7 January 2025, Tuesday
KSFE Galaxy Chits Banner 2

പോരാട്ടത്തിന്റെ കരുത്തുമായി മുന്നോട്ട്

കെ. പി രാജേന്ദ്രൻ
ജനറൽ സെക്രട്ടറി, എഐടിയുസി
January 2, 2024 4:46 am

ഇരുപത് വർഷത്തിനുശേഷം എഐടിയുസി സംസ്ഥാന സമ്മേളനത്തിന് എറണാകുളം വീണ്ടും വേദിയാകുന്നു. ദീർഘകാലം കേരളത്തിൽ സംഘടനയെ നയിച്ച പ്രിയ സഖാവ് കാനം രാജേന്ദ്രന്റെ വേർപാടിന്റെ ദുഃഖവും വേദനയും നിറഞ്ഞുനിൽക്കുന്ന വേളയിൽ സഖാവ് നൽകിയ കരുത്തും ആത്മവിശ്വാസവും ഉയർത്തിപ്പിടിച്ചുകൊണ്ട് എഐടിയുസിയിൽ അഫിലിയേറ്റ് ചെയ്ത സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് 1400 ഓളം പ്രതിനിധികൾ നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 17-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുമ്പോൾ എടുത്ത തീരുമാനങ്ങളും, തുടർന്ന് നടത്തിയ ക്യാമ്പയിനുകളും പ്രക്ഷോഭങ്ങളും നൽകിയ പോരാട്ടത്തിന്റെ കരുത്തുമായാണ് സഖാക്കൾ ഒത്തുചേരുന്നത്.  കണ്ണൂർ സമ്മേളനത്തിന്റെ പ്രധാനതീരുമാനം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ്. പ്രത്യേകിച്ച് തൊഴിലാളി വിരുദ്ധ നിയമങ്ങളും നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെതിരെ കൂടുതൽ ഐക്യത്തോടെ ഒന്നിച്ച് അണിനിരക്കാനുള്ളതായിരുന്നു. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം തകർത്തുകൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഉജ്വല പണിമുടക്ക് സമരങ്ങളും 2023 ജനുവരി 30നും, ഒ‌ാഗസ്റ്റ് 24നും ഡൽഹിയിൽ ചേർന്ന കൺവെൻഷനുകളുടെ പ്രഖ്യാപനവും ഇതിൽ പ്രധാനമാണ്.
ജനുവരി 30ന് നടന്ന ട്രേഡ് യൂണിയൻ സംഘടനകളുടെ ദേശീയ കൺവെൻഷന്റെ തുടർച്ചയായി ഒ‌ാഗസ്റ്റ് 24ന് രാജ്യത്തെ മുഴുവൻ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ചേർന്ന് നൽകിയ ആഹ്വാനവും സന്ദേശവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. കർഷകവിരുദ്ധ നിയമങ്ങൾ സർക്കാരിനെക്കൊണ്ട് പിൻവലിപ്പിക്കാൻ കഴിഞ്ഞ ഐതിഹാസികമായ സമരത്തിലൂടെ കർഷകർ നേടിയ മഹത്തായ വിജയം സമര ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെ ഒന്നിപ്പിച്ചുള്ള ഈ പ്രക്ഷോഭം 2024ലെ തെരഞ്ഞെടുപ്പിൽ നേതൃത്വം നൽകുന്ന ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിൽ നിന്നു പുറന്തള്ളാനുള്ള ശക്തി സമാഹരിച്ചുകൊണ്ട് മുന്നേറുന്നു.  എല്ലാ പ്രതികൂല സാഹചര്യങ്ങളിലും, ആപത്ഘട്ടങ്ങളിലും സംസ്ഥാനത്തെ തൊഴിലാളികളെ ചേർത്തുപിടിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൂടുതൽ ജാഗ്രതയോടെ, തൊഴിലാളിപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്ന് മുഴുവൻ തൊഴിലാളികളും ആഗ്രഹിക്കുന്നു. പ്രളയവും ദുരന്തങ്ങളും, കോവിഡ് മഹാമാരിയുമെല്ലാം തരണം ചെയ്തു മുന്നേറുമ്പോൾ സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും ജനപക്ഷ നിലപാടുകൾക്കും വലിയ പിന്തുണ ലഭിക്കുന്നത് ഈ സാഹചര്യങ്ങൾ കൊണ്ടാണ്.
1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ കേരളവികസന മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ തൊഴിൽ മേഖലയ്ക്ക് നൽകിയ സംരക്ഷണവും വളർച്ചയും ഇതിൽ പ്രധാനമാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുകവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് വലിയൊരു മുന്നേറ്റത്തിനാണ് കേരള വികസന മാതൃക ഊന്നൽ കൊടുത്തത്. ഇതിനനുസൃതമായി തൊഴിലാളികളുടെ ജീവിതവും തൊഴിൽസാഹചര്യവും മെച്ചപ്പെടുത്താൻ കഴിയുംവിധം പല നിയമനിർമ്മാണങ്ങൾക്കും കേരളം സാക്ഷ്യംവഹിച്ചു. ഇതിൽ പ്രധാനം തൊഴിൽ സുരക്ഷിതത്വമാണ്. അന്തസോടും അഭിമാനത്തോടും ജോലിചെയ്യാനും മെച്ചപ്പെട്ട കൂലി ഉറപ്പുവരുത്താനുമുള്ള സാഹചര്യം സംസ്ഥാനത്തുണ്ടായി. ഗ്രാറ്റുവിറ്റി നിയമവും, ചെത്ത് തൊഴിലാളികൾക്ക് വേണ്ടി തുടങ്ങി സമസ്ത മേഖലകളിലും നടപ്പിലാക്കിയ തൊഴിലാളി ക്ഷേമനിധി നിയമങ്ങളും രൂപപ്പെട്ടത് ഈ അടിത്തറയിൽ നിന്നുകൊണ്ടാണ്. ഏറ്റവുമവസാനം ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി നിയമം രാജ്യത്ത് തന്നെ ആദ്യമാണ്. കയർ, കശുവണ്ടി, കൈത്തറി, കള്ള് ചെത്ത്, ബീഡി, ഓട്, മുള തുടങ്ങി തോട്ടം-മത്സ്യമേഖലയിലെല്ലാം ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും, ജീവിതസുരക്ഷയും ഉറപ്പുവരുത്താൻ കഴിഞ്ഞതിലൂടെ രാജ്യത്തിനും, ലോകത്തിനും മാതൃകയാകുന്നവിധം കേരളവികസന മാതൃക വളർന്നു.

ഇതുകൂടി വായിക്കൂ; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരാത്ത നഷ്ടം

കേന്ദ്രസർക്കാർ രാജ്യത്തെ സമ്പത്തുമുഴുവൻ വിറ്റഴിക്കാനും പൊതുമേഖലയെ സമ്പൂർണമായി സ്വകാര്യവല്‍ക്കരിക്കാനും കോർപറേറ്റ് സ്ഥാപനങ്ങളായി മാറ്റുന്നതിനുമാണ് ഊന്നൽ കൊടുക്കുന്നത്. നാഷണൽ മോണിറ്റൈഡേഷൻ പൈപ്പ് ലൈൻ പദ്ധതിയിലൂടെ വിറ്റഴിക്കൽ തകൃതിയായി നടപ്പിലാക്കിവരുന്നു. ഇതിന്റെ ഫലമായി കൂട്ടത്തോടെ തൊഴിലാളികൾ പിരിച്ചുവിടപ്പെടുന്നു. സ്ഥിരം തൊഴിൽ നഷ്ടപ്പെടുന്നു. വേതനവും, സാമൂഹ്യസുരക്ഷയുമെല്ലാം അവസാനിപ്പിക്കുന്നവിധം പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നു. തൊഴിൽ മേഖലയിൽ സംവരണം അവസാനിപ്പിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇടതുമുന്നണി സർക്കാർ തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ മുൻഗണനയും പരിഗണനയും നല്‍കണമെന്ന് എഐടിയുസി ആവശ്യപ്പെടുന്നത്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പൊതുഗതാഗതവും പൊതുവിതരണവും ശക്തിപ്പെടുത്തി ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും സഹായങ്ങളും നല്‍കണമെന്നും ആവശ്യപ്പെടുന്നത് എൽഡിഎഫ് സർക്കാരിലുള്ള വലിയ പ്രതീക്ഷ കൊണ്ടാണ്.
ഇന്ത്യയിൽ ആദ്യമായി തൊഴിലാളികൾക്ക് കുറഞ്ഞകൂലി പ്രതിദിനം 500 രൂപ പ്രഖ്യാപിച്ചത് കേരള സർക്കാരാണ്. ഇപ്പോൾ 700 രൂപയായി ഉയർത്താൻ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതും നിലവിലെ എൽഡിഎഫ് സർക്കാരാണ്. കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കോഡ് ഓൺ വേജ്, മിനിമം കൂലി തന്നെ അട്ടിമറിച്ചു. പുതിയ നിയമത്തിൽ തൊഴിലാളികൾക്ക് തറക്കൂലിയാണ് (ഫ്ലോർ വേജ്) പ്രഖ്യാപിച്ചത്. ദിവസ വേതനം വെറും 202 രൂപ മാത്രം. തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിൽ ഏറ്റവും പ്രധാനമാണ് സ്ഥിരപ്പെടുത്തൽ, 10 വർഷം തുടർച്ചയായി ജോലിയെടുത്തവരെ നിയമാനുസൃതം സ്ഥിരപ്പെടുത്താൻ കൈക്കൊണ്ട തീരുമാനവും അതിന്റെ ഭാഗമാണ്. എല്ലാ വിഭാഗം തൊഴിലാളികൾക്കും കുറഞ്ഞ പെൻഷൻ 1600 രൂപ നടപ്പിലാക്കിയത് തൊഴിലാളികളെ ചേർത്തുപിടിക്കുന്ന സർക്കാരായതുകൊണ്ടാണ്. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ, പൊതുമേഖലയെ സമ്പൂർണമായി സ്വകാര്യവല്‍ക്കരിക്കുന്ന പ്രവർത്തനങ്ങൾ, സ്ഥിരംതൊഴിൽ അവസാനിപ്പിക്കുന്ന നടപടികൾ, ഇഎസ്ഐ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളും അട്ടിമറിക്കുന്നവിധം നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്.


ഇതുകൂടി വായിക്കൂ;കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകദിനം


 

ഇതെല്ലാം ചർച്ചചെയ്തും, ഓരോ മേഖലയിലെ പ്രതിസന്ധികൾ തിരിച്ചറിഞ്ഞും തൊഴിലും ജീവിതവും സംരക്ഷിക്കാൻ നിരന്തരമായി ക്യാമ്പയിനുകളും പ്രക്ഷോഭവും എഐടിയുസിയുടെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞത് തൊഴിലാളികളില്‍ ആശ്വാസവും പ്രതീക്ഷയും ഉണ്ടാക്കി. പിന്നിട്ട നാളുകളിൽ എല്ലാ മേഖലകളിലും എഐടിയുസി നിരന്തരമായ സമരത്തിലായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും, സർക്കാർ ഓഫിസുകൾക്ക് മുന്നിലും, സ്ഥാപനങ്ങൾക്ക് മുന്നിലും തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ ഓരോ സമരവും പ്രാധാന്യമുള്ളതായിരുന്നു. ഏറ്റവും അവസാനം സ്കൂൾ പാചകത്തൊഴിലാളികൾ ഞങ്ങൾക്കും ജീവിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 27, 28, 29 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം വരെ. കേന്ദ്രസർക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലുറപ്പുതൊഴിലാളികളും, നിർമ്മാണത്തൊഴിലാളികളും നടത്തിയ സമരങ്ങളും തൊഴിൽ‑തൊഴിലാളി സംരക്ഷണം ലക്ഷ്യമിട്ടുള്ളവയായിരുന്നു.
സംസ്ഥാനത്തെ പൊതുമേഖലയ്ക്ക് തകർച്ച സംഭവിക്കരുത് എന്ന കാഴ്ചപ്പാടും പ്രതിബദ്ധതയും ഉള്ളതുകൊണ്ടാണ് പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തിൽ എൽഡിഎഫ് സർക്കാരിന് നയവ്യതിയാനം ഉണ്ടാകാൻ പാടില്ല എന്ന് എഐടിയുസി ശഠിക്കുന്നത്. അതിന്റെ ഭാഗമായാണ് കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിനുകളും സമരങ്ങളും നടത്തുന്നത്. തൊഴിലാളികളുടെ ജീവിത സംരക്ഷണത്തിന് ക്ഷേമനിധി ബോർഡുകളും, ലഭ്യമാക്കുന്ന ആനുകൂല്യങ്ങളും പ്രധാനമാണ്. ഇതിലേറ്റവും പ്രധാനമാണ് പെൻഷൻ. 1600 രൂപ പെൻഷൻ എല്ലാ മേഖലയിലുമുള്ള തൊഴിലാളികൾക്കും നടപ്പിലാക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണ്. മറ്റൊരു സംസ്ഥാനത്തും ഈ സംരക്ഷണവും കരുതലും ഇല്ല. പെൻഷൻ തുക കൃത്യമായി വിതരണം ചെയ്യണമെന്നും, വർധിപ്പിക്കണമെന്നുമാണ് എഐടിയുസി ആവശ്യപ്പെടുന്നത്. നിർമ്മാണ തൊഴിലാളി പെൻഷൻ 10 മാസത്തോളം കുടിശികയായപ്പോൾ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത് ഈ സംരക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്.
സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി 700 രൂപ എല്ലാ തൊഴിലാളികൾക്കും ഉറപ്പുവരുത്തുക, അർഹതയുള്ള മുഴുവൻ ദിവസവേതന, താല്‍ക്കാലിക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പെൻഷൻ സംരക്ഷിക്കുക, വേതനം കൃത്യമായി വിതരണം ചെയ്യുക, പ്രസവകാല ആനുകൂല്യം എല്ലാ സ്ത്രീതൊഴിലാളികൾക്കും ലഭ്യമാക്കുക, ജോലി സമയം കുറയ്ക്കുക, ഗ്രാറ്റുവിറ്റി തുക ഇരട്ടിയാക്കുക. പൊതുമേഖലയെ ശക്തിപ്പെടുത്തുക, പരമ്പരാഗത വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഐടിയുസി നേതൃത്വത്തിൽ നടന്നുവരുന്ന ക്യാമ്പയിനുകളും പ്രക്ഷോഭവും കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള ചർച്ചകളും തീരുമാനങ്ങളും എറണാകുളം സമ്മേളനം കൈക്കൊള്ളും.
സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികളും നീക്കങ്ങളും തൊഴിലാളികൾ തിരിച്ചറിയുന്നുണ്ട്. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായങ്ങളും വിഹിതവും നിഷേധിക്കുന്നതിലൂടെ ഭരണഘടനാവിരുദ്ധമായ കടുത്ത നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. ഈ ജനദ്രോഹ നയങ്ങൾക്കും നിയമങ്ങൾക്കും എതിരായ വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന്റെ പ്രസക്തി വർധിച്ചിരിക്കുന്നു. ഈ ബഹുജന പ്രക്ഷോഭത്തിന്റെ മുന്നിൽ നിൽക്കേണ്ടവരാണ് തൊഴിലാളികൾ എന്ന ഉത്തമബോധ്യം എഐടിയുസിക്കുണ്ട്. അതുകൊണ്ടുതന്നെ എറണാകുളത്തു നടക്കുന്ന 18-ാമത് സംസ്ഥാന സമ്മേളത്തിന്റെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പ്രാധാന്യമേറുന്നു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.