8 January 2025, Wednesday
KSFE Galaxy Chits Banner 2

ഗ്വാട്ടിമാലയില്‍ സത്യപ്രതിജ്ഞ അട്ടിമറിക്കാന്‍ നീക്കം

അബ്ദുൾ ഗഫൂർ
December 13, 2023 4:25 am

തെക്കേ അമേരിക്കയിലെ ആമസോണ്‍ മഴക്കാടുകള്‍ ഭൂ, വന മാഫിയകളുടെ സ്വപ്നഭൂമിയാണ്. ആമസോണ്‍ മഴക്കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെല്ലാം ഭരണത്തെ നിയന്ത്രിക്കുന്നതിലും വിധേയരാകാത്തവര്‍ക്ക് വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിലും മാഫിയ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഭൂഖണ്ഡത്തില്‍ എവിടെ മാഫിയകള്‍ക്കെതിരായ നിലപാടുകളുള്ളവര്‍ അധികാരത്തിലെത്തുന്നത് തടയുന്നതിലും ഭരണം തടസപ്പെടുത്തുന്നതിലും അവര്‍ വ്യാപൃതരാണ്. പെറുവില്‍ അധികാരമേറ്റ തൊഴിലാളിനേതാവും ഇടതുപക്ഷക്കാരനുമായ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ചതിന്റെ വാര്‍ഷികത്തില്‍ ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
2021ല്‍ അധികാരമേറ്റ പെഡ്രോ കാസ്റ്റിലോയെ 18 മാസങ്ങള്‍ക്ക് ശേഷം നാടകീയമായ രംഗങ്ങളിലൂടെയാണ് 2022 ഡിസംബര്‍ ഏഴിന് സ്ഥാനഭ്രഷ്ടനാക്കിയത്. 2017ലെ ഐതിഹാസിക അധ്യാപക പണിമുടക്കിന് നേതൃത്വം നല്‍കിയും ധാതു സമ്പത്തിന്റെ അമിത ചൂഷണത്തിനെതിരെയുള്ള നിലപാടുകളിലൂടെയും ജനപിന്തുണയാര്‍ജിച്ചാണ് പെഡ്രോ കാസ്റ്റിലോ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെത്തുന്നത്. 18 പേര്‍ രംഗത്തുണ്ടായിരുന്ന ഒന്നാം ഘട്ടത്തില്‍ 18 ശതമാനം വോട്ടുനേടി അടുത്ത ഘട്ടത്തിലേക്ക് കടന്ന പെഡ്രോ, രണ്ടാംഘട്ടവും കടന്ന് പ്രസിഡന്റാവുകയായിരുന്നു. പക്ഷേ പ്രതിപക്ഷത്തിനായിരുന്നു പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. അവര്‍ ചെലുത്തിയ സമ്മര്‍ദങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളും കാരണം പ്രസിഡന്റിന് സുഗമമായ ഭരണം സാധ്യമല്ലാതായി. പാര്‍ലമെന്റ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുവെന്നാരോപിച്ച് അദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയായിരുന്നു. രണ്ടുതവണ പുറത്താക്കല്‍ നീക്കം നേരിട്ട പെഡ്രോ മൂന്നാമത്തെ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കാനിരിക്കെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ചില മന്ത്രിമാര്‍ രാജിവയ്ക്കുകയും പാര്‍ലമെന്റ് വിളിച്ചുകൂട്ടി പുറത്താക്കല്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.
പെഡ്രോയെ പുറത്താക്കിയതിനു പിന്നാലെ വെെസ് പ്രസിഡന്റ് ദിന ബൊലുവാര്‍ട്ട് ചുമതലയേറ്റു. ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഒരു വര്‍ഷത്തോളമായി നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം വാര്‍ഷികമായ ഡിസംബര്‍ ഏഴിന് രാജ്യവ്യാപകമായി പതിനായിരക്കണക്കിനാളുകളാണ് രംഗത്തിറങ്ങിയത്. പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ജനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അടുത്തവര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പ് യഥാസമയം ഉണ്ടാകുമോ എന്ന അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്.

 


ഇതുകൂടി വായിക്കൂ; ഇന്റര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങ്


ബ്രസീലില്‍ പ്രസിഡന്റായിരുന്ന ലുല ഡ സില്‍വയെ അധികാര ഭ്രഷ്ടനാക്കി വര്‍ഷങ്ങളോളം ജയിലില്‍ അടച്ചതിന്റെ ഓര്‍മ്മകളും അവശേഷിക്കുന്നുണ്ട്. ലുലയെ പുറത്താക്കി 2019ല്‍ അധികാരം പിടിച്ച ജെയ്ര്‍ ബോള്‍സനാരോ പിന്നീടാണ് കള്ളക്കേസുകളും അഴിമതിയാരോപണവും ഉന്നയിച്ച് ലുലയെ ജയിലില്‍ ആക്കിയത്. ലുലയുടെ പുരോഗമന ഭരണനടപടികള്‍ അനുഭവിച്ച ബ്രസീലുകാര്‍ ഏറ്റവും ദുരിതമയമായ ഭരണമാണ് ബോള്‍സനാരോയുടെ കാലത്ത് നേരിട്ടത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍. കോവിഡ് കാലത്ത് ജനങ്ങള്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച ലോകത്തെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായി ബ്രസീല്‍ കുപ്രസിദ്ധമായി. അതുകൊണ്ടുതന്നെ ജയില്‍ മോചിതനായി പുറത്തുവന്ന ലുല ഡ സില്‍വയെ അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും ബ്രസീലിയന്‍ ജനത ഭരണമേല്പിച്ചിരിക്കുകയാണ്. ആമസോണ്‍ മഴക്കാടുകളെ വെട്ടിവെളുപ്പിക്കുന്നതിന് എല്ലാ ഒത്താശയും ചെയ്ത ബോള്‍സനാരോ ഭരണത്തില്‍ വിലസിയ ഭൂ, വന മാഫിയ അദ്ദേഹത്തിനെതിരെയും അട്ടിമറി നീക്കം ആരംഭിച്ചിട്ടുണ്ട്. പലവിധത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ത്തുകയും സര്‍ക്കാര്‍ വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണവര്‍. ഇതിനെല്ലാം പിന്നാലെയാണ് മറ്റൊരു തെക്കേ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന് നടക്കുന്ന നീക്കം. ജൂൺ 25ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഇടതുപക്ഷ പാർട്ടിയായ സെമില്ലയുടെ സ്ഥാനാർത്ഥി ബെർണാഡോ അരെവാലോ 12 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഒന്നാമതെത്തിയ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി സാന്ദ്ര ടോറസിന് ലഭിച്ചത് 15 ശതമാനം വോട്ടായിരുന്നു. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലെത്തുകയും ഇടതുസഖ്യ സ്ഥാനാര്‍ത്ഥിയും സെമില്ല പാർട്ടിപ്രതിനിധിയുമായ അരെവാലോ 59.1 ശതമാനം വോട്ടുകള്‍ക്ക് ജയിക്കുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥി സാന്ദ്ര ടോറസിന് 36.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പുള്ള ആഴ്ചകളിൽ അന്നത്തെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കും എതിരെ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന വൻ പ്രകടനങ്ങൾ രാജ്യത്ത് നടന്നിരുന്നു. അതിലൂടെയാണ് അരെവാലോ രണ്ടാമതെത്തിയത്.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം തന്നെ രാജ്യത്ത് അരെവാലോയ്ക്ക് അനുകൂലമായുണ്ടായിരുന്ന മുന്നേറ്റം തടയാൻ പ്രതിലോമകാരികളെല്ലാം ഒറ്റക്കെട്ടായി സാധ്യമായതെല്ലാം ചെയ്തിരുന്നു. അതിന്റെ ഭാഗമായി വലതുപക്ഷ കക്ഷികൾ കോടതിയെ സമീപിക്കുകയും ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ ബാലറ്റുകൾ പുനഃപരിശോധിക്കണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. പിന്നീട് ഉന്നത തെരഞ്ഞെടുപ്പ് ട്രിബ്യൂണൽ (ടിഎസ്ഇ) ആദ്യഘട്ടഫലം അംഗീകരിച്ചെങ്കിലും വലതുപക്ഷം എതിർപ്പ് അവസാനിപ്പിച്ചില്ല. വിശേഷാധികാരങ്ങളുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഓഫിസി(എഫ്ഇസിഐ)നെ ഉപയോഗിച്ച് ജൂലൈ 12ന് അരെവാലോയെ അയോഗ്യനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചായിരുന്നു നടപടി. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനു ശേഷം നടപടി എടുക്കരുതെന്ന് വ്യവസ്ഥയുള്ളതിനാൽ അരെവാലോയെ അയോഗ്യനാക്കിയ പ്രോസിക്യൂട്ടറുടെ തീരുമാനം ടിഎസ്ഇ റദ്ദാക്കുകയായിരുന്നു. പിന്നീട് ഫലങ്ങൾ സാക്ഷ്യപ്പെടുത്താതെ വൈകിപ്പിക്കുക, ആദ്യഘട്ട തെരഞ്ഞെടുപ്പ് വേളയില്‍ പൊരുത്തക്കേടുകളുണ്ട് എന്നാരോപിച്ച് രംഗത്തെത്തുക എന്നിങ്ങനെ ആദ്യഘട്ട ഫലങ്ങള്‍ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ പലവിധത്തില്‍ നടത്തി. എങ്കിലും രണ്ടാംഘട്ടത്തില്‍ അരവാലൊ തന്നെ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ജനുവരിയില്‍ അധികാരമേല്‍ക്കുന്നത് തടയുന്നതിനുള്ള കുത്സിത ശ്രമങ്ങള്‍ നടത്തി വരികയാണിപ്പോള്‍.
ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പിലൂടെ 1944ല്‍ അധികാരമേറ്റ് 10വര്‍ഷം ഗ്വാട്ടിമാല ഭരിച്ച ജുവാൻ ജോസ് അരെവാലോയുടെ മകനാണ് നിയുക്ത പ്രസിഡന്റ് ബെർണാഡോ അരെവാലോ. പിതാവിന്റെ ഭരണകാലത്ത് വിദേശ‑ആഭ്യന്തര ഭൂവുടമകളിൽ നിന്നും 14 ലക്ഷത്തിലധികം ഏക്കർ ഭൂമി പിടിച്ചെടുത്ത് തദ്ദേശീയരായ അഞ്ച് ലക്ഷത്തിലധികം ഭൂരഹിതർക്ക് വിതരണം ചെയ്തിരുന്നു. അത്തരം പുരോഗമനപരമായ നടപടികളുടെ ഫലമായി പ്രകോപിതരായ ബഹുരാഷ്ട്ര കമ്പനികൾ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ മുഖേന നടത്തിയ അട്ടിമറി നീക്കങ്ങളുടെ ഫലമായാണ് പത്താം വര്‍ഷം അദ്ദേഹത്തിന് അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവന്നത്. തീവ്ര വലതുപക്ഷത്തിന്റെ സ്വേച്ഛാധിപത്യം രാജ്യത്ത് തീവ്രമായി നില്‍ക്കുകയാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ പിതാവിന്റെ പാതതന്നെ മകനും പിന്തുടരുമെന്ന് ഭയക്കുന്ന വലതുപക്ഷ ശക്തികള്‍ പലവിധത്തിലാണ് ശ്രമങ്ങള്‍ നടത്തുന്നത്.

 


ഇതുകൂടി വായിക്കൂ; കോപ് 28: കെട്ടുകാഴ്ചയും പാഴ്‌വേലയുമായി മാറുന്നോ?


ഇലക്ടറൽ ട്രിബ്യൂണലിന്റെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേടുകൾ കാരണം ബെർണാഡോ അരെവാലോ വിജയിച്ച തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഗ്വാട്ടിമാല പ്രോസിക്യൂട്ടര്‍ ഓഫിസ് ഡിസംബര്‍ എട്ടിന് വിധിച്ചിരിക്കുകയാണ്. മുന്‍ ഉദ്യോഗസ്ഥരുടെ മൊഴിയും മറ്റും ആധാരമാക്കിയാണ് പ്രോസിക്യൂട്ടര്‍ ഓഫിസ് ഇത്തരമൊരു വിജ്ഞാപനമിറക്കിയത്. ജനുവരി 14 ന് നടക്കുന്ന സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോകുകയാണ് പ്രോസിക്യൂട്ടര്‍ ഓഫിസിന്റെ ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്റ് അരെവാലോ ആരോപിച്ചു.
എന്നാല്‍ ഇനിയും തെരഞ്ഞെടുപ്പ് പ്രക്രിയ ആവർത്തിക്കാൻ ഒരു മാർഗവുമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ അധികാരമേല്‍ക്കണമെന്നുമാണ് സുപ്രീം ഇലക്ടറൽ ട്രൈബ്യൂണൽ (ടിഎസ്ഇ) പ്രസിഡന്റ് ബ്ലാങ്ക അൽഫാരോ പറയുന്നത്. ഇതില്‍ നിന്നുതന്നെ പ്രോസിക്യൂട്ടര്‍ ഓഫിസിന്റെ വിജ്ഞാപനത്തിന് പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാണ്. നിയമങ്ങളും ചട്ടങ്ങളുമല്ല, ഏതുവിധത്തിലും അരവാലെയുടെ സ്ഥാനാരോഹണം തടയുകയാണ് ലക്ഷ്യമെന്നും മനസിലാക്കാവുന്നതാണ്. രാജ്യത്തിന്റെ പുരോഗതിയല്ല, ധാതുസമ്പത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും കൊള്ള തടയപ്പെടുമെന്ന ഭീതിയാണ് പ്രതിലോമ ശക്തികളെ നയിക്കുന്നത്. അതുകൊണ്ടവര്‍ ജനുവരിയില്‍ ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് തടയുന്നതിനുള്ള കുതന്ത്രങ്ങള്‍ ധൃതിപിടിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.