5 April 2025, Saturday
KSFE Galaxy Chits Banner 2

മുന്നേറാൻ മറ്റൊരു പരീക്ഷാക്കാലം കൂടി

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
March 3, 2025 4:50 am

രീക്ഷകളുടെ കാലമാണ് മാർച്ച് മാസം. 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഇന്നും, 11-ാം ക്ലാസ് പരീക്ഷ മാർച്ച് ആറിനും ആരംഭിക്കുകയാണ്. മാർച്ച് അവസാന വാരത്തോടെ പരീക്ഷകൾ അവസാനിക്കും. ജീവിതത്തിലാദ്യമായി ഒരു പൊതുപരീക്ഷ എഴുതുന്നവരാണ് 10-ാം ക്ലാസിലെ കുട്ടികൾ. 10 വർഷത്തെ പൊതുവിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുവന്ന അവർ പഠനത്തിന്റെ ഭാഗമായാണ് ഈ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്നത്. 4,21,021 കട്ടികളാണ് ഇങ്ങനെ റെഗുലർ വിഭാഗത്തിലായി 10-ാം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന 1,42,298 കട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്നുമുള്ള 2,55,092 കുട്ടികളും അൺഎയ്ഡഡ് സ്കൂളിൽ നിന്നുമുള്ള 29,631 കുട്ടികളുമുണ്ട്. ഇവർക്കായി സംസ്ഥാനത്ത് 2,964, ലക്ഷദ്വീപിൽ ഒമ്പത്, ഗൾഫ് മേഖലയിൽ ഏഴ് വീതം കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

11-ാം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികൾ 4,13,417 ആണ്. 12-ാം ക്ലാസിൽ ഇത് 4,44,693 ആണ്. 11, 12 ക്ലാസുകളിലെ പരീക്ഷകൾക്കായി 2,000 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇതിൽ 1,981 എണ്ണം സംസ്ഥാനത്തിനകത്താണ്. ഗൾഫ്, ലക്ഷദ്വീപ്, പുതുച്ചേരിയുടെ ഭാഗമായ മാഹി ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്ത് 19 കേന്ദ്രങ്ങളിൽ പരീക്ഷകൾ നടക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 26,831 വിദ്യാർഥികൾ 11-ാം ക്ലാസിലും 26,372 വിദ്യാർത്ഥികൾ 12-ാം ക്ലാസിലും റെഗുലറായി പരീക്ഷ എഴുതുന്നു. കൂടാതെ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതുന്നവരുമുണ്ട്.
പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന സാമൂഹിക അന്തരീക്ഷമാണ് പൊതുസമൂഹം ഒരുക്കേണ്ടത്. പൊതുപരീക്ഷകളെ വളരെ ഗൗരവത്തോടെയാണ് ബഹുഭൂരിപക്ഷം കുട്ടികളും സമീപിക്കുന്നത്. 10 വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ കടന്നുവന്ന് ആദ്യത്തെ പൊതുപരീക്ഷ എഴുതുന്ന 10-ാം ക്ലാസിലെ കുട്ടികളിൽ അതിന്റേതായ കൗതുകവും അതിലുപരി സമ്മർദവും സ്വാഭാവികമായും ഉണ്ടാകും. ഈ സമ്മർദത്തെ വർധിപ്പിക്കാൻ ഇടയാക്കുന്ന കാര്യങ്ങളൊന്നും ഈ ഘട്ടത്തിൽ പൊതുസമൂഹത്തിന്റെയോ രക്ഷാകർതൃ-അധ്യാപക സമൂഹത്തിന്റെയോ ഭാഗത്തുനിന്നും ഉണ്ടാകാതെ നോക്കണം. നവമാധ്യമങ്ങളും അത് കൈകാര്യം ചെയ്യുന്നവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളിൽ മുന്നോട്ടുള്ള പ്രയാണത്തിൽ അവസാനവാക്കല്ല ഈ പരീക്ഷകളെന്ന് കുട്ടികളോടൊപ്പം മുതിർന്നവരും മനസിലാക്കണം. എങ്കിലും അതിന് അതിന്റേതായ സ്വാധീനമുണ്ട് എന്ന കാര്യം എല്ലാവരും ഓർക്കുന്നത് ഉചിതമാകും. 

കമ്പോളത്തിന് പ്രാധാന്യമുള്ള ലോകക്രമത്തിൽ മത്സരം സ്വാഭാവികമാണ്. ഈ മത്സരത്തിൽ നമ്മുടെ ഒരു കുട്ടിയും തളർന്നുപോകാതെ നോക്കാനുള്ള ഉത്തരവാദിത്തം സാമൂഹികമായി നമുക്കുണ്ട്. മുതിർന്നവരാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. പരീക്ഷകളിൽ കട്ടിക്കാലത്ത് ഏറെ മികവ് പുലർത്തിയവരും വേണ്ടത്ര മികവ് പുലർത്താത്തവരും ജീവിതത്തിൽ എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നത് നമ്മുടെയെല്ലാം ദൈനംദിന അനുഭവമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് വിദ്യാഭ്യാസമെന്നത് ജീവിതവിജയത്തിനുള്ള പലവിധ പ്രവർത്തനങ്ങളിൽ ഒരു ഘടകം മാത്രമാണ് എന്നതാണ്. അത് പ്രധാന ഘടകവും കൂടിയാണ്. കുട്ടികൾ നന്നായി പഠിക്കുകയും വിലയിരുത്തുന്ന ഘട്ടത്തിൽ അത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ ഇതാണ് അന്തിമമെന്ന നിലപാട് ആരും കൈക്കൊള്ളാതെ നോക്കുകയും വേണം. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ഒരു സാമൂഹികാന്തരീക്ഷം നമുക്കെല്ലാം ചേർന്ന് ഒരുക്കാം. കുട്ടികളോട് രണ്ട് വാക്ക്; നന്നായി തയ്യാറായി പരീക്ഷയെ അഭിമുഖീകരിക്കൂ, വിജയം നിങ്ങളോടൊപ്പമായിരിക്കും. പരീക്ഷകളെ ജീവിതയാത്രയുടെ ഭാഗമായി മാത്രം കണ്ടാൽ മതി. ജീവിതവിജയമാണ് പ്രധാനം. ഇതിനുള്ള പലവിധ പ്രവർത്തനങ്ങൾ നിങ്ങളെയെല്ലാം കാത്തിരിപ്പുണ്ട്. പരീക്ഷകളിലെ വിജയവും പരാജയവും എല്ലാം അഭിമുഖീകരിക്കുന്നതിനുള്ള സ്വയം സജ്ജമാക്കൽ പ്രക്രിയ കൂടിയാണ് വിദ്യാഭ്യാസം. ആത്മവിശ്വാസത്തോടെ വിലയിരുത്തലിന്റെ ഭാഗമാകാൻ കുഞ്ഞുങ്ങൾക്കെല്ലാം കഴിയട്ടെ എന്ന് ആശിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ. 

TOP NEWS

April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.