22 January 2026, Thursday

സകലരെയും കാണുന്ന ഭരണസംവിധാനം

ചരിത്രമായി മാറിയ നേട്ടങ്ങള്‍ — 2
സി ആർ ജോസ്‌പ്രകാശ്
November 28, 2025 4:55 am

വേദനയനുഭവിക്കുന്ന, ഒറ്റപ്പെട്ടുകഴിയുന്ന, പരസഹായം ആവശ്യമുളള സകലരെയും ഒരു ഭരണസംവിധാനം കാണുന്നു എന്നത് ചെറിയ കാര്യമല്ല. 75,000ലധികം വാേളണ്ടിയര്‍മാരാണ് സാന്ത്വന ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഒന്നര ലക്ഷത്തിലധികം കിടപ്പു രോഗികള്‍ക്ക് ഇവരുടെ സേവനം ലഭിക്കുന്നു. പരസഹായം ആവശ്യമുള്ള അഞ്ച് ലക്ഷത്തിലധികം പേര്‍ കേരളത്തിലുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം സേവനം ലഭിക്കുന്നുണ്ട്. വീടുകളിലെത്തി പ്രാഥമിക പരിശോധന നടത്തുന്ന, മരുന്നു നല്‍കുന്ന 26,000 ആശാപ്രവര്‍ത്തകരാണുള്ളത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. കുടുംബശ്രീ പ്രസ്ഥാനത്തില്‍ 48 ലക്ഷം അംഗങ്ങളാണുള്ളത്. ഇതിലെ 37,000ലേറെ പേര്‍ ‘ഹരിത കര്‍മ്മസേന’യില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയില്‍ 23 ശതമാനത്തിലധികം പേര്‍ വയോജനങ്ങളാണ്. അവരെ സംരക്ഷിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണെന്നും അതേറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് സമീപകാലത്താണ്. 

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷിഭൂമിയുടെ വിസ്തൃതിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും പരിമിതിക്കുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നടക്കുന്നുണ്ട്. 2026ല്‍ വളര്‍ച്ചനിരക്ക് 2.11% ആയിരുന്നെങ്കില്‍, ഇന്നത് 4.64% ആണ്. നെല്ല്, പച്ചക്കറി ഉല്പാദനം കൂടി. പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി. റബ്ബറിന്റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തി നിശ്ചയിച്ചത് ലക്ഷക്കണക്കിന് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി. പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നുവെന്നത് ഒട്ടും ചെറിയ സംഗതിയല്ല. ‘സഞ്ചരിക്കുന്ന മൃഗാശുപത്രി‘കള്‍ കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലാകെ സിവില്‍ സര്‍വീസ് തകര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ മാത്രം 10.52 ലക്ഷം സ്ഥിരം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലുമായി 34 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇവിടെ കഴിഞ്ഞ ഒമ്പതര വര്‍ഷങ്ങള്‍ക്കുള്ളില്‍ 3.02 ലക്ഷം നിയമനങ്ങളാണ് പിഎസ്‌സി വഴി നടന്നത്. ഇന്ത്യയിലാകെ നടക്കുന്ന സ്ഥിരം നിയമനങ്ങളില്‍ 62% നടക്കുന്നത് ഇവിടെയാണ്. ഈ കാലയളവില്‍ 40,000 തസ്തികകള്‍ സൃഷ്ടിച്ചു എന്നതും പ്രധാനമാണ്. 

എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാതയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ദേശീയപാത അതോറിട്ടിയാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രം, ഏറ്റെടുക്കുന്ന ഭൂമിയുടെ 25% തുക സംസ്ഥാനം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാശിപിടിച്ചു. ഒടുവില്‍ 5,580 കോടി രൂപ മുന്‍കൂര്‍ അടച്ചാണ് ദേശീയപാതാ വികസനം സാധ്യമാക്കിയത്. മലയോരപാത, തീരദേശപാത ഉള്‍പ്പെടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പൊതുമരാമത്തിന്റെ കീഴിലുള്ള 90% റോഡുകളും നല്ല നിലവാരത്തില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയപാതയുടെയടക്കം പണി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ കൂടുതല്‍ ശോഭനമായി മാറും.
‘ജനങ്ങള്‍ക്ക് ഇത്രയും സൗജന്യങ്ങള്‍ നല്‍കി മുന്നോട്ടുപോകാനുള്ള ശേഷി കേരളത്തിനുണ്ടോ?’ എന്ന സാമ്പത്തിക വിദഗ്ധരുടെ ചോദ്യം പ്രസക്തം തന്നെ. എന്നാല്‍ ഒരു സമൂഹത്തിന് പട്ടിണി കൂടാതെ ജീവിക്കാന്‍ ഇതാവശ്യമാണെങ്കില്‍ ഇതല്ലാതെ മറ്റു വഴികളില്ല. ഘട്ടംഘട്ടമായെങ്കിലും കുടുംബങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച്, സൗജന്യം നല്‍കുന്നതിലെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് ശാസ്ത്രീയമായ സമീപനം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നു. അന്ന് 18 മാസത്തെ കുടിശിക നല്‍കാതെയായിരുന്നു പടിയിറക്കം. 600 രൂപ പടിപടിയായി ഉയര്‍ത്തി, നവംബര്‍ മുതല്‍ അത് 2000 രൂപയാക്കി. മുന്‍ മാസത്തെ കുടിശിക അടക്കം 3,600 രൂപയാണ് അര്‍ഹതപ്പെട്ടവരുടെ കൈ­കളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ആകെ 97 ലക്ഷം കുടുംബങ്ങള്‍ ഉള്ള കേരളത്തില്‍, 62 ലക്ഷം പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 824 കോടി രൂപയാണ് ചെലവ്. ഒരു വര്‍ഷം 9,888 കോടി രൂപ. യുഡിഎഫ് സര്‍ക്കാര്‍ അ‍‍ഞ്ച് വര്‍ഷം കൊണ്ട് 9,000 കോടി രൂപ ഈ ആവശ്യത്തിന് ചെലവഴിച്ചെങ്കില്‍, കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 43,653 കോടി രൂപയാണ്. ഈ പദ്ധതി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വല്ലാതെ ബുദ്ധിമുട്ടും എന്ന കാര്യവും ഉറപ്പാണ്. ജിഎസ്‌ടി പരിഷ്കാരം കൂടി വന്നതിനുശേഷം, കേന്ദ്രസര്‍ക്കാരില്‍ സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതല്‍ ശക്തമായിട്ടും ഇതിനുവേണ്ടി കേന്ദ്രം നല്‍കുന്ന വിഹിതം പ്രതിമാസം 300 രൂപ വരെ മാത്രമാണ്. മാത്രമല്ല, കേവലം 5.88 ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം കിട്ടുന്നതും.
പട്ടികജാതി — പട്ടികവര്‍ഗ വിഭാഗത്തിലെ 100% കുടുംബങ്ങള്‍ക്കും ഭൂമി, വീട് എന്ന ലക്ഷ്യത്തിനടുത്ത് കേരളം എത്തിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമാകും. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ആസൂത്രിതമായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും ചികിത്സ എന്ന ലക്ഷ്യവും മിക്കവാറും സാധ്യമായി. കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ടിരിക്കുന്നു. പിഎസ്‌സി നിയമനങ്ങള്‍ കൃത്യമായി നടക്കുന്നതിനാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിരം നിയമനം പട്ടികജാതി പട്ടികവര്‍ഗത്തിന് ലഭിക്കുന്നത് കൊച്ചു കേരളത്തിലാണ്. എങ്കിലും പൊതുവായ സാമൂഹ്യസ്ഥിതിയില്‍, ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ ഇനിയും വരേണ്ടതുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഈ ലക്ഷ്യവും കൈവരിക്കാനാകുമെന്നാണ് മുഖ്യമന്ത്രി നവംബര്‍ ഒന്നിന് അറിയിച്ചത്.

ടൂറിസം രംഗത്തും കേരളം ന്നേറുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഈ രംഗം വലിയ തകര്‍ച്ചയിലായിരുന്നു. ആ സ്ഥിതിക്ക് മാറ്റം വന്നു. 2024ല്‍ രണ്ടേകാല്‍ കോടി ടൂറിസ്റ്റുകളാണ് എത്തിയത്. ഈ വര്‍ഷം ഇത് രണ്ടരക്കോടിയിലധികമായി മാറും.
വ്യവസായം വളരണമെങ്കില്‍ ആവശ്യത്തിന് ഭൂമി വേണം. അതില്ലാത്തത് നമ്മുടെ ഏറ്റവും വലിയ പരിമിതിയാണ്. എന്നാല്‍ ഈ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളെ ‘മഹത്തരം’ എന്നു തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. ടെക്നോപാര്‍ക്കുകളുടെ വളര്‍ച്ച അതിവേഗത്തിലാണ്. ഐടി രംഗത്തും എഐ രംഗത്തും നല്ല കുതിപ്പുകള്‍ സൃഷ്ടിക്കപ്പെടുന്നു. മൂന്നര ലക്ഷം സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചു. 23,000 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഏഴ് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ഒമ്പതര വര്‍ഷങ്ങള്‍ക്കുള്ളില്‍ 7,200ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു എന്നത് ചെറിയ കാര്യമല്ല. ഈ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത്.
‘പ്രാദേശിക സര്‍ക്കാരുകള്‍’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഒമ്പതര വര്‍ഷങ്ങള്‍ക്കുള്ളില്‍ 1.23 ലക്ഷം കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ളത്. ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന ആയിരക്കണക്കിന് പദ്ധതികളാണ് ഇതിനകം പൂര്‍ത്തിയായത്. സംസ്ഥാനത്തെ ഏതെങ്കിലുമൊരു ഗ്രാമപഞ്ചായത്തിന്റെ വികസന രേഖയെടുത്തു പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ഇക്കാര്യത്തില്‍ ഒരു വിവേചനവും ഉണ്ടായിട്ടില്ല എന്ന് യുഡിഎഫ് പോലും അംഗീകരിച്ചിട്ടുണ്ട്. ഈ മേഖലയിലെ ജനപ്രതിനിധികള്‍ 50 ശതമാനത്തിലധികം പേര്‍ സ്ത്രീകളാണെന്നത് എടുത്തുപറയേണ്ട സംഗതിയാണ്. 

മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രയാസങ്ങള്‍, ഇതരവിഭാഗങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഈ പ്രയാസങ്ങള്‍ കണ്ടെത്തി, പരിഹാര നടപടികള്‍ അതിവേഗത്തില്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. 15,494 കോടി രൂപയാണ് ഈ മേഖലയില്‍ ചെലവഴിച്ചത്. 468 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു. 6,000ത്തിലധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും എല്ലാ നിയന്ത്രണങ്ങള്‍ക്കിടയിലും സഹകരണ പ്രസ്ഥാനം കുതിപ്പ് തുടരുകയാണ്. അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം ഒട്ടും ചെറുതല്ല. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ, കേരള ബാങ്ക് സമൂഹത്തിനാകെ ആശ്വാസമായി മാറിയിട്ടുണ്ട്. ശുദ്ധജലമെത്തിക്കുന്നതിലും മികവുറ്റ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. 70 ലക്ഷത്തിലധികം ശുദ്ധജല കണക്ഷന്‍ കേരളത്തിലുണ്ട് എന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കായികരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണകരമായ മാറ്റങ്ങള്‍, വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. 35,00 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്നതാണ് പുതിയ ലക്ഷ്യം. 

സാംസ്കാരിക രംഗത്തിന് ഇത്രയും പ്രാധാന്യം കിട്ടിയ കാലം ഉണ്ടായിട്ടില്ല. കേരള ഗ്രന്ഥശാലാ പ്രസ്ഥാനം വെട്ടിത്തുറക്കുന്ന പുതിയ വഴികള്‍ നിരവധിയാണ്. എങ്കിലും ആഗ്രഹിക്കുന്ന രീതിയില്‍ വായനാശീലം വളരുന്നില്ല എന്നത് ഒരു പരിമിതിയാണ്. ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും കൂടി ഈ രംഗത്തെത്തിക്കുന്നതിനുള്ള തീവ്രപരിശ്രമം നടക്കുന്നുണ്ട്. സിനിമ, നാടകം, നാടന്‍ കലാരൂപങ്ങള്‍, സംഗീതം, നൃത്തം, കഥകളി ഈ രംഗങ്ങളിലെല്ലാം പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നുവരുന്നത്.
ഗെയില്‍‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, കേരളത്തിലെ സാഹചര്യത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത് സാധ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി നിലവില്‍വന്നു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വലിയ കരുത്താണ് ഈ പദ്ധതി കേരളത്തിന് പകര്‍ന്നുനല്‍കാന്‍ പോകുന്നത്. തലസ്ഥാനത്തിന്റെ വികസനത്തിനും ഇത് ഊര്‍ജമായി മാറും. കൊച്ചി മെട്രോ പുതിയ ഉയരങ്ങളില്‍ എത്തുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, തലസ്ഥാനത്തും മെട്രോ സംവിധാനം എത്തിച്ചേരും. കെ-ഫോണ്‍ പദ്ധതി ലക്ഷ്യത്തിലേക്കടുക്കുകയാണ്.
(അവസാനിക്കുന്നില്ല)

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.