12 September 2024, Thursday
KSFE Galaxy Chits Banner 2

കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകദിനം

Janayugom Webdesk
December 31, 2023 5:00 am

1925 ഡിസംബർ 26ന് രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാണ്ടിന്റെ പൂർണതയിലേക്ക് അടുക്കുകയാണ്. 1920കളിൽ ബോംബെയിലെ തുണിമില്ലുകളിലും കൽക്കത്തയിലെ ചണ മില്ലുകളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉയർന്ന നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളും പണിമുടക്കുകളും സമരങ്ങളും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്(എഐടിയുസി) രൂപീകരണത്തിന് കാരണമായി. ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യത്തിനുള്ളിൽ വേരാഴ്ത്തിയ ചൂഷണ വ്യവസ്ഥിതിക്കെതിരെയും ലോകത്തിനുമേൽ വിരിച്ച സാമ്രാജ്യത്വത്തിന്റെ നീരാളിക്കൈകൾക്കെതിരെയും പോരാട്ടത്തിന് സംഘടന മുന്നിട്ടിറങ്ങി. ഇക്കാലയളവിലെ രാജ്യത്തെ വിപ്ലവകാരികളുടെ ഗ്രൂപ്പുകളെ പ്രവണതകളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിക്കാം. ഇതിലാദ്യത്തേത് യുദ്ധകാലത്തും യുദ്ധാനന്തര വർഷങ്ങളിലും അമേരിക്ക, ജർമ്മനി, അഫ്ഗാന്‍, തുർക്കി എന്നിവിടങ്ങളിൽ സജീവമായിരുന്ന വിഭാഗമാണ്. കാബൂളില്‍ “സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക സർക്കാർ” രൂപീകരിച്ച ഗ്രൂപ്പിലെ പ്രധാനികള്‍ ബെർലിനിൽ നിന്ന് പ്രവർത്തിച്ചിരുന്ന രാജ മഹേന്ദ്രപ്രതാപ്, വീരേന്ദ്രനാഥ് ചതോപാധ്യായ, എം ബറാകത്തുള്ള, എം പി ബി ടി ആചാര്യ, എം എൻ റോയ്, അബാനി മുഖർജി തുടങ്ങിയവരായിരുന്നു. യുദ്ധവേളയിൽ (1914–16) വിദേശത്തേക്ക് പോയ പാൻ‑ഇസ്ലാമിക് ഖിലാഫത്ത് പ്രസ്ഥാനത്തിൽ നിന്നുള്ളവരായിരുന്നു രണ്ടാമത്തെ വിഭാഗം. ഹിജറത്ത് പ്രസ്ഥാനത്തിൽ നിന്നും പിന്നീട് ഒക്ടോബർ വിപ്ലവത്താലും സ്വാധീനിക്കപ്പെട്ടവരാണീ വിഭാഗം. അവരിൽ മുഹമ്മദലി സെപാസി, റഹ്മത്ത് അലി ഖാൻ, ഫിറോസുദീൻ മൻസൂർ, അബ്ദുൾ മജീദ്, ഷൗക്കത്ത് ഉസ്മാനി എന്നിവരുൾപ്പെടുന്നു.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ദേശീയ പ്രസ്ഥാനവും


ദേശീയ വിപ്ലവകാരികളുടെ മൂന്നാമത്തെ ഗ്രൂപ്പ് യുദ്ധത്തിന് മുമ്പ് യുഎസിലെ സിഖുകാർക്കും പഞ്ചാബി കുടിയേറ്റ തൊഴിലാളികൾക്കും ഇടയിൽ സംഘടിപ്പിച്ച ഗദർ പാർട്ടിയിൽ നിന്നുള്ളവരായിരുന്നു. 1915ൽ അവർ നടത്തിയ വിപ്ലവ ശ്രമം പരാജയപ്പെട്ടു. നാഷണൽ കോൺഗ്രസ്, ഖിലാഫത്ത് പ്രസ്ഥാനം, രഹസ്യമായി പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടനകളും പാർട്ടികളും, ബബ്ബർ അകാലി പ്രസ്ഥാനം , നിസഹകരണ പ്ര സ്ഥാനം പിൻവലിച്ചതിനെത്തുടർന്ന് ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാതയിൽ തൊഴിലാളികളുടെയും കർഷകരുടെയും വർഗസംഘടനകളിൽ ചേർന്നവര്‍ എല്ലാം നാലാം വിഭാഗത്തിലുള്‍പ്പെടുന്നു.
മഹത്തായ ഒക്ടോബർ വിപ്ലവം പൂർണമാവുകയും പുതിയ സോവിയറ്റ് ഭരണകൂടം ഏഷ്യയിലെയും മറ്റിടങ്ങളിലെയും കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന പ്രസ്ഥാനങ്ങളിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യപോരാട്ടങ്ങളിലും വിപ്ലവ പ്രസ്ഥാനങ്ങളിലും ആഴത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത കാലമായിരുന്നു അത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പുതിയ പരിപാടികൾക്കും കൂടുതൽ ഫലപ്രദമായ മാർഗങ്ങൾക്കുമായി കവാടങ്ങൾ മലർക്കെ തുറന്നിട്ടു. സ്വാതന്ത്ര്യപോരാട്ടങ്ങളുടെ രീതികളും പരിപാടികളും വിപുലീകരിക്കുന്നതിനും വ്യത്യസ്ത ആശയങ്ങളുമായി നിലകൊണ്ടിരുന്ന എല്ലാവരെയും ഒരുമിപ്പിക്കുന്നതിനും സ്വാതന്ത്ര്യപോരാട്ട വഴികളിൽ കൂടുതൽ തെളിമയോടെ നീങ്ങാനുമുള്ള ശാസ്ത്രീയ മാർഗം കണ്ടെത്താനും ഇതുപകരിച്ചു.


ഇതുകൂടി വായിക്കൂ: കേരളത്തിലെ കലാരംഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയും


തൊഴിലാളിവർഗ അന്തർദേശീയതയുടെ വൈരുധ്യാത്മക ഐക്യത്തിലും ദേശസ്നേഹത്തിലുമാണ് സിപിഐ അതിന്റെ അടിത്തറ കെട്ടിയുയർത്തിയത്. ഈ രണ്ട് ധാരകളും പാർട്ടിക്കൊപ്പം തന്നെ വികസിച്ചു. ചൂഷണത്തിനെതിരായ പോരാട്ടത്തിനൊപ്പം സാമ്രാജ്യത്വവിരുദ്ധ ചിന്തയും സിപിഐയുടെ ഭാഗമായിരുന്നു. ഇത് തൊഴിലാളിവർഗത്തെയും കർഷകരെയും ഒരുപോലെ സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചു. ആദ്യകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപീകരിച്ചു. അതിനിടെ എസ് എ ഡാങ്കേ ഗാന്ധിയും ലെനിനും എന്ന പേരിൽ പുസ്തകം തയ്യാറാക്കി. സഖാവ് ലെനിൻ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. മദ്രാസില്‍ ജനകീയ ട്രേഡ് യൂണിയൻ നേതാവായി ഉയർന്ന ശിങ്കാരവേലു പെസന്റ്സ് ആന്റ് വർക്കേഴ്സ് പാർട്ടിയും രൂപീകരിച്ചിരുന്നു.
1922–25 കാലഘട്ടത്തിൽ പാർട്ടി രൂപീകരണത്തിന് വഴിയായ ഒട്ടനവധി സാഹചര്യങ്ങളുണ്ട്. 1922–24 കാലത്ത് പെഷവാറിൽ നടന്ന ഗൂഢാലോചനാ കേസുകൾ ഇതില്‍ പ്രധാനമാണ്. കമ്മ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾക്കായി നിയമപരവും വിശാലവുമായ ഒരു പാർട്ടി രൂപീകരിക്കേണ്ടതിന്റെയും ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ആശയങ്ങൾ ശാക്തീകരിക്കേണ്ടതിന്റെയും ആവശ്യമുയർന്നത് ബ്രിട്ടീഷ് ഭരണാധികാരികളെ അസ്വസ്ഥരാക്കി. തടയിടാൻ അവർ നേതൃത്വത്തെയും ബഹുജനങ്ങളെയും വേർപെടുത്താൻ പദ്ധതിയിട്ടു. 1924ലെ കാൺപൂർ ബോൾഷെവിക് ഗൂഢാലോചന കേസായിരുന്നു ഇതിന്റെ ആദ്യപടി. വൈകാതെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി 1925 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയെക്കുറിച്ചുള്ള പ്രമേയം അംഗീകരിച്ചു. 1925 ഡിസംബർ 26ന് പാര്‍ട്ടി രൂപീകരണ യോഗം സംഘടിപ്പിച്ചു. ഇതോടെ “പുതിയ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളാണ് വരുംവർഷങ്ങളിലെ യഥാർത്ഥ അപകടം” എന്നായി ബ്രിട്ടീഷ് നിലപാട്.


ഇതുകൂടി വായിക്കൂ: ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 80-ാം വാർഷികം


1925ൽ കാൺപൂരിൽ പാർട്ടി സമ്മേളനം നടന്നപ്പോൾ, പാർട്ടി ഭരണഘടനയ്ക്കൊപ്പം ഒരു ഹ്രസ്വ പരിപാടിയും അവതരിപ്പിച്ചു. കൽക്കത്ത, ബോംബെ, മദ്രാസ്, പഞ്ചാബ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് ആദ്യകാലം മുതൽ സജീവമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന എല്ലാ സഖാക്കളെയും ഒന്നിപ്പിക്കാൻ കഴിഞ്ഞു എന്നതായിരുന്നു സമ്മേളനത്തിന്റെ ഏറ്റവും തിളക്കമുള്ള കാര്യം. സമ്മേളനത്തില്‍ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 1929ൽ മീററ്റ് ഗൂഢാലോചനാ കേസിൽ എല്ലാ നേതാക്കളും അറസ്റ്റിലാകുന്നതുവരെ മാര്‍ഗദര്‍ശകമായി പ്രവർത്തിക്കാന്‍ എക്സിക്യൂട്ടീവിന് കഴിഞ്ഞു. നേതാക്കളുടെ അറസ്റ്റുകൾക്ക് തൊട്ടുമുമ്പ്, സാമ്രാജ്യത്വത്തിനെതിരെ പോരാടുകയും തൊഴിലാളിവർഗത്തെയും കർഷകരെയും സംഘടിപ്പിക്കുകയും ചെയ്യുകയെന്ന ദ്വിമുഖ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് പാര്‍ട്ടി പുതിയ തുടക്കം കുറിച്ചിരുന്നു. വലിയ തോതിലുള്ള ബഹുജനമുന്നേറ്റങ്ങളും സമരങ്ങളും കർഷക പോരാട്ടങ്ങളും ജനങ്ങളെ രാഷ്ട്രീയമായി ബോധവാന്മാരാക്കാൻ സഹായിച്ചു. രാജ്യത്തുടനീളം തൊഴിലാളികളുടെയും കർഷക പാർട്ടികളുടെയും നേതൃത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പരസ്യമായി പ്രവേശിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലും കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിച്ചു. ദേശീയ സമരമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് വിവിധവിഭാഗങ്ങളെ ചേര്‍ത്ത് ജനകീയമുന്നേറ്റമുണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ സംയോജനം വഴിതെളിച്ചു. ഈ തിരിച്ചറിവാണ് 1925ലെ കാൺപൂർ സമ്മേളനം പാർട്ടിയുടെ സ്ഥാപക ദിനമായി തീരുമാനിക്കാൻ 1959 ഓഗസ്റ്റ് 18ല്‍ പാർട്ടി നേതൃത്വത്തെ സഹായിച്ചത്. താഷ്‌കെന്റ് തീയതിയുടെ പ്രാധാന്യം കണക്കിലെടുത്തല്ല ഇത് ചെയ്തത് എന്നര്‍ത്ഥം. കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങാനും കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുമെന്ന് സ്ഥാപക സമ്മേളനം തീരുമാനിച്ചു. കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം പാര്‍ട്ടി യാത്ര തുടരുകയാണ്; അപ്പോഴും ലക്ഷ്യം അതേപടി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.