22 December 2024, Sunday
KSFE Galaxy Chits Banner 2

ശിവഗിരിയിലെ പ്രസംഗവും ഡൽഹിയിലെ പ്രവൃത്തിയും

കെ ജി ശിവാനന്ദൻ
January 20, 2022 7:00 am

ശിവഗിരി തീർത്ഥാടന വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനമായിരുന്നു വേദി. കേന്ദ്രമന്ത്രി വി മുരളീധരൻ തന്റെ പ്രസംഗത്തിൽ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ചത് ഒരു സനാതന ഹിന്ദു സന്യാസിയാണെന്നായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം 2022 ജനുവരി 26 ‑ലെ റിപ്പബ്ലിക്ക് ദിന പരിപാടിയിൽ നിശ്ചലദൃശ്യമായി അവതരിപ്പിക്കുന്നതിനുള്ള അനുമതി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ നിഷേധിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് കേന്ദ്രമന്ത്രി മലയാളി സമൂഹം ഒരിക്കലും അംഗീകരിക്കാത്ത അത്തരമൊരഭിപ്രായം പ്രകടിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ പ്രതിമ മാറ്റി ശങ്കരാചാര്യരുടെ പ്രതിമ ഉൾപ്പെടുത്തുകയാണെങ്കിൽ പ്രദർശനാനുമതി നല്കാമെന്ന ഉത്തരവാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം ഇറക്കിയത്. ഈ രണ്ടു വാർത്തകളും മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു. 

ഗാന്ധി സമാധിയിൽ നിന്നുകൊണ്ട് ഗോഡ്സെയെ പുകഴ്ത്തുന്നതിന് തുല്യമായിരുന്നു കേന്ദ്രമന്ത്രിയുടെ ശിവഗിരി പ്രസംഗം. ഗുരുനിന്ദയായിരുന്നു പ്രസംഗത്തിന്റെ കാതൽ. ശ്രീനാരായണഗുരുവിനെ ഹിന്ദുത്വവല്ക്കരിക്കാനുള്ള ശ്രമം ആർഎസ്എസ് അതിന്റെ ആരംഭകാലം മുതൽ നടത്തിയിരുന്നു. ഗുരുവിനെ ഒരു ആദർശ ഹിന്ദുസന്യാസിയായി വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനം കേരളത്തിൽ ഏറ്റെടുത്ത് നടത്തിയത് ആർഎസ്എസ് നേതാവായിരുന്ന പി പരമേശ്വരനായിരുന്നു. ‘ശ്രീനാരായണഗുരു സ്വാമികൾ നവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ ദുർവ്യാഖ്യാനം നിർവഹിച്ചത്.
ശ്രീനാരായണഗുരുവിനെ ഹൈന്ദവ സന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 1990 കളിൽ കേരള ഹൈക്കോടതിയിൽ ഒരു നിയമപോരാട്ടം തന്നെ നടന്നു. ശ്രീനാരായണനെ ‘ഹിന്ദുസന്യാസി’ യെന്നും ശിവഗിരിയിലെ ധർമ്മസംഘത്തെ ‘ഹിന്ദുമതസ്ഥാപനം’ എന്നും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടായിരുന്നു സംഘപരിവാർ പ്രഭൃതികൾ ഹൈ­ക്കോടതിയിൽ കൊടുത്ത കേസ്. അനുബന്ധകേസുകളും കോടതിയിൽ എത്തി. 2001 ഓഗസ്റ്റ് 10 ന് ഹൈക്കോടതി പ്രഖ്യാപിച്ച വിധി ന്യായത്തിൽ ശ്രീനാരായണഗുരു ‘ഹിന്ദുസന്യാസി’­യല്ലെന്നും ശിവഗിരി ‘ഹിന്ദുമതസ്ഥാപന’മല്ലെന്നും വിധിച്ചു. സാർവലൗകിക മനുഷ്യസാഹോദര്യത്തിലധിഷ്ഠിതമായ മാനവികതയാണ് ശ്രീനാരായണഗുരുവിന്റെ തത്വചിന്തയെന്നാണ് കോടതി വിലയിരുത്തിയത്. ഹന്ദുത്വവാദികൾ ‘ഹിന്ദു’ എന്ന സംജ്ഞയുടെ ഭാഗമായി ഉപയോഗിച്ചുവരുന്ന സനാതന ധർമ്മം ഒരു വകഭേദം മാത്രമാണ്. വൈദിക ധർമ്മം, ആര്യധർമ്മം, വൈഷ്ണവധർമ്മം, ശൈവധർമ്മം, സ്മാർത്തധർമ്മം എന്നിങ്ങനെയെല്ലാം മതവിശ്വാസ സമ്പ്രദായങ്ങളെ വിശേഷിപ്പിച്ചിരുന്നു. അത്തരത്തിൽ ഒന്നുമാത്രമാണ് സനാതനധർമ്മം. ഇത് ബ്രാഹ്മണ്യമതവിശ്വാസ സമ്പ്രദായത്തിലധിഷ്ഠിതമാണ്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ചിന്താധാരയാണ് നാരായണഗുരു വിഭാവനം ചെയ്ത ‘സർവ മതമേകസാരം’ എന്ന മാനവധർമ്മം. 

ശ്രീനാരായണഗുരു ഒരു സനാതനവാദിയായ ഹിന്ദു സന്യാസിയായിരുന്നുവെന്ന് സമർത്ഥിക്കേണ്ടത് ചാതുർവർണ്യ പ്രത്യയശാസ്ത്രം പേറുന്നവരുടെ ആവശ്യമായിരിക്കാം. ഗുരുവിനെപ്പോലെയുള്ള നവോത്ഥാന നായകരെ സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള പരിശ്രമവും അവർ തുടരുന്നു. എന്നാൽ ഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് സംഘപരിവാർ കൂടാരം. അതിന്റെ പ്രധാന കാരണം ചാതുർവർണ്യ സംസ്കാരത്തിന്റെ അടിത്തറയിലാണ് സംഘപരിവാർ കൂടാരം കെട്ടിപ്പൊക്കിയിട്ടുള്ളത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി-മത സങ്കല്പങ്ങളെ നിരാകരിക്കുകയാണ് ഗുരു ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ജീവിതവും ദർശനവും എന്തായിരുന്നുവെന്ന് ശിഷ്യൻ നടരാജഗുരു വ്യക്തമാക്കുന്നുണ്ട്. ഗുരുവിന്റെ ജീവിതം അനേകം സമരമുഖങ്ങളുള്ള ഒരു യുദ്ധഭൂമിപോലെയായിരുന്നു. പോരാട്ടം മനുഷ്യർക്കെതിരായിരുന്നില്ല. അസമത്വങ്ങളോടും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും കുടിലമായ സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥകളോടും നീതിയറ്റ കീഴ്‌വഴക്കങ്ങളോടുമുള്ള സന്ധിയില്ലാത്ത സമരപരിപാടികളായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ സത്യസങ്കല്പങ്ങളിൽ നിന്ന് പാറിവന്ന സ്ഫുലിംഗങ്ങൾ അനാചാരങ്ങളെ ചുട്ടുവെണ്ണീറാക്കുവാനും അസമത്വങ്ങളെ ഭസ്മീകരിക്കുവാനും പോരുന്ന തീമഴ പെയ്യുവാൻ കഴിയുന്നവയായിരുന്നു. വേദാന്ത ചിന്തയിൽ പരിഗണനയിലെടുക്കേണ്ടത് ആത്മനിഷ്ഠമായ ആധ്യാത്മിക തത്വങ്ങൾ മാത്രമല്ലെന്നും, അദ്വൈത ചിന്തയുടെ തന്നെ ഭാഗമായി വരുന്ന സമത്വം, നീതി തുടങ്ങിയ മാനുഷിക പ്രശ്നങ്ങളേയും അതിന്റെ പരിധിയിൽ പെടുത്തണമെന്നും ഗുരു കണ്ടു. ”

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃ­ശ്യത്തിൽ ശ്രീനാരായണഗുരുവിനു പകരം ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചത്. ആ നിർദേശം പാലിക്കാത്തതിന്റെ പേരിൽ കേരളത്തിന്റെ നിശ്ചലദൃശ്യം നിരസിക്കപ്പെട്ടു. ശങ്കരാചാര്യരും ശ്രീനാരായണനും കേരള­ത്തിൽ ജനിച്ച ആത്മീയാചാര്യന്മാരാണ്. എന്നാൽ ആശയങ്ങളിലെ വ്യത്യസ്തത പ്രകടമാണ്. ആദിശങ്കരൻ ജാതി വ്യവസ്ഥയെ വ്യവഹാരിക ലോകത്തിലെ സ്വഭാവികവും അനിവാര്യവുമായ ഒരു ഭാഗമായി അംഗീകരിക്കുകയാണ് ചെയ്തത്. ശ്രീനാരായണഗുരു നയിച്ച ആത്മീയ വിപ്ലവത്തിന്റെ മുഖ്യതത്ത്വം മാനവധർമ്മം ആയിരുന്നു. ഗുരുവിന്റെ മാനവിക ചിന്തയിൽ നിറഞ്ഞുനിന്നത് — ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ആശയമായിരുന്നു. കേരളത്തിന്റെ ധാർമ്മികവും ദാർശനികവും സാമൂഹികവുമായ നവ സൃഷ്ടിയാണ് ഗുരുവിലൂടെ കേരളീയ സമൂഹം അനുഭവിച്ചത്. മനുസ്മൃതിയെ വേദപുസ്തകവും രാഷ്ട്ര നിയമവുമായി കരുതുന്ന ഹിന്ദുത്വവാദികളുടെ സനാതന ധർമ്മവുമായി ഒത്തുപോകുന്നതല്ല ഗുരുവിന്റെ ഈ മാനവധർമ്മസന്ദേശം. അതുകൊണ്ടാണ് വിഖ്യാത ഫ്രഞ്ച് ചിന്തകൻ റൊമെയ്ൻ റോളണ്ട് എഴുതിയത് ‘ശങ്കരന്റെ അദ്വൈത വേദാന്തവുമായി അഗാധബന്ധമുണ്ടെങ്കിലും, അദ്വൈതത്തിന്റെ പ്രായോഗിക കർമ്മങ്ങളോടായിരുന്നു ഗുരുവിന് ആഭിമുഖ്യം’ എന്ന്. 

നാരായണഗുരുവിന്റെ വ്യക്തിവൈശിഷ്ട്യത്തെക്കുറിച്ചും അദ്വൈത ചിന്തയെ സംബന്ധിച്ചും മുൻ മുഖ്യമന്ത്രിയും പണ്ഡിതനുമായ സി അച്ചുതമേനോൻ ഇങ്ങനെ വിവരിക്കുകയുണ്ടായി. ‘ശ്രീനാരായണഗുരു ദാർശനിക പക്ഷത്തിൽ ഒരു അദ്വൈത വേദാന്തിയായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ അഭൂതപൂർവവും ചരിത്രത്തിൽ എതിരില്ലാത്തതുമായ ഒരു മഹാസംഭവമായിരുന്നു. ബ്രാഹ്മണൻ അല്ലാത്ത മറ്റ് താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രതിഷ്ഠ നടത്താൻ അവകാശമില്ലെന്ന രണ്ടായിരത്തോളം വർഷം പഴക്കമുള്ള രൂഢമൂലമായ ഹിന്ദുമത വിശ്വാസത്തെ താൻ നടത്തിയ ക്ഷേത്ര പ്രതിഷ്ഠയിലൂടെ വെല്ലു വിളിക്കുകയും ആ അലംഘനീയമായ നിയമത്തിന്റെയും വിശ്വാസത്തിന്റെയും നാരായവേര് പിഴുതെറിയുകയും ചെയ്തു, എന്നുമാത്രമല്ല അതിൽകാണുന്ന പ്രത്യേകത, മറ്റാരെങ്കിലുമായിരുന്നെങ്കിൽ അങ്ങനെയൊരു സാഹസികകർമ്മം യാതൊരു സംഘട്ടനവും കൂടാതെ നിർവഹിക്കുവാൻ കഴിയുമായിരുന്നോ എന്ന സംശയവും ഉണ്ട്’.

തന്ത്രസമുച്ചയം എന്ന ബ്രാഹ്മണ മതാശയ ഗ്രന്ഥവും തന്ത്രിമാരുടെയും ബ്രാഹ്മണരുടെയും അപ്രമാദിത്വവും അരുവിപ്പുറം ശിവപ്രതിഷ്ഠ നിരാകരിച്ചു. കേരളീയ സമൂഹത്തിന്റെ മാറ്റത്തിന് തിരികൊളുത്തിയ സംഭവമായി ഇത് മാറി. ‘ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്’ എന്ന് പ്രതിഷ്ഠാപീഠനത്തിനുമുകളിൽ എഴുതിവച്ച മാനവികതയുടെ വരികൾ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തുവാൻ ഇടയാക്കി. ഭക്തരിൽ ശരിയായ ഭക്തിയ്ക്കൊപ്പം സ്വാതന്ത്യ്രം, സമത്വം, സഹകരണം, സാഹോദര്യം തുടങ്ങിയ അനുഭവ മൂല്യങ്ങൾ ആർജിച്ചെടുക്കാനുള്ള സങ്കേതങ്ങളായിരുന്നു ഗുരുവിന്റെ ക്ഷേത്രങ്ങളും അതിലെ പ്രതിഷ്ഠകളും. ഇത് സനാതന ബ്രാഹ്മണമൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമായിരുന്നു.
നാരായണഗുരുവിന്റെ ഓരോ ദാർശനിക നിലപാടുകളും ആധുനിക സമൂഹം ജാതി-മതഭേദമന്യേ നെഞ്ചിലേറ്റുകയാണ് ചെയ്തിട്ടുള്ളത്. ‘ക്ഷേത്രസങ്കേതങ്ങൾ’ ജാത്യാധിഷ്ഠിതമായ ശുദ്ധിബോധത്തിന്റെ ആവാസസ്ഥലങ്ങളായല്ല, മാനവികതയിലൂന്നിയ പഞ്ചശുദ്ധി വളർത്തുന്ന ആരാധനാലയങ്ങളായാണ് ഗുരു അവതരിപ്പിച്ചത്. ജനങ്ങളുടെ മാറുന്ന കാഴ്ചപ്പാടുകൾ അനുസരിച്ച് പേരിട്ടിട്ടുള്ള പ്രതിഷ്ഠകളാണ് അദ്ദേഹം നടത്തിയത്. ഇരുപതാംനൂറ്റാണ്ടിലെത്തിയപ്പോ­ൾ, ഇനി വേണ്ടത് ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് എന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. 

മനുഷ്യജീവിതത്തിൽ മതത്തിനുള്ള പ്രാധാന്യം അംഗീകരിച്ച സന്യാസിശ്രേഷ്ഠനായിരുന്നു നാരായണഗുരു. പക്ഷെ മതത്തെക്കാളേറെ ‘മനുഷ്യനു’ പ്രാധാന്യം നല്കിയ മഹാത്മാവായിരുന്നു അദ്ദേഹം. പല മതസാരവും ഏകമെന്ന കാഴ്ചപ്പാടിൽ മുറുകെപ്പിടിച്ചു. ഏതെങ്കിലുമൊരു മതം മറ്റു മതങ്ങളിൽ നിന്നും ശ്രേഷ്ഠമെന്ന് കരുതുകയോ ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം വക്താവായിരിക്കാൻ ശ്രമിക്കുകയോ ഉണ്ടായില്ല. ആത്മസുഖം അന്വേഷിക്കുന്നവർ ആരായാലും ആ അവകാശം എല്ലാവരേയും ബാധിക്കുന്ന ഏകമതമാണെന്നും തിരിച്ചറിഞ്ഞും പാപകർമ്മങ്ങൾ വെടിഞ്ഞും ആത്മനിയന്ത്രണത്തോടെ ജീവിക്കണമെന്നാണ് ഗുരു ആവശ്യപ്പെട്ടത്. മതസ്വാതന്ത്യ്രത്തെപ്പറ്റി ഗുരു പറഞ്ഞത് ഇങ്ങനെയാണ്. ‘മനുഷ്യനു മതസ്വാതന്ത്യ്രം വേണ്ടതാണ്. ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കുവാൻ സ്വാതന്ത്യ്രമുണ്ടാകണം. ‑മതം ഓരോരുത്തരുടെ ഇഷ്ടം പോലെയായിരിക്കും. ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’ ഈ ആശയം മതരാഷ്ട്രവാദികൾക്ക് ദഹിക്കാൻ കഴിയുന്ന ഒന്നല്ല. ‘വിദ്യകൊണ്ട് സ്വതന്ത്രരാകുക’ — ഗുരുവിന്റെ ഈ വിദ്യാദർശനം ശൂദ്രന് അക്ഷരവിദ്യ നിഷേധിക്കുന്ന മനുസ്മൃതിയും അതിന്റെ വാക്താക്കളായ മനുവാദികളും ഉയർത്തിപ്പിടിക്കുന്ന സനാതന മൂല്യമല്ല ഗുരുവിന്റെതെന്ന് വ്യക്തമാക്കുന്നു. വിദ്യാഭ്യാസരംഗത്ത് ഗുരുവിന്റെ പ്രവർത്തനങ്ങൾ വളരെ വിശാലമായ ഒരു വീക്ഷണത്തെ ആധാരമാക്കിയുള്ളതാണ്. വിദ്യാഭ്യാസം മനുഷ്യാവകാശമാണെന്ന അവബോധം ജനങ്ങളിൽ ഉണർത്തുന്നതിൽ ഗുരു നല്കിയ സന്ദേശം മഹനീയ പങ്കാണ് നിർവഹിച്ചിട്ടുള്ളത്. 

സാമൂഹ്യ ചലനാത്മകതയെ അംഗീകരിക്കുകയും സാമൂഹ്യമാറ്റങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത ആത്മീയാചാര്യനായിരുന്നു നാരായണഗുരു. പ്രകൃതിയിലും ജന്തു- ജീവജാലങ്ങളിലുമുള്ള വൈരുധ്യത്മകതയെ ഉൾക്കൊണ്ടു പ്രവർത്തിച്ചു. മനുഷ്യരുടെ തുല്യതയും സ്വതന്ത്രവളർച്ചയും ന്യായീകരിക്കുവാൻ ആത്മീയവാദം മാത്രമല്ല ഗുരു പറഞ്ഞത്. മനുഷ്യരെ സംബന്ധിച്ച ശാരീരികവും ഭൗതികവുമായ ഘടകങ്ങൾ മനുഷ്യർ ഒന്നാണെന്നും അവരുടെ ഭൗതികമായ ആവശ്യങ്ങൾ സമാനമാണെന്നു വെളിപ്പെടുന്നതായും ഗുരു കണ്ടിരുന്നു. “ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ” ‘ജാതിനിർണയം’ കൃതിയിലെ വരികൾ അതാണ് വിളിച്ചോതുന്നത്. ആധുനിക രാഷ്ട്രീയ ‑സംസ്കാരിക വ്യവഹാരങ്ങളിൽ നിന്ന് മതാത്മകമായ ചിഹ്നങ്ങളേയും പ്രതീകങ്ങളേയും ശൈലികളേയും പുറത്താക്കിയ മതനിരപേക്ഷതാമൂല്യത്തിന്റെ വാക്താവാണ് ഗുരു. ആധുനിക സിവിൽ സമൂഹം അംഗീകരിച്ചിട്ടുള്ള തത്വങ്ങളുടെ പാതയിൽ സഞ്ചരിച്ച ചരിത്ര പുരുഷനാണ് അദ്ദേഹം. ‘മനുഷ്യൻ സാഹചര്യങ്ങളുടെ സൃഷ്ടിയാണെങ്കിൽ, ആ സാഹചര്യങ്ങളെ മാനവികമാക്കുകയാണ് മനുഷ്യരുടെ കടമയെന്ന’ മാർക്സിയൻ കാഴ്ചപ്പാടുകൾക്കൊപ്പം നിൽക്കുന്നു. 

നാരായണഗുരുവിനെ സനാതന ഹിന്ദു സന്യാസിയാക്കുവാൻ പാടുപെടുമ്പോൾ തന്നെ രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രമവും നടത്തുകയാണ് ചാതുർവർണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണ മേധാവിത്വത്തിന്റെ രാഷ്ട്രീയ വേദിയായ ആർഎസ്എസും സംഘപരിവാരങ്ങളും ചെയ്യുന്നത്. അവർ ഉയർത്തിപ്പിടിക്കുന്ന ഏക ദേശീയതയ്ക്കും മതരാഷ്ട്രവാദത്തിനും തീർത്തും എതിർദിശയിലാണ് ശ്രീനാരായണധർമ്മവും ഗുരുദർശനവും നിലകൊള്ളുന്നത്. അതിനാലാണ് സംഘപരിവാർ ശക്തികൾ നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം നാരായണഗുരുവിനെ നിരാകരിക്കുന്നതും തൽസ്ഥാനത്ത് ആദിശങ്കരനെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.