15 November 2024, Friday
KSFE Galaxy Chits Banner 2

ജന്റർ ന്യൂട്രൽ

ബാലചന്ദ്രൻ എരവിൽ
January 2, 2022 8:00 am

ആൺ പെൺ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പാക്കിയ വിദ്യാലയത്തിന് മുന്നിലെ പ്രതിഷേധറാലിയിലായിരുന്നു അയാൾ. പാന്റും ഷർട്ടുമാണ് യൂണിഫോം. ഒറ്റനോട്ടത്തിൽ യാതൊരു കുറ്റവും പറയാനില്ലാത്ത വിധം മാന്യമായ വസ്ത്രധാരണം. പക്ഷെ വിധേയനായ സംഘടനാ പ്രവർത്തൻ എന്ന നിലയിലാണ് പ്രക്ഷോഭത്തിന് എത്തിയത്. ആൺ കുട്ടികൾ ധരിക്കുമ്പോലെ പാന്റും ഷർട്ടും പെൺകുട്ടികൾ ധരിക്കരുത് എന്നു തന്നെയാണ് സംഘടനാ നിലപാട്. അടച്ചിട്ട വൻമതിലിന് മുന്നിൽ പ്രതിഷേധ ശബ്ദങ്ങൾ വായുവിൽ അലയടിച്ചുയരുമ്പോഴും സ്ക്കൂൾ മുറ്റത്ത് കുട്ടിക്കൂട്ടങ്ങൾ പൂമ്പാറ്റകൾ പോൽ പറന്നു നടക്കുന്നത് അയാൾ അത്ഭുതത്തോടെ നോക്കി നിന്നു.
‘ഇക്കാ… ഇക്കാന്റെ മോളല്ലേ അത്.”
പ്രതിഷേധക്കാരിലൊരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രദ്ധിച്ചത്.
ആയിഷ. കൂട്ടുകാർക്കൊപ്പം കളിച്ചിരിവർത്തമാനങ്ങളുമായ് നടപ്പാണവൾ. വീട്ടിലെപ്പോലെ കടുപ്പൊട്ടും വേഗത്തിലാണ് സംസാരം. കൂടെയുള്ളവരുടെ ചിരിയിൽ അത് വ്യക്തമാണ്.
”ഇക്കാ… നിങ്ങടെ മോളുടെ വേഷം നോക്കൂ. എത്ര വൃത്തികേടാണത്.”
ആ ഇരുമ്പ് ഗേറ്റിൽ പിടിച്ച് കുറേ നേരം നോക്കി നിന്നു. എന്തു രസമാണ് ആ വേഷം. ഒരേ വേഷത്തിൽ കൂടുതൽ ആത്മവിശ്വാസത്തിലായിരുന്നു അവരെല്ലാം.
‘വേലി തന്നെ വിള തിന്നുന്ന ഏർപ്പാട് നമ്മുടെ സംഘടനയിൽ വെച്ചുപൊറുപ്പിക്കില്ല. അതിനാൽ അന്ത്രുമാനെ നീ നിന്റെ മോളെ തിരുത്തണം. പെൺകുട്ട്യോള് ഇത്ര നാൾ ഉടുത്തപോലെ ഉടുത്തു നടക്കാൻ പറ ഓളോട്” — പാൻ്റും ഷർട്ടും ഇട്ടതിൽ മോളുമുണ്ടെന്ന് എല്ലാവരും അറിഞ്ഞു. അതിന്റെ തെളിവാണ് ചെയർമാന്റെ ഈ വാക്കുകൾ.
”പോയി അവളുടെ കരണക്കുറ്റിക്ക് രണ്ടെണ്ണം കൊടുക്ക്. ഇതു കണ്ട് ഞെട്ടട്ടെ മറ്റ് പെൺ പിള്ളേരും അവരുടെ രക്ഷിതാക്കളും.” — കൂട്ടത്തിൽ ആവേശകരമായ ആവശ്യങ്ങളും ഉയർന്നു.
പ്ലസ്ടു ക്ലാസ്സിലായി ആയിഷ. പതിനേഴ് കൊല്ലത്തിനിടയിൽ ഈ കൈക്കൊണ്ട് അവളെ നോവിക്കേണ്ടി വന്നിട്ടില്ല. അല്ലെങ്കിലും സ്നേഹമുള്ളിടത്ത് വേദനിക്കാൻ സമയമില്ലല്ലോ? സ്ക്കൂളിൽ നടക്കുന്നതെല്ലാം അവൾ വള്ളിപുള്ളി തെറ്റാതെ എന്നോട് പറയും. ചിലത് അപ്പപ്പോൾ പരിഹാരം കാണേണ്ട സമസ്യകളുമായിരുന്നു. എന്റെ നെഞ്ചിൽ കിടക്കുമ്പോഴാണ് അവൾ സ്വപ്നങ്ങൾ പറയുക. ജാതിയും മതവും പറയാതെ മനുഷ്യർക്ക് വേണ്ടി ജീവിക്കുക എന്ന വലിയ സത്യം അവളിൽ നിന്ന് എന്റെ നെഞ്ചിലേക്ക് പടർന്നു.
ഉപ്പ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാരെ ദ്രോഹിച്ച ജന്മിത്വത്തിനെതിരെ ഇപ്രദേശത്ത് ആദ്യം കൊടി ഉയർത്തിയയാൾ. രാത്രി വെളിച്ചത്തിൽ
ആരു കാണാതെ ജന്മിയുടെ പാടത്ത് നിന്നും നെല്ല് കൊയ്ത് അരിയാക്കി പട്ടിണിക്കാരുടെ അരവയർ നിറക്കാൻ പാടുപ്പെട്ടയാൾ. ഒടുവിൽ പൊലീസിന്റെ ക്രൂരമായ പീഡനം ഏറ്റുവാങ്ങിയയാൾ. സ്വാതന്ത്ര്യസമര പെൻഷൻ ഉമ്മക്ക് കിട്ടുന്നുണ്ടെങ്കിലും എത്ര നാൾ ലഭിക്കുമെന്നറിയില്ല. കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറച്ച് കുറച്ചായി പട്ടികയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള രാജ വിളംബരം വന്നു കഴിഞ്ഞു. സത്യത്തിൽ സമരം ചെയ്യാൻ എത്ര വിഷയങ്ങളുണ്ട്.
”അന്ത്രു… നീ പോയി നിന്റെ മോളേ ശാസിക്കുന്നോ? അല്ല നമ്മൾ പോകണോ. ഉത്തരവാദിത്തപ്പെട്ട സംഘടനാ പ്രവർത്തകനാണ് താൻ. തന്റെ മോള് വൃത്തിക്കെട്ട യൂനിഫോം ഇട്ടാൽ നാണക്കേട് സംഘടനക്ക് തന്നെയാണ്. നീ ഗേറ്റ് തുറന്ന് പോയ്ക്കോളൂ. രക്ഷിതാവാണ്. ആരും തടയില്ല.”
ആവശ്യം ശക്തമായപ്പോൾ സർവ്വശക്തിയുമെടുത്ത് വിദ്യാലയ ഗേറ്റ് തുറന്നു. ഉറച്ച കാൽവെപ്പോടെ വരുന്ന മനുഷ്യനെ ആ വിദ്യാലയം ഉറ്റുനോക്കി. എന്ത് വന്നാലും നേരിടാനുള്ള ഒരുക്കത്തിൽ വിദ്യാലയധികൃതരും നിന്നു.
”ബാപ്പാ…” ആയിഷ ഓടി വന്ന് കെട്ടിപ്പിടിച്ചു. പിന്നെ അവളുടെ കൂട്ടുകാരെയെല്ലാം വിളിച്ച് പരിചയപ്പെടുത്തി. എല്ലാ കുട്ടികൾക്കും ഞാൻ ബാപ്പയായി മാറി. അവരുടെ സ്നേഹ തിരയിളക്കത്തിൽ ഞാൻ ഗേറ്റിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
”ഇനി എന്റെ സംഘടനാ പ്രവർത്തനം സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്…”

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.