന്നിവയെക്കുറിച്ചും യുഎസ് തങ്ങളുടെ നിലപാടുകൾ — അതെല്ലാം വിശ്വഗുരുവിന്റെ പ്രതിച്ഛായയെ ചോദ്യം ചെയ്യുന്നതായിരുന്നു — അടുത്ത കാലത്ത് വ്യക്തമാക്കുകയുണ്ടായി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഈ വിഷയങ്ങളിൽ സുതാര്യവും സമയബന്ധിതവുമായ നടപടികൾ പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറുടെ പ്രസ്താവനയുണ്ടായതും ശ്രദ്ധേയമായിരുന്നു.
പ്രസിഡന്റ് ജോ ബൈഡൻ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാതിരുന്നതും ക്വാഡ് ഉച്ചകോടി മാറ്റിവച്ചതും അമേരിക്കയുടെ ഇന്ത്യയോടുള്ള വിയോജിപ്പിന്റെ സൂചനകളും മോഡിയുടെ വിശ്വഗുരു പരിവേഷത്തിനേറ്റ തിരിച്ചടിയുമാണ്. കെജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് ജർമ്മനിയും പ്രതികരണം നടത്തുകയുണ്ടായി. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ വിഷയത്തിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നായിരുന്നു ഇതിനോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണം. നയതന്ത്ര ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെതിരെ’ ഔദ്യോഗിക പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ആഗോളതലത്തിൽ ഔദ്യോഗികമായും അല്ലാതെയും പ്രവ‍ർത്തിക്കുന്ന വിവിധ ഏജൻസികളുടെ സർവേകളിൽ ഇന്ത്യയുടെ സ്ഥാനം പിൻനിരയിൽ നിർണയിക്കപ്പെട്ടതും വിശ്വഗുരു പരിവേഷത്തിന് പോറലേല്പിക്കുന്നവയാണ്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ 2024ലെ ലോക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 176 രാജ്യങ്ങളിൽ 159 ആണ്. 2022ൽ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2023 ലെ ആഗോള പട്ടിണി സൂചികയിൽ, 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് ഇന്ത്യ. 2022ൽ ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ 23.22 ശതമാനമാണ്, ഇത് പാകിസ്ഥാൻ (11.3 ശതമാനം), ബംഗ്ലാദേശ് (12.9 ശതമാനം), ചൈന (13.2 ശതമാനം), ഭൂട്ടാൻ (14.4 ശതമാനം) എന്നിവയെക്കാൾ കൂടുതലാണെന്ന് ലോക ബാങ്ക് കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ കണക്കുകളെല്ലാം മോഡിയുടെ പ്രതിച്ഛായയെയാണ് ദോഷകരമായി ബാധിക്കുന്നത്.

ഇതിനൊപ്പമാണ് ഖലിസ്ഥാൻ ഭീകരവാദിയുടെ മരണത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നതും മൂന്ന് പേർ അറസ്റ്റിലായിരിക്കുന്നതും. എങ്കിലും അവർക്ക് ഒരു പിടിവള്ളിപോലെ ഇന്നലെ റഷ്യയുടെ പ്രതികരണം പുറത്തുവരികയുണ്ടായി. അതുവച്ചായിരിക്കും ഇനി മോഡിയുടെയും കൂട്ടരുടെയും പ്രതിരോധ ശ്രമങ്ങൾ. പ്രസിഡന്റായി വീണ്ടും വ്ലാദിമിർ പുടിൻ അധികാരമേറ്റതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് യുഎസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞതായാണ് എൻഡിടിവി വാർത്തയിലുള്ളത്. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് വാഷിങ്ടണ്‍ ധാരണയില്ലെന്നും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞതായാണ് റഷ്യൻ സർക്കാരിന്റെ വാർത്താ ശൃംഖലയായ ആർടി ന്യൂസിനെ ഉദ്ധരിച്ചുള്ള എൻഡിടിവി വാർത്തയിലുള്ളത്. എൻഡിടിവി ഇപ്പോൾ അഡാനിയുടെ ഉടമസ്ഥതയിലാണെന്നതിനാൽ മോഡി വ്യൂഹത്തിന് ഉപകാരപ്രദമാകുന്ന ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. തങ്ങളുമായി ആയുധക്കച്ചവടവും ഇന്ധന ഇറക്കുമതിയും നടത്തുന്ന രാജ്യത്തെ വെള്ള പൂശാനുള്ള ശ്രമം മാത്രമായി അത് പാഴാകുമെന്നതില്‍ സംശയമില്ല. വിശ്വഗുരു പരിവേഷത്തിന് സംഭവിച്ച തകർച്ചയെ മറയ്ക്കുന്നതിന് അതുകൊണ്ട് സാധ്യമാകുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.