6 December 2025, Saturday

കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു കാപട്യം

അബ്ദുൾ ഗഫൂർ
August 30, 2025 4:45 am

വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ ബിജെപി സർക്കാർ ആരംഭിച്ചുകഴിഞ്ഞു. അതിലൊന്നായിരുന്നു ജൻവിശ്വാസ് രണ്ട് എന്ന പേരിലുള്ള പുതിയ ബിൽ. ഭരണഘടനയുടെ 130-ാം ഭേദഗതിയായി കൊണ്ടുവന്നിരിക്കുന്ന നിയമത്തെ പോലെതന്നെ വിശദീകരണത്തിന്റെ സ്വാഭാവികതകൊണ്ട് ജനപിന്തുണ ലഭിച്ചേക്കാവുന്നതാണ് ജൻവിശ്വാസ് രണ്ട്. കുറ്റം ചെയ്യുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ എന്താണ് തെറ്റെന്ന്, കേട്ടാൽ ശരിയെന്ന് തോന്നുന്ന ചോദ്യമാണ് 130-ാം ഭേദഗതിയെ സംബന്ധിച്ച ന്യായീകരണമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. അതിലെ അപകടം 11 വർഷത്തെ ബിജെപി ഭരണത്തിന്റെ അനുഭവങ്ങളിലൂടെ തെളിയിക്കാനാകുന്നതാണ്. അതുപോലെതന്നെയാണ് ജൻവിശ്വാസ് രണ്ട് സംബന്ധിച്ച ന്യായീകരണവും.

നമുക്ക് ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രസംഗഭാഗങ്ങൾ ഒന്നുകൂടി വായിക്കണം. നിയമങ്ങൾ കൂടുതൽ ജനാഭിമുഖ്യമുള്ളതായി പരിഷ്കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചെറിയ കാര്യങ്ങൾക്ക് പോലും ജനങ്ങളെ ജയിലിലാക്കുന്ന നിരവധി നിയമങ്ങളുണ്ടെന്ന് കേട്ടാൽ ഞെട്ടരുത്, അക്കാര്യം ഇതുവരെയാരും ശ്രദ്ധിച്ചിരുന്നില്ല, ഞാനക്കാര്യം പരിശോധിക്കുകയും രാജ്യത്തെ പൗരന്മാരെ ജയിലിടുന്ന അനാവശ്യനിയമങ്ങൾ ഇല്ലാതാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. നേരത്തെ അതിനുവേണ്ടിയുള്ള ഒരു ബിൽ അവതരിപ്പിച്ചിരുന്നു എന്നും വീണ്ടും കൊണ്ടുവരുമെന്നുമായിരുന്നു മോഡി അന്ന് പറഞ്ഞത്.
നിയമങ്ങൾ ജനങ്ങൾക്ക് ഭാരമാകുന്നതിനു പകരം ലഘൂകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ നൽകിയ സൂചന.
അതിന്റെ അടിസ്ഥാനത്തിൽ മൂന്നാംദിനം ഓഗസ്റ്റ് 18ന് ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. മെച്ചപ്പെട്ട ജീവിത സൗകര്യം, അധികാരഭാരം കുറയ്ക്കൽ, ഭരണത്തിലുള്ള വിശ്വാസം വർധിപ്പിക്കുക എന്നിവയാണ് പരിഷ്കരണത്തിന്റെ മുഖ്യ ലക്ഷ്യമെന്നാണ് ജന്‍വിശ്വാസ് (വ്യവസ്ഥകളിന്മേലുള്ള ഭേദഗതി) ‑2025 എന്ന പേരിൽ അവതരിപ്പിച്ച ബില്ലിന് നൽകിയ വിശദീകരണം. 2025 ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ സർക്കാർ ജന്‍വിശ്വാസ് രണ്ട് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത് ഓർക്കണം. ജന്‍വിശ്വാസിലൂടെ വിവിധ നിയമങ്ങളിലെ 100ലധികം വ്യവസ്ഥകൾ കുറ്റകൃത്യങ്ങളല്ലാതാക്കുമെന്നും അവർ പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് കുറ്റക്കാർക്ക് ഗുണവും ആർക്കാണോ യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമുള്ളത്, അവരുടെ അതായത് ഇരകളുടെ താല്പര്യങ്ങൾ അവഗണിക്കുന്നതുമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. 19 മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 42 കേന്ദ്ര നിയമങ്ങളിലെ 183 കുറ്റങ്ങളാണ് 2023ലെ നിയമത്തിലൂടെ ഒഴിവാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ ജീവിതവും വ്യാപാരവും കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രഖ്യാപിച്ചത്.

പാർലമെന്റിൽ അവതരിപ്പിച്ച ജന്‍വിശ്വാസ് രണ്ടിൽ 350 വ്യവസ്ഥകളും 36 കുറ്റങ്ങളുമാണ് കുറ്റകരമല്ലാതാക്കുന്നത്. ജനാധിപത്യ ഭരണക്രമത്തിന്റെ ആണിക്കല്ല് ജനങ്ങളിലും സ്ഥാപനങ്ങളിലുമുള്ള സർക്കാരിന്റെ വിശ്വാസമാണെന്നാണ് ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്ലിൽ ഉദ്ദേശ്യ ലക്ഷ്യങ്ങളായി പറഞ്ഞിട്ടുള്ളത്. കാലഹരണപ്പെട്ട നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ചങ്ങലകള്‍ വിശ്വാസക്കുറവിന് കാരണമാകുന്നു. കുറഞ്ഞ ഗവൺമെന്റ് പരമാവധി ഭരണം എന്ന തത്വം കൈവരിക്കാനുള്ള ശ്രമമാണിത്, രാജ്യത്തിന്റെ നിയമ, നിയന്ത്രണ ഘടനയെ ജീവിത സൗകര്യത്തിനും വ്യാപാരങ്ങളുടെ എളുപ്പത്തിനുമായി പുനർനിർവചിക്കുകയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. വ്യാപാരാന്തരീക്ഷത്തിന്റെയും വ്യക്തിപരമായ വിശ്വാസത്തിന്റെയും ഘടനയിൽ ഏറ്റവും വലിയ വിഘാതമാകുന്നത് ചെറിയ കുറ്റങ്ങൾക്കുപോലും ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന ഭയമാണെന്ന് ബിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് എംപിമാർക്ക് നൽകിയ കുറിപ്പിൽ പറയുന്നത് ജീവിതവും വ്യാപാരങ്ങളും എളുപ്പമാക്കുക മാത്രമല്ല, നീതിന്യായ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുക കൂടിയാണ് ലക്ഷ്യമിടുന്നതെന്നാണ്. കോടതികളെ സമീപിക്കാതെതന്നെ കോമ്പൗണ്ടിങ് രീതി, വിധിനിർണയം, നിർവഹണം എന്നിവയിലൂടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നത്, വ്യക്തികളെ ചെറിയ ലംഘനങ്ങളും വീഴ്ചകളും ഒഴിവാക്കാൻ പ്രാപ്തരാക്കും. ചിലപ്പോൾ അവർ അറിയാതെ ചെയ്യുന്ന വീഴ്ചകൾ പരിഹരിക്കാനും സമയം, ഊർജം, വിഭവങ്ങൾ എന്നിവ ലാഭിക്കാനും സഹായിക്കുമെന്നും വിശദീകരിക്കുന്നു. നീതിന്യായ വ്യവസ്ഥയ്ക്കുമേലുള്ള കടന്നുകയറ്റം കൂടി ഇതിലൂടെ സംജാതമാകുന്നു.

എന്നാൽ ആഴത്തിലുള്ള പരിശോധനയിൽ ഈ നിയന്ത്രണ നീക്കങ്ങളിൽ മഹാഭൂരിപക്ഷവും വ്യാപാരവും വ്യവസായവും നടത്തുന്നവർക്ക്, അല്ലെങ്കിൽ ഇടത്തരക്കാർക്ക് മാത്രം സഹായകമാകുന്നതാണ് കൂടുതലെന്ന് വ്യക്തമാകും. 1988ലെ മോട്ടോർവാഹന, 1934ലെ റിസർവ് ബാങ്ക്, 1948ലെ കേന്ദ്ര സിൽക്ക് ബോർഡ്, 1950ലെ റോഡ് ഗതാഗതം, 1953ലെ തേയില, 1961ലെ അപ്രന്റീസ്, 1953ലെ കയർ വ്യവസായം, 1957ലെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ, 1994ലെ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ, 2003ലെ വൈദ്യുതി, 1963ലെ ടെക്സ്റ്റൈൽ കമ്മിറ്റി നിയമങ്ങളിലെ നിരവധി വ്യവസ്ഥകളാണ് 2025ലെ ജൻവിശ്വാസ് ബില്ലിൽ ഭേഗദതി ചെയ്യുന്നത്. 1940ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് നിയമമെടുക്കുക. ആയുർവേദ, സിദ്ധ, യുനാനി എന്നിയിലെ ചില പ്രത്യേക മരുന്നുകളുടെ നിർമ്മാണവും വില്പനയും സംബന്ധിച്ച വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ആറ് മാസം തടവും 10,000 രൂപ പിഴയും ചുമത്താനുള്ള വ്യവസ്ഥ, ഭേദഗതിയിലൂടെ ജയിൽ ശിക്ഷ പൂർണമായും ഒഴിവാക്കി 30,000 രൂപ വരെ പിഴ ചുമത്താമെന്നാണ് മാറ്റിയിരിക്കുന്നത്. ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയമല്ല. മറിച്ച് മരുന്ന് വില്പനക്കാർക്ക് സഹായകമാകുന്നതും ജനങ്ങളെ സംബന്ധിച്ച് വിപരീതഫലമുണ്ടാക്കുന്നതുമാണ്.
മോട്ടോർ വാഹനം, അപ്രന്റീസ് ആക്ട്, ലീഗൽ മെട്രോളജി എന്നിവയുൾപ്പെടെ 10 നിയമങ്ങൾക്ക് കീഴിലുള്ള 76 കുറ്റകൃത്യങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും മെച്ചപ്പെടുത്താൻ നോട്ടീസ് നൽകുകയും ചെയ്താൽ മതിയെന്നാണ് നിര്‍ദേശം. ഇതിൽ മോട്ടോർവാഹന നിയമമൊഴികെ രണ്ടും സാധാരണക്കാരെ സഹായിക്കുന്നവയല്ല. മാത്രമല്ല ലീഗൽ മെട്രോളജി നിയമപ്രകാരം ചെയ്യുന്ന തെറ്റുകൾക്ക് മുന്നറിയിപ്പ് നൽകുന്നത് കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളെ അറിഞ്ഞുകൊണ്ട് വഞ്ചിക്കുന്നതിന് വ്യാപാരികളെ സഹായിക്കുന്നതുമാണ്.

മുൻ ബില്ലിനെപ്പോലെ, നിരവധി കുറ്റകൃത്യങ്ങൾക്ക് ചെറിയതോ സാങ്കേതികമോ നടപടിക്രമപരമോ ആയ വീഴ്ചകൾക്കുള്ള തടവ് വ്യവസ്ഥകൾ നീക്കം ചെയ്യുകയും പകരം പിഴകളോ മുന്നറിയിപ്പുകളോ നൽകുകയും ചെയ്യുന്നു. 2023ലെ വൈദ്യുതി നിയമപ്രകാരമുള്ള ഉത്തരവുകൾ പാലിക്കാത്തതിന് നിലവിലുള്ള മൂന്ന് മാസത്തെ തടവ് ഒഴിവാക്കുന്നുവെന്നത് ഗാർഹിക ഉപഭോക്താക്കൾക്ക് സഹായകമാണെന്ന് വാദത്തിന് സമ്മതിച്ചാൽത്തന്നെ അതിന്റെ പേരിൽ ഈ മേഖലയിലെ വലുതും ബോധപൂർവവുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന വന്‍കിടക്കാര്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടാകും. മറ്റൊരു നിർദേശം നമ്മുടെ ജനാധിപത്യ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണ്. പിഴകൾ യുക്തിസഹമാക്കാനുള്ള നിർദേശമാണത്. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഓരോ മൂന്ന് വർഷത്തിലും പിഴയിൽ 10% സ്വയമേവ വർധനവ് വരുത്തുകയാണ് നിർദേശം. നിയമനിർമ്മാണ സഭകളുടെ ഭേദഗതികളില്ലാതെ പിഴത്തുക സ്വാഭാവികമായി വർധിപ്പിക്കുകയാണ് ഇവിടെ. ഇതിലൂടെ നിയമനിർമ്മാണ സഭകളുടെ അധികാരത്തെയാണ് ഇല്ലാതാക്കുന്നത്. ഫലത്തിൽ എല്ലായ്പ്പോഴുമെന്നതുപോലെ സാധാരണക്കാരന്റെ പേരില്‍ വരുത്തുന്ന ഭേദഗതികളിലൂടെ സമ്പന്നരെയും വൻകിട വ്യാപാരികളെയും സഹായിക്കുകയാണ് ചെയ്യുന്നത്. സമ്പന്നരുടെയും വ്യാപാരി — വ്യവസായികളുടെയും ചൂഷണത്തിൽ നിന്ന് ദരിദ്രരെയും കർഷകരെയും തൊഴിലാളികളെയും സംരക്ഷിച്ചിരുന്ന നിയമ വ്യവസ്ഥകളാണ് പുതിയ നിയമപ്രകാരം കുറ്റകൃത്യങ്ങൾ അല്ലാതാക്കുന്നത്. കുറ്റവാളികൾക്ക് ജീവിതസൗകര്യം ചെയ്യുകയും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നതിലൂടെ ഇരകളുടെ സംരക്ഷണം അവഗണിക്കുന്നു.
അതേസമയം വിചാരണ പോലുമില്ലാതെ നൂറുകണക്കിന് പേരെ ജയിലിലിടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കാടൻനിയമങ്ങൾ സംബന്ധിച്ച് നിർദിഷ്ട ബില്ല് മൗനം പാലിക്കുകയാണ്. യുഎപിഎ, സുപ്രീം കോടതി പോലും പുനഃപരിശോധന നിർദേശിച്ച ദേശദ്രോഹനിയമം തുടങ്ങിയവ ചുമത്തി നിരവധി പേർ വർഷങ്ങളായി ജയിലിൽ കഴിയുമ്പോഴാണ് ഇത്തരം നടപടിയെന്നത് നരേന്ദ്ര മോഡിയുടെയും കേന്ദ്ര സർക്കാരിന്റെയും കാപട്യം തുറന്നുകാട്ടുന്നതാണ്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.