26 December 2024, Thursday
KSFE Galaxy Chits Banner 2

മഴവില്ല് എന്ന നഗരം — രാധാകൃഷ്ണന്‍ പെരുമ്പള

ആലങ്കോട് ലീലാകൃഷ്ണന്‍
October 15, 2021 6:51 pm

സാംസ്‍കാരിക സംഘടനാരംഗത്ത് ദീർഘ വർഷങ്ങളായി എന്റെ സഹപ്രവർത്തകനും മലയാളത്തിലെ ആധുനിക‑ആധുനികാനന്തര കവിതാധാരയിൽ വളരെ ശ്രദ്ധേയനായ ഒരു കവിയുമായ രാധാകൃഷ്ണൻ പെരുമ്പളയുടെ പുതിയ കാവ്യസമാഹാരമാണ് “മഴവില്ല് എന്ന നഗരം”. സ്വകീയമായ ബിംബ സംവിധാന ചാരുത, പ്രമേയ സ്വീകരണത്തിലെ വ്യത്യസ്തത, ശില്പപരമായ നവീനത എന്നിവകൊണ്ട് സവിശേഷമായ രീതിയിൽ എഴുതുന്ന രാധാകൃഷ്ണൻ പെരുമ്പളയുടെ “പെരുമ്പളപ്പുഴ” എന്ന ദീർഘ കവിത സമീപകാലത്ത് ഞാൻ വായിച്ചിരുന്നു.

നമ്മുടെ ഖണ്ഡകാവ്യ സംസ്‍കാരത്തിൽ നിന്നുമാറി ഏറ്റവും പുതിയ ഒരു ആഖ്യാന രീതി സ്വീകരിച്ചുകൊണ്ട് ദേശപുരുഷാർത്ഥങ്ങളും നാട്ടറിവു നാനാർത്ഥങ്ങളും ഉൾച്ചേർത്ത് ഒരു ദേശ സംസ്കൃതിയുടെ ചരിത്രവും സംസ്കാരവും സമകാലികതയും അത്യന്തം സർഗാത്മകമായി രേഖപ്പെടുത്തിയ ഒരു കാവ്യാഖ്യായികയാണ് “പെരുമ്പളപ്പുഴ”. ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന രാധാകൃഷ്ണന്റെ പുതിയ കാവ്യസമാഹാരമായ “മഴവില്ല് എന്ന നഗരം” ശീർഷക കവിത സൂചിപ്പിക്കുന്നതുപോലെ തന്നെ ഇതിനുമുമ്പു കേൾക്കാത്ത, ഒരു തരം വാക്കുകളുടെ സംയുക്തത്തെയാണ് കാണിച്ചു തരുന്നത്.

മഴവില്ല് ഒരു നഗരമായിത്തീരുന്നു. അത് കാല്പനികമായ ഒരു അനുഭവമല്ല. അത് ഏറ്റവും നവീനമായ, ഒരുപക്ഷേ ഫാന്റസിപോലെ തോന്നിപ്പിക്കുന്ന ഒരു പുതിയ കല്പനാ വിശേഷമാണ്. ഈ വിധത്തിലാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും പെരുമാറുന്നത്. അത് ഏറ്റവും പുതിയ ഭാവുകത്വവുമായി ചേർന്നു നിൽക്കുന്നു. വളരെ ലളിതമായിട്ടാണ് ഈ കവിത ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അതിന്റെ അടിയൊഴുക്കുകൾ അത്ര ലളിതമല്ല. സ്വകാര്യത്തേക്കാൾ സ്വകാര്യമായി അതു നമ്മുടെ കാതുകളിൽ ചില രഹസ്യങ്ങൾ മൊഴിയുന്നുണ്ട്. ചില രാഷ്ട്രീയ നാനാർത്ഥങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പുസ്തകത്തിൽ “രാഷ്ട്രീയം” എന്ന പേരിൽ തന്നെ ഒരു കവിതയുണ്ട്. പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ, പാർട്ടി ജയിച്ചപ്പോൾ, പാർട്ടി പിളർന്നപ്പോൾ, പാർട്ടി തോറ്റപ്പോൾ എന്നിങ്ങനെ നാലു ഘട്ടങ്ങളായി ഒരു രാഷ്ട്രീയ അനുഭവവ്യാഖ്യാനമാണ് ഈ കവിത നടത്തുന്നത്. അവസാന വരിയിൽ പറയുന്നു, പാർട്ടി തോറ്റപ്പോൾ പാർട്ടി മാത്രം തോറ്റു. അതിലെ ആഴമേറിയ രാഷ്ട്രീയ ദർശനം രാധാകൃഷ്ണൻ പെരുമ്പളയുടെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ടുതന്നെയാണ്. ഇതിലെ കവിതകളിലൊക്കെ അതുണ്ട്.

അണക്കെട്ട് എന്ന കവിത നോക്കിയാൽ അതിൽ ഒരു രാഷ്ട്രീയമുണ്ട്. അത് ഒരു പരിസ്ഥിതിക രാഷ്ട്രീയം കൂടിയാണ്. എംഗൽസിന്റെ “പ്രകൃതിയിലെ വൈരുദ്ധ്യാത്മകത”(Dialitics of Nature)യിൽ പറയുന്നതുപോലെ രാഷ്ട്രീയത്തിന്റെ ഒരു പുതിയ ദർശനത്തിൽ പ്രകൃതിയും പരിസ്ഥിതിയും വികസനവുമൊക്കെയുണ്ട്. വികസനത്തിന് എതിർ നിൽക്കുന്ന കവിതയെത്തന്നെ നാടുകടത്തണമെന്ന് പറയുന്ന ഭരണാധികാരിയെക്കുറിച്ച് ഒരു കവിതയുണ്ട്.
കവിതയെ നാടുകടത്തിയാൽ വികസന വിരോധം മുഴുവൻ അവസാനിക്കുമോയെന്നാണ് ഭരണകർത്താവ് സംശയിക്കുന്നത്. കവിതയിൽ വേണമെങ്കിൽ നമ്മൾക്ക് ചില വെള്ളം ചേർക്കലുകൾ നടത്താമെന്ന് മുഖ്യ ഉപദേഷ്ടാവ് പറയുന്നുണ്ട്. ഇങ്ങനെയുള്ള കവിതകളാണ് ഇതിൽ മുഴുവനുള്ളത്. “ഭൂമി” എന്നൊരു കവിതയുണ്ട്. ഭൂമിവിറ്റ് ജീവിക്കുന്ന ഒരാളുടെ ജീവിതമാണ്. ഭൂമി വിറ്റ പണം കീശയിലുണ്ട്. ആ പണം തീർന്നാൽ താനും തീരുമെന്ന് അയാൾക്ക് അറിയാം.

വീട് എന്നൊരു കവിതയുണ്ട്. വീട് ഭർത്താവിനെ ഏൽപിച്ച് രണ്ടു ദിവസത്തേക്ക് സ്വന്തം വീട്ടിലേക്ക് പോകുന്ന ഭാര്യ ഏർപ്പെടുത്തുന്ന കുറേ കർക്കശമായ നിയന്ത്രണങ്ങളാണ്. വാതിൽ തുറക്കരുത്, ഗേയ്റ്റ് അടയ്ക്കണം, ജനലുകൾ തുറക്കരുത് ഇങ്ങനെ ഒരു വീടിന്റെ അധികാരിയായ സഹധർമ്മിണി ഏല്പിക്കുന്ന എല്ലാ ദൗത്യങ്ങളും ശിരസാവഹിച്ചുവെങ്കിലും പിന്നീട് വീടിന്റെ അവകാശിയായ പലരും വന്ന് പങ്കുവയ്ക്കുന്നതിന്റെ അതീവ ചാരുതയോടു കൂടിയ,ആഴമേറിയ ചിരിയുണർത്തുന്ന ഒരു ദർശനം അതിലുണ്ട്. അതുപോലെ ഓരോ കവിതയും ഓരോ സംസ്കാരത്തെയും ഓരോ അനുഭൂതിയെയും പുതിയ അനുഭവത്തെയും പ്രദാനം ചെയ്യുന്ന രീതിയിലുള്ളതാണ്. ഓരോ കവിതയും ഇത്തരത്തിൽ സവിശേഷതകളുള്ളതാണ്.

നേരത്തേ സൂചിപ്പിച്ചതുപോലെ സവിശേഷമായ ഒരു ആധുനികോത്തരതയുടെ വികാസം ഇവിടെ കാണാം. കവിതയെ പലവ്യഞ്ചനം പോലെ വ്യാപാരം പെയ്യുന്ന പ്രച്ഛന്ന നവോത്തരരിൽ നിന്നും സർവജനതയുടെയും ഹൃദയ ഭാഷയറിയുന്ന ഈ കവി നാടിന്റെ രാഷ്ട്രീയം ഉള്ളിലുള്ളയാളാണ്. ഈ നാട് എങ്ങനെയാവണം, എന്നതിനെപ്പറ്റി കവിക്ക് സങ്കല്പങ്ങളുണ്ട്. ആ സങ്കല്പങ്ങൾ സൗന്ദര്യമായി കവിതയിൽ പ്രവർത്തിക്കുന്നുണ്ട്. സ്വപ്നങ്ങളെക്കുറിച്ച് ഒരു കവിതയുണ്ട്. സ്വപ്നങ്ങൾ രാത്രിയുറക്കത്തിൽ മാത്രം ഉണ്ടാകുന്നവയല്ല എന്നു കവി പറയുന്നു. ഉണർന്നാലും സ്വപ്നങ്ങൾ ബാക്കിയുണ്ടാവും. ആ സ്വപ്നങ്ങളാണ് തന്റെ കവിതയിലുള്ളത്. ആ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യങ്ങളുമായി ബന്ധമുണ്ട്. ഇത് കവി പ്രതിനിധാനം ചെയ്യുന്ന ഉയർന്ന രാഷ്ട്രീയ വിവേകത്തിന്റെയും ദർശന ശുദ്ധിയുടെയും ഭാഗമാണ്. സ്ഥിത പ്രജ്ഞയോടൊപ്പം മാറുന്ന കാലത്തെ ഉൾക്കൊണ്ടുകൊണ്ട്, കവിതയുടെ ഉൾക്കാമ്പ് സൂക്ഷിച്ചുകൊണ്ട് ഭാഷയ്ക്കുമേൽ നല്ല കയ്യടക്കത്തോടെ തന്നെ ഒരു പക്ഷെ സവ്യസാചിയെപ്പോലെ പാരമ്പര്യ നിഷ്ടമായ കാവ്യശൈലികളെ സ്വീകരിച്ചുകൊണ്ട് തന്റേതായ രീതിയിൽ നവീകരിച്ചുകൊണ്ട് അസാധരണമായ കാവ്യ സഞ്ചാരമാർഗം രാധാകൃഷ്ണൻ പെരുമ്പള കാത്തുസൂക്ഷിക്കുന്നു.

ഇദ്ദേഹം പൂർണമായും പാരമ്പര്യ നിഷേധിയാണെന്ന് പറഞ്ഞുകൂട. പാരമ്പര്യ നിഷ്ടമായ രീതിയിലല്ല രാധാകൃഷ്ണൻ എഴുതുന്നത്. വളരെ പുതിയ ഭാഷയാണ്. എന്നാൽ നമ്മൾ എണ്ണതേച്ചു കുളിച്ചാൽ ഉണ്ടാകുന്ന സ്നിഗ്ദ്ധത പോലെ പാരമ്പര്യം ഒരു ഘടകമായി ഇതിൽ നിൽക്കുന്നുണ്ട്. അത് ദേശ പുരുഷാർത്ഥങ്ങളുടെ വ്യാഖ്യാനമായാലും കവിതയെ സ്വീകരിക്കുന്ന ഒരു സമഗ്ര ലാവണ്യത്തിന്റെ അനുഭൂതി അടിയൊഴുക്കായി നിലനിർത്തുന്ന രീതിയായാലും രാധാകൃഷ്ണനെ വ്യത്യസ്തനാക്കുന്നുണ്ട്. ഒരുപക്ഷെ എല്ലാ പുഴകളുടെയും അടിയൊഴുക്കുകൾ അറിഞ്ഞുകൊണ്ടാണ് “പെരുമ്പളപ്പുഴ” പോലുള്ള കവിതകൾ. പെരുമ്പളപ്പുഴ നമ്മുടെ നാല്പത്തിനാലു നദികൾക്കുമപ്പുറത്തുള്ള യഥാർത്ഥമായ അക്ഷര പ്രവാഹത്തിന്റെ അടിയൊഴുക്കുകൾ കാണിച്ചുതരുന്നുണ്ട്. അതുപോലെത്തന്നെ “മഴവില്ല് എന്ന നഗര“ത്തിലെ കവിതകളും. ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഒട്ടും ആത്മാനുകരണ സ്വഭാവമില്ലാത്ത രീതിയിലാണ് ഓരോ രചനയും. ഓരോ കവിതയും ഏറ്റവും പുതിയ കാലത്തെ രേഖപ്പെടുത്തുന്നു. ഒരു കാലവും കഴിഞ്ഞ കാലത്തെ കവിതകൾകൊണ്ട് തൃപ്തിയടയുകയില്ലയെന്ന് രാധാകൃഷ്ണന് അറിയാം. അതുകൊണ്ട് അദ്ദേഹം തന്റെ കാല്പനികതയെ പുതുക്കുന്നുണ്ട്. ആധുനികോത്തരതയെ നവീകരിക്കേണ്ടതൂണ്ട്. ഒപ്പം ചിരസ്ഥായിയായ ചില കാവ്യമൂല്യങ്ങളെ എക്കാലത്തും നിലനിൽക്കുന്ന ഉന്നതമായ ചില രാഷട്രീയ മാനവിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതിനുള്ള ജാഗ്രതയും പുലർത്തുന്നുണ്ട്.

കെ സച്ചിദാനന്ദനാണ് മഴവില്ല് എന്ന നഗരം പ്രകാശനം ചെയ്തത്. വ്യക്തിസങ്കടങ്ങള്‍ ഇറ്റുന്ന രാഷ്ട്രീയ കവിതകളാണ് അവതാരിക എഴുതിയ ഡോ. ടി ടി ശ്രീകുമാര്‍ പറയുന്നു. പ്രകൃതിയും പ്രണയവും നിറ‌ഞ്ഞ ജീവിതാഖ്യാനങ്ങള്‍. തികച്ചും ജൈവികവും ഒരു മാനവികതാ ബോധംകൊണ്ട് ഫാസിസത്തിന്റെ എല്ലാ വകഭേദങ്ങളോടും കലഹിക്കുന്ന ശ്രദ്ധേയമായ കവിതകളുടെ അപൂര്‍വ സമാഹാരമാണിതെന്നും അവതാരികയില്‍ സൂചിപ്പിക്കുന്നു. ഇന്‍സൈറ്റ് പബ്ലിക്കാ ആണ് കാവ്യസമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.