7 January 2025, Tuesday
KSFE Galaxy Chits Banner 2

ബില്‍ക്കീസ് ബാനു; വെറുമൊരു ബലാത്സംഗ കേസല്ല

ഗീതാ നസീര്‍
January 16, 2024 4:31 am

‘എന്റെ അമ്മയെ അവര്‍ കൊന്നതാണ്. ഞാന്‍ ആ മുഖങ്ങള്‍ കണ്ടതാണ്. ഓരോ രാത്രിയും ആ മുഖങ്ങള്‍ കണ്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരാറുണ്ട്. പേടിച്ച് കരയാറുണ്ട്’ — ഇതൊരു ദൃക്‌സാക്ഷി മൊഴിയാണ്. ഈ മൊഴി നല്‍കിയ ആള്‍ക്ക് അന്ന് 12 വയസ് മാത്രം. ഇങ്ങനെ ഒരു മൊഴി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മുമ്പില്‍ ചരിത്രത്തിലാദ്യമായാണ് വരുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന അതിക്രൂര അതിക്രമങ്ങളെ വലിയൊരു വഴിത്തിരിവിലേക്ക് നയിച്ചതും ഈ മൊഴിയാണ്. ബില്‍ക്കീസ് ബാനു കേസ് രാജ്യശ്രദ്ധയിലേക്ക് എത്തിപ്പെട്ടതിന് കാരണമായ മൊഴിയും ഇതുതന്നെ.
ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ 2002 മാര്‍ച്ച് മൂന്നിന് കലാപകാരികള്‍ ബില്‍ക്കീസ് അടക്കമുള്ള സ്ത്രീകള്‍ക്കുനേരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ വെറും ഏഴു വയസ് മാത്രമായിരുന്നു സാക്ഷിയുടെ പ്രായം. ആ കുഞ്ഞുമനസില്‍ പതിഞ്ഞ ക്രൂരതകള്‍ ഇന്നും ഈ 28 വയസുകാരനെ വേട്ടയാടുന്നു.
ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വംശീയോന്മൂലന കലാപത്തില്‍ മൂവായിരത്തില്‍പ്പരം മുസ്ലിം ജനവിഭാഗത്തെ കൊന്നൊടുക്കുകയുണ്ടായി. രാജ്യവും ജനങ്ങളും തരിച്ചുനിന്ന ശപിക്കപ്പെട്ട ദിവസങ്ങളില്‍ ആ കലാപഭൂമിയിലേക്ക് ആദ്യം കടന്നുചെല്ലുന്നത് ഒരു സ്വതന്ത്ര അന്വേഷണ സംഘമാണ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പ്രൊഫ. ഡോ. കമല്‍മിത്ര ചിനോയ്, പ്ലാനിങ് കമ്മിഷന്‍ മുന്‍ അംഗം എസ് പി ശുക്ല ഐഎഎസ്, ത്രിപുരയിലെ ഡിജിപിയായിരുന്ന കെ എസ് സുബ്രഹ്മണ്യന്‍, ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിസിറ്റിങ് പ്രൊഫസര്‍ അചിന്‍ വാണിക് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

 


ഇതുകൂടി വായിക്കൂ; തെറ്റ് തിരുത്തുന്ന സുപ്രീം കോടതി വിധി


കരി‍ഞ്ഞ മാംസത്തിന്റെയും പച്ചച്ചോരയുടെയും ദുര്‍ഗന്ധം അപ്പോഴും ഗോധ്രയിലും അഹമ്മദാബാദിലും വമിക്കുന്നുണ്ടായിരുന്നു. മനുഷ്യക്കുരുതിയുടെ നടുക്കുന്ന കാഴ്ചകളും ദൃക്‌സാക്ഷി മൊഴികളും വസ്തുനിഷ്ഠമായി ആ സംഘം ശേഖരിച്ചു. ഈ റിപ്പോര്‍ട്ട് അടക്കം നിരവധി കണ്ടെത്തലുകള്‍ ഉണ്ടായെങ്കിലും ഗുജറാത്ത് ഭരിക്കുന്ന ബിജെപിയും മോഡിയും അവയെയെല്ലാം അട്ടിമറിച്ചുകൊണ്ട് ആ കലാപത്തെ തേച്ചുമായ്ച്ച് കളയുന്നതിനുവേണ്ടി പിന്നീട് നടത്തിയ കള്ളക്കളികളും അടവുകളും രാജ്യം കണ്ടതാണ്. കലാപത്തില്‍ മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ കോടതിയില്‍പ്പോലും വിജയിക്കാന്‍ രാജ്യത്തെ മനുഷ്യസ്നേഹികള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. മൊഴി നല്‍കാന്‍ ധീരത കാണിച്ചവര്‍ കൊലചെയ്യപ്പെട്ടു. ജസ്റ്റിസ് ലോയയുടെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സംശയങ്ങളും അന്വേഷണങ്ങളും മോഡിയെയും അമിത് ഷായെയും സമ്മര്‍ദത്തിലാക്കുന്നുണ്ടെന്ന് അന്നുതന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഗുജറാത്ത് കലാപകാലത്ത് റവന്യു മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണങ്ങള്‍ സൊഹ്‌റാബുദീന്‍ ഷേഖിന്റെ കൊലപാതകത്തില്‍ എത്തിയതോടെ അമിത് ഷായും കൂട്ടരും കടുത്ത പ്രതിരോധത്തിലായി. ആ അന്വേഷണം ഏറ്റെടുത്ത ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. ഗുജറാത്ത് കലാപകാലത്ത് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട്, അന്നത്തെ പൊലീസ് മേധാവി ആര്‍ ബി ശ്രീകുമാര്‍ ഇവരുടെയൊക്കെ മൊഴികളും പോരാട്ടവും എങ്ങുമെത്താതെ പരാജയപ്പെട്ടു. മറ്റൊരു കൊലപാതകക്കേസില്‍ കുടുക്കി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ നല്‍കി നിസഹായനാക്കി. ഗുജറാത്ത് കലാപം അന്വേഷിക്കുന്ന നാനാവതി കമ്മിഷനെ നിയോഗിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോഡി തന്നെയാണ്. കമ്മിഷന്‍, മോഡിക്കും കൂട്ടര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തരാക്കി.


ഇതുകൂടി വായിക്കൂ;  ബില്‍ക്കീസ് ബാനു കേസ് തുടരേണ്ടിവരുമോ?


 

എന്നാല്‍ സത്യത്തെ മുറംകൊണ്ട് മറയ്ക്കാനാവില്ലെന്ന് രാജ്യത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഗുജറാത്ത് കലാപത്തിന്റെ ക്രൂരഹിംസയ്ക്ക് ഇരയാക്കപ്പെട്ട ബില്‍ക്കീസ് ബാനു കേസ് ഉയര്‍ന്നുവന്നത്. ഇതൊരു വെറും ബലാത്സംഗക്കേസ് മാത്രമല്ല. രാജ്യം ഇന്നെത്തിനില്‍ക്കുന്ന വര്‍ഗീയ ഫാസിസത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടികൂടിയാണ്. ഇത് തേച്ചുമായ്ച്ചു കളയാന്‍ മോഡിയും അമിത് ഷായും കഠിന പ്രയത്നം ചെയ്യുന്തോറും സത്യം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. വര്‍ഗീയ വിഷം ചീറ്റി ഫാസിസം ഇന്ന് പത്തിവിടര്‍ത്തി ആടാന്‍ കഴിയുന്നത്ര ശക്തി സംഭരിച്ചിട്ടുപോലും മനുഷ്യത്വവും സ്നേഹവും തലയുയര്‍ത്തിവരുന്നത് പ്രതീക്ഷ തരുന്ന കാഴ്ചയാണ്. ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടത്തിനൊപ്പം രാജ്യത്തെ സ്ത്രീകളും സ്ത്രീസംഘടനകളുമുണ്ട്. എന്നാല്‍ അതിനപ്പുറം ഈ പ്രശ്നം ഏറ്റെടുക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികളും ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. അതിനാവശ്യം ബില്‍ക്കീസ് ബാനു കേസ് എന്താണെന്ന തിരിച്ചറിവാണ്.
2002ല്‍ ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ക്കീസും കുടുംബവും ദാഹോദ് ജില്ലയിലെ തങ്ങളുടെ ഗ്രാമമായ രാധിക് പൂരില്‍ നിന്നും ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്തു. അന്ന് മൂന്നര വയസുള്ള മകള്‍ സലീഹയും കുടുംബത്തിലെ മറ്റ് 15പേരും കൂടെ ഉണ്ടായിരുന്നു. ചപ്പര്‍വാഡ് ഗ്രാമത്തിലെത്തിയപ്പോഴേക്കും അരിവാള്‍, വടിവാള്‍ ഒക്കെയായി ആയുധധാരികളായ മുപ്പതോളം പേര്‍ അവര്‍ക്കുമേല്‍ ചാടിവീണ് അക്രമം തുടങ്ങി. തന്റെ മൂന്നര വയസുള്ള കുഞ്ഞിനെ അവര്‍ നിഷ്ഠുരം കൊന്നുകളഞ്ഞു. പിന്നീട് ബില്‍ക്കീസിനെയും അമ്മയെയും മറ്റ് മൂന്ന് സ്ത്രീകളെയും കൂട്ട ബലാത്സംഗം ചെയ്തു. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കീസിന് പ്രായം 21. അവള്‍ അഞ്ചുമാസം ഗര്‍ഭിണിയുമായിരുന്നു. എല്ലാവരും മരിച്ചെന്നു കരുതി മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് അക്രമികള്‍ പോയി. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് ബോധം തെളിയുമ്പോള്‍ ബില്‍ക്കീസ് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. കഴുത്തറത്ത് മാറ്റപ്പെട്ട ഉറ്റവരുടെ മൃതദേഹത്തിനരികില്‍ കൊലചെയ്യപ്പെട്ട പിഞ്ചോമനകള്‍. പൂര്‍ണ നഗ്നരായി ചോര വാര്‍ന്ന് മരിച്ചുകിടക്കുന്ന അമ്മയും സഹോദരിമാരും. ഞരക്കം മാത്രമുള്ള ഒരു പുരുഷനും ആണ്‍കുട്ടിയും ബില്‍ക്കീസും ഒരു ആദിവാസിയുടെ സഹായത്തോടെ ജീവന്‍ തിരിച്ചുപിടിച്ചു. എന്തായിരുന്നു ഈ കുടുംബം ചെയ്ത കുറ്റം. വര്‍ഗീയ ഭ്രാന്തുകൊണ്ട് അഴിഞ്ഞാടുന്ന ബിജെപി, ബജ്‌റംഗ‌്ദള്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാ ഒത്താശയും നല്‍കിയ മോഡി ഭരണം ആസൂത്രണം ചെയ്ത മുസ്ലിം വംശഹത്യയായിരുന്നു അത്. ജീവന്‍ ഭയന്ന് നിശബ്ദമാക്കപ്പെട്ട ജനതയെ അപ്പോഴേക്കും അവര്‍ വാര്‍ത്തുകഴിഞ്ഞിരുന്നു.

 


ഇതുകൂടി വായിക്കൂ;  ബില്‍ക്കീസ് ബാനു ഒരു മുന്നറിയിപ്പാണ് | JANAYUGOM EDITORIAL


 

വരാന്‍ പോകുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ഒരു സാമ്പിള്‍ ആണ് ഗുജറാത്തില്‍ 2002ല്‍ അരങ്ങേറിയത്. എന്നാല്‍ സര്‍വവും നഷ്ടപ്പെട്ട ബില്‍ക്കീസ് അടങ്ങിയിരുന്നില്ല. അവര്‍ കോടതിയിലെത്തി. ഒപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരും കൈകോര്‍ത്തു. ആ നിയമയുദ്ധം ഇന്ത്യയുടെ മതേതര സംരക്ഷണ പോരാട്ടത്തിലെ സുപ്രധാന ഏടാണെന്ന് രാജ്യം തിരിച്ചറിയേണ്ടതുണ്ട്. ആദ്യം വിചാരണ ആരംഭിച്ചത് ഗുജറാത്ത് ഹൈക്കോടതിയിലായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കി വിചാരണ മാഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ബില്‍ക്കീസും ഒപ്പം നിന്നവരും ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. അന്ന് ഏഴു വയസുണ്ടായിരുന്ന അവശേഷിച്ച ആണ്‍കുട്ടിയുടെ മൊഴിയടക്കം പഴുതടച്ച അന്വേഷണവും വിചാരണയും കേസില്‍ ഉള്‍പ്പെട്ട 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതിലേക്ക് എത്തിച്ചു. രാധേശ്യാം ഷാ, ജസ്വന്ത് നയ്, ഗോവിന്ദ് നയ്, കേസര്‍ വൊഹാനിയ, ബക വൊഹാനിയ, രാജുസോനി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, പ്രദീപ് മോധിയ, മീറ്റേഷ് ഭട്ട് എന്നീ 11 പേരുകള്‍ ഒരു മനുഷ്യസ്നേഹിയും മറക്കരുത്.
ബോംബെ ഹൈക്കോടതി വിധി മറികടന്ന് ഈ കുറ്റവാളികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി തയ്യാറായ സംഭവം നിയമചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ആ വിധിക്കെതിരെ സുപ്രീം കോടതി ശക്തമായ ഭാഷയില്‍ ശാസിച്ചുകൊണ്ട് കുറ്റവാളികളെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടതാണ് ബില്‍ക്കീസ് ബാനു കേസിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. പ്രതികള്‍ എവിടെയെന്ന് ഇനി അന്വേഷിക്കേണ്ടതുണ്ട്. ജയില്‍ മോചിതരാക്കി അവരെ മാലയിട്ട് സ്വീകരിച്ച ബിജെപി ബജ്‌‌റംഗദള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവരെ സംരക്ഷിക്കാന്‍ ഭരണകൂട പിന്തുണ ലഭ്യമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗുജറാത്ത് കലാപം ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനും അധികാരത്തിന്റെ സിംഹാസനത്തിലേക്ക് ആര്‍പ്പുവിളികളോടെ വീണ്ടുംവീണ്ടും കുതിക്കാനും ശ്രമിക്കുന്ന മോഡിക്കും അമിത് ഷായ്ക്കും കൂട്ടര്‍ക്കും ബില്‍ക്കീസ് ബാനു തന്റെ നിയമപോരാട്ടത്തിലൂടെ നല്‍കിയ താക്കീത് ചെറുതല്ല. തന്നോട് വര്‍ഗീയ ഭ്രാന്തന്മാര്‍ കാട്ടിയ ക്രൂരതകള്‍ക്ക് ഗുജറാത്ത് ഭരണകൂടം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമ്പോള്‍ അവര്‍ സ്വയം കുറ്റം സമ്മതിക്കുകയാണ്. അതെ, ഗുജറാത്ത് കലാപം നടന്നിട്ടുണ്ട്. അതില്‍ ഭരണകൂടത്തിന് പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു വെറും ബലാത്സംഗ കേസല്ല. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ പ്രശ്നമാണ്. ഇത് ഇന്ത്യന്‍ പൗരന്മാര്‍ ഇനിയും നേരിട്ടേക്കാവുന്ന ഭീഷണിയാണ്, നമുക്കിത് തടയണം.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.