
1991ൽ ഇന്ത്യൻ ഭരണകൂടം നവലിബറൽ നയങ്ങളിലേക്ക് തിരിഞ്ഞത് രാജ്യത്തെ സാധാരണക്കാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികൾ ഉയർത്തി. ഈ നയങ്ങൾ, ശക്തമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളി അവകാശങ്ങൾ ആഗോള മൂലധനവും വൻകിട ഇന്ത്യൻ ബിസിനസുകാരുമായി ചേർന്ന് ഇല്ലാതാക്കുകയും സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുകയും കാർഷിക ദുരിതം വർധിപ്പിക്കുകയും ചെയ്തു. ഓഹരി വിറ്റഴിക്കൽ, വിദേശ മൂലധനാധിപത്യം, സാമൂഹിക സുരക്ഷയ്ക്കുമേലുള്ള ആക്രമണം എന്നിവയ്ക്കെതിരെ ദശലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി ഇടതുപക്ഷം ഏറ്റവും ശക്തമായ എതിർ ശബ്ദമായി ഉയർന്നുവന്നു. തൊഴിലാളിവർഗത്തിന്റെ ചരിത്രപ്രധാനമായ രാജ്യവ്യാപക പണിമുടക്കുകൾ, വൻ കർഷക പ്രക്ഷോഭങ്ങൾ, വർഗീയ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ ഇന്ത്യൻ ജനാധിപത്യത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായി ഇടതുപക്ഷം തുടരുന്നുവെന്ന് തെളിയിച്ചു. എങ്കിലും, ബഹുജനാടിത്തറയുടെ യഥാർത്ഥ ശക്തി പ്രതിഫലിപ്പിക്കാത്ത വിധം ഇടതുപക്ഷത്തിന്റെ പാർലമെന്ററി പ്രാതിനിധ്യം കുറയുകയും ബലഹീനമാണെന്ന പൊതുധാരണ സൃഷ്ടിക്കുകയും ചെയ്തു. ഇത്തരം വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടാണ് 1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് മുതൽ സിപിഐ സമഗ്ര ഇടതുപക്ഷ ഐക്യത്തിന്റെ പതാക നിരന്തരം ഉയർത്തിപ്പിടിച്ചത്. ആ ആഹ്വാനം പ്രാസംഗികമോ അല്ലെങ്കിൽ അവസരവാദപരമോ ആയിരുന്നില്ല. മറിച്ച് സ്വന്തം നാട്ടിൽ സഹിക്കേണ്ടിവന്ന ത്യാഗങ്ങളിലൂടെ പിറവിയെടുത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അനിശ്ചിത കാലത്തേക്ക് വിഭജിക്കപ്പെട്ടു നിൽക്കാനാകില്ലെന്ന ധാരണയിൽ വേരൂന്നിയതാണ്. ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി, സിപിഐ രാജ്യത്തെ ഇടതുപക്ഷ ശക്തികൾക്കിടയിൽ ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിച്ചുവരികയാണ്.
കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിന്റെ ഏകീകരണമാണ് ഇപ്പോഴത്തെ അവസ്ഥയെ നിർവചിക്കുന്നത്. ഒരുവശത്ത്, സമ്പത്തും വിഭവങ്ങളും ഏതാനും കുത്തകകളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നു. മറുവശത്ത്, എതിർപ്പിനെ നിശബ്ദമാക്കാൻ വർഗീയ വിദ്വേഷവും ആക്രമണോത്സുക ദേശീയതയും ആയുധമാക്കപ്പെടുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലമാകുകയും ഫെഡറൽ തത്വങ്ങൾ ഇല്ലാതാകുകയും, തൊഴിലാളി, കർഷക, വിദ്യാർത്ഥി, ന്യൂനപക്ഷ, മഹിളാ വിഭാഗങ്ങളുടെ ശബ്ദങ്ങൾ ആസൂത്രിതമായി അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം തന്നെ മാറ്റാനുള്ള വ്യവസ്ഥാപിത ശ്രമങ്ങളും ഫാസിസത്തിലേക്ക് നീക്കുന്നതിനുള്ള സമ്മർദങ്ങളും പ്രകടമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇടതുപക്ഷ ഐക്യത്തിനായുള്ള ആവശ്യം മുമ്പെന്നത്തേക്കാളും ശക്തമാകുന്നു. മുൻകാല ഭിന്നിപ്പുകളുടെ സാഹചര്യങ്ങളെ മറികടക്കുന്നതിനെക്കുറിച്ചല്ല, ഭരണവർഗ താല്പര്യങ്ങൾക്ക് മാത്രമേ അനൈക്യം ഉപകരിക്കൂ എന്ന സാഹചര്യത്തിൽ അതിജീവനത്തെയും പുരോഗതിയെയുമാണ് ഈ ആവശ്യത്തിലൂടെ അർത്ഥമാക്കുന്നത്. അതുകൊണ്ട് ഐക്യത്തിനായുള്ള ആവശ്യം സാഹചര്യങ്ങൾ നിർബന്ധിതമാക്കുന്നതാണ്. എല്ലാ ഇടതുപക്ഷ പാർട്ടികളും മാർക്സിസം ലെനിനിസമെന്ന പൊതു പ്രത്യയശാസ്ത്ര അടിത്തറയാണ് പങ്കിടുന്നത്. തൊഴിലാളിവർഗത്തോടും കർഷകരോടുമുള്ള പ്രതിബദ്ധത, സാമ്രാജ്യത്വം, വർഗീയത, ജാതീയമായ അടിച്ചമർത്തൽ എന്നിവയ്ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് എല്ലാത്തിന്റെയും മുഖമുദ്രയുമാണ്. സമീപനങ്ങളിൽ തന്ത്രപരമായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ആത്യന്തിക ലക്ഷ്യങ്ങൾ ഒന്നുതന്നെയാണ്. സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികൾ സമരം ചെയ്യുമ്പോൾ, കോർപറേറ്റ് ഭൂമി കയ്യേറ്റത്തിനെതിരെ കർഷകർ പ്രക്ഷോഭം നടത്തുമ്പോൾ, ഫീസ് വർധനവിനെയും തൊഴിലില്ലായ്മയെയും വിദ്യാർത്ഥികളും യുവാക്കളും എതിർക്കുമ്പോൾ, ഇടതുപക്ഷത്തിന്റെ ഏത് വിഭാഗമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്ന് അവർ ചോദിക്കുന്നില്ല. ഐക്യദാർഢ്യവും പിന്തുണയും തേടുകയാണ് അവർ ചെയ്യുന്നത്. വിഭാഗീയ തടസങ്ങൾ ഇല്ലാതെ ഒരു ഐക്യമുന്നണി ഉയർത്തിപ്പിടിച്ചുകൊണ്ട് കൃത്യമായി അത് നൽകുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. അത്തരമൊരു ഐക്യം തെരഞ്ഞെടുപ്പ് സഖ്യങ്ങളിൽ — അവയ്ക്കും പ്രാധാന്യമുണ്ടെങ്കിലും — മാത്രം ഒതുക്കി നിർത്താൻ കഴിയില്ല, ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കേണ്ടത് ബഹുജന സമരങ്ങളിലും സംയുക്ത പ്രചാരണങ്ങളിലും, ഭരണശക്തികളുടെ പ്രചാരണത്തിനെതിരായ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലുമാണ്. തൊഴിലാളി യൂണിയനുകൾ, കർഷക — കർഷകത്തൊഴിലാളി സംഘടനകൾ, വനിതാ പ്രസ്ഥാനങ്ങൾ, വിദ്യാർത്ഥി, യുവജന ഫെഡറേഷനുകൾ തുടങ്ങിയ വർഗ സംഘടനകളുടെ ശക്തി പുനരുജ്ജീവിപ്പിക്കാൻ ഐക്യ ഇടതുപക്ഷത്തിന് സാധിക്കും. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ സ്വാധീനം വർധിപ്പിക്കാനും നേട്ടങ്ങൾ ഏകീകരിക്കാന്‍ സാധിക്കുകയും ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, ജാതീയ അതിക്രമങ്ങൾ, ലിംഗപരമായ കടന്നാക്രമണങ്ങൾ, പരിസ്ഥിതി നാശം എന്നിവയ്ക്കെതിരായ പൊതുവായ പോരാട്ടങ്ങൾക്ക് തെരഞ്ഞെടുപ്പ് ഗണിതത്തിന്റെ കണക്കുകൂട്ടലുകൾക്കപ്പുറമുള്ള ഐക്യദാർഢ്യ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയും.
അത്തരമൊരു ഏകീകൃത സമീപനത്തിന്റെ രൂപരേഖ വ്യക്തമാണ്. ഒന്നാമത്, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ സംയുക്ത പ്രവര്‍ത്തനങ്ങള്‍ — പൊതുമേഖലാ യൂണിറ്റുകളുടെ സംരക്ഷണം, വിദ്യാഭ്യാസ ആരോഗ്യ രംഗത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരായ പ്രചാരണങ്ങൾ, ഭൂമിക്കും വേതനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ, വർഗീയ ധ്രുവീകരണത്തിനെതിരായ പ്രസ്ഥാനങ്ങൾ. രണ്ടാമത്, ഭരണവർഗത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ചെറുക്കുന്നതിനും ഇന്ത്യൻ സാഹചര്യങ്ങളിൽ വേരൂന്നിയ സോഷ്യലിസ്റ്റ് ബദൽ മുന്നോട്ട് വയ്ക്കുന്നതിനുമുള്ള കൂട്ടായ പ്രത്യയശാസ്ത്ര പ്രവർത്തനം. മൂന്നാമത്, രാജ്യത്തുടനീളമുള്ള പുരോഗമന ശക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഇടതുപക്ഷത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയുന്ന വിശാല ജനാധിപത്യ, മതേതര ശക്തികളുടെ യോജിപ്പിന്റെ പുനരുജ്ജീവനം. മാവോയിസ്റ്റ് ഗ്രൂപ്പുകളോട് അവരുടെ സായുധപോരാട്ട പാത പുനഃപരിശോധിക്കാനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ ചേരാനും സിപിഐ 25-ാമത് കോൺഗ്രസിനായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ, ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിച്ചിട്ടുണ്ട്. അങ്ങനെയായാൽ എല്ലാ ഊർജങ്ങളും ജനതാല്പര്യത്തിനായി ഏകീകൃത ബഹുജന പ്രവർത്തനത്തിലേക്ക് നയിക്കപ്പെടും.
ഇന്ത്യൻ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികവും സിപിഐ 25-ാം പാർട്ടി കോൺഗ്രസും ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിക്കാനും മുന്നോട്ടുള്ള പാത രൂപപ്പെടുത്താനുമുള്ള അവസരമൊരുക്കുന്നു. പ്രസ്ഥാനത്തിന് എത്രത്തോളം ഉയരാൻ കഴിയുമെന്നും ഭിന്നിക്കപ്പെടുമ്പോൾ നേരിടേണ്ടിവരുന്ന തിരിച്ചടികൾ എന്തൊക്കെയാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവങ്ങൾ തെളിയിക്കുന്നു. അതിനാൽ നമ്മുടെ നിലപാടിന്റെ അടിത്തറ വ്യക്തമായിരിക്കണം. തത്വാധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. പരിപാടി സംബന്ധമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ വിശാലമായ ചര്‍ച്ചകളിൽ ഏർപ്പെടണം, നമ്മെ ഒന്നിപ്പിക്കുന്നത്, ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണെന്ന് തിരിച്ചറിയുകയും വേണം. ചരിത്രം കാണിക്കുന്നത് രാജ്യം ഏറ്റവും ഗുരുതരമായ വെല്ലുവിളികൾ നേരിട്ട അവസരങ്ങളിലെല്ലാം ഇന്ത്യയിലെ ഇടതുപക്ഷം എല്ലായ്‌പ്പോഴും നിർണായക നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ്. സ്വാതന്ത്ര്യസമരകാലത്തും അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനില്‍പ്പിലും നവലിബറൽ ആക്രമണത്തിന്റെ തിരമാലകളിലും കമ്മ്യൂണിസ്റ്റുകാർ ജനങ്ങളോടൊപ്പം നിലകൊണ്ടു. ഇന്ന് ജനാധിപത്യം തന്നെ ഭീഷണിയിലായിരിക്കുമ്പോൾ, ഇടതുപക്ഷത്തിന് ഛിന്നഭിന്നമായി തുടരാൻ കഴിയില്ല. ഐക്യം ഒരു ആഡംബരമല്ല; അത് അതിജീവനത്തിനും പുരോഗതിക്കും ആവശ്യമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ജനാധിപത്യത്തിന്റെ സംരക്ഷകരാകാനും സോഷ്യലിസത്തിന്റെ ദീപശിഖ വഹിക്കാനും കഴിയുന്ന ഒരു ഐക്യ ഇടതുപക്ഷത്തെ ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നു, അത്തരം ഐക്യത്തിനുള്ള സമയമായിരിക്കുന്നു.
(അവസാനിക്കുന്നു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.